എന്നെ പിന്തുണയ്ക്കുന്നവരെ ഞാനും പിന്തുണയ്ക്കും… കോൺഗ്രസിൽ ഒരു സതീശൻ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ട്, ഒരു പ്രത്യേക ആളുടെ പേര് പറഞ്ഞിട്ടില്ല, പ്രവർത്തകരുടെ വികാരംകൂടി തൊട്ടറിഞ്ഞായിരിക്കണം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത്, ഇവിടെ മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കട്ടെ, പേര് വരുമ്പോൾ പ്രതികരിക്കാം- കെ സുധാകരൻ

തിരുവനന്തപുരം: വി.ഡി. സതീശനെതിരേ കെ. സുധാകരൻ വീണ്ടും രംഗത്ത്. കോൺഗ്രസിൽ ഒരു സതീശൻ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ടെന്നാണ് കെ. സുധാകരന്റെ പ്രതികരണം. എഎൻഐയ്ക്ക് നൽകിയ പ്രതികരണത്തിലാണ് സുധാകരൻ വി.ഡി. സതീശനെതിരായ തന്റെ നിലപാട് വ്യക്തമാക്കിയത്.
നിലവിൽ കേരളത്തിലെ സാഹചര്യം വ്യക്തമായി താൻ നിരീക്ഷകരെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് വിശദീകരിച്ചു. അവർ കാര്യങ്ങൾ മനസ്സിലായിട്ടുണ്ട്. ഒരു പ്രത്യേക ആളുടെ പേര് പറഞ്ഞിട്ടില്ല. പ്രത്യേക വ്യക്തിയെ തിരഞ്ഞെടുക്കാൻ ഒരു ഫോർമുല നിരീക്ഷകർക്ക് മുമ്പിൽ താൻ വെച്ചിട്ടുണ്ടെന്നും അക്കാര്യം രഹസ്യമാണെന്നും കെ. സുധാകരൻ പറഞ്ഞു.
മാത്രമല്ല മുഖ്യമന്ത്രിയാകുന്നയാൾക്ക് എംഎൽഎമാരുടെ പിന്തുണവേണം. മുഖ്യമന്ത്രിയാകേണ്ടവർ ഭൂരിപക്ഷം കണ്ടെത്തണം. തന്നെ പിന്തുണക്കുന്നവരെ താനും പിന്തുണക്കുമെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ശരിക്കും ഒരു പാർട്ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയ അസ്തിത്വമാണ് എംഎൽഎമാർ. അവരുടെ പിന്തുണയില്ലാതെ പാർട്ടിക്ക് മുന്നോട്ടുപോകാൻ പറ്റില്ല. അപ്പോൾ അവർ നമ്മളെ താങ്ങണം. അവര് താങ്ങും- അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം എംഎൽഎമാരുടെ ഭൂരിപക്ഷമാണോ മുഖ്യമന്ത്രിയെ തീരുമാനിക്കുക? എന്ന ചോദ്യത്തിന്; ‘അത് അവര് കണ്ടെത്തട്ടെ. മുഖ്യമന്ത്രിയാകേണ്ടവരുടെ താത്പര്യമല്ലേ. അവര് കണ്ടുപിടിക്കട്ടെ’ എന്നായിരുന്നു മറുപടി. എംഎൽഎമാരുടേത് മാത്രമല്ല പാർട്ടി നേതാക്കന്മാരുടേയും പാർട്ടി പ്രവർത്തകരുടേയും മനസ് നോക്കിയിട്ടാകണം തീരുമാനം. പ്രവർത്തകരുടെ വികാരംകൂടി തൊട്ടറിഞ്ഞായിരിക്കണം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത്. ഇവിടെ മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കട്ടെ. പേര് വരുമ്പോൾ പ്രതികരിക്കാം. എന്നെ പിന്തുണയ്ക്കുന്ന ആളെയെല്ലാം ഞാനും പിന്തുണയ്ക്കും. അതാരാണെന്ന് പറയില്ല. അങ്ങനെ പറഞ്ഞാൽ രഹസ്യം പോയില്ലേ, അദ്ദേഹം ചോദിച്ചു.
ഇതിനിടെ അഞ്ചുവർഷം നയിച്ച പ്രതിപക്ഷ നേതാവിന് അവസരം കൊടുക്കേണ്ടതില്ലേ എന്ന ചോദ്യത്തിന്, പ്രതിപക്ഷ നേതാവിന് തന്നെ അഭിപ്രായമുണ്ട്, ആ അഭിപ്രായം അദ്ദേഹം പറയുമെന്ന് സുധാകരൻ കൂട്ടിച്ചേർത്തു.






