Breaking NewsIndiaLead NewsNEWS

എഐഎഡിഎംകെ സഖ്യത്തിനില്ല, വിജയ് സർക്കാർ രൂപവത്കരിക്കുകയാണെങ്കിൽ ശല്യപ്പെടുത്താനില്ല, അദ്ദേഹം സർക്കാർ രൂപവത്കരിക്കട്ടെ- സ്റ്റാലിൻ… ഭൂരിപക്ഷം തികയ്ക്കാൻ നെട്ടോട്ടമോടി ടിവികെ

ചെന്നൈ: കേരളം മുഖ്യമന്ത്രിയെ കണ്ടെത്താനാണ് വൈകുന്നതെങ്കിൽ അയൽക്കാരായ തമിഴ്‌നാട്ടിൽ അടിമുടി പൊളിറ്റിക്കൽ ത്രില്ലറാണ് നാലാംദിവസവും ഓടിക്കൊണ്ടിരിക്കുന്നത്. നായകസ്ഥാനത്തുള്ള വിജയ്, സർക്കാർ രൂപവത്കരണത്തിനാവശ്യമായ കേവലഭൂരിപക്ഷം തികയ്ക്കുന്നതിനായി എംഎൽഎമാർക്കുവേണ്ടിയുള്ള പരക്കം പാച്ചിലിലാണ്.

അതേസമയം 234 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷം തികയ്ക്കണമെങ്കിൽ 118 എംഎൽഎമാരുടെ പിന്തുണ വേണം. വിജയ് വിജയിച്ച രണ്ട് സീറ്റുകൾ ഉൾപ്പെടെ 108 സീറ്റാണ് ടിവികെയുടെ സമ്പാദ്യം. അഞ്ച് എംഎഎൽമാരുള്ള കോൺഗ്രസ് വിജയ്ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും കേവലഭൂരിപക്ഷം തികയ്ക്കാൻ ഇനിയും വേണം എംഎൽഎമാർ.

Signature-ad

ഇതിനിടെ ടിവികെ എംഎൽഎമാരുടെ യോഗം രാവിലെ പാർട്ടി ആസ്ഥാനത്ത് വിജയ് വിളിച്ചുചേർത്തിട്ടുണ്ട്. ഈ യോ​ഗത്തിൽ തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച സർക്കാർ രൂപവത്കരണത്തിന് അവകാശവാദം ഉന്നിച്ച് ഗവർണർക്ക് വിജയ് കത്തുനൽകിയിരുന്നു. എന്നാൽ, ടിവികെയ്ക്ക് ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ ലഭിച്ചതിന് ശേഷമേ സത്യപ്രതിജ്ഞയ്ക്ക് അദ്ദേഹത്തെ ക്ഷണിക്കേണ്ടതുള്ളൂ എന്ന നിലപാട് ഗവർണർ കൈക്കൊള്ളുകയായിരുന്നു എന്നാണ് വിവരം. ഇതോടെ മേയ് ഏഴിന് നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വിജയ്‌യുടെ സത്യപ്രതിജ്ഞ നീട്ടിവെച്ചു.

അതേസമയം, വിജയ് സർക്കാർ രൂപവത്കരിക്കുകയാണെങ്കിൽ ശല്യപ്പെടുത്താനില്ലെന്നും അദ്ദേഹം സർക്കാർ രൂപവത്കരിക്കട്ടെ എന്നും ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ പറഞ്ഞു. തന്റെ സർക്കാർ കൊണ്ടുവന്ന പദ്ധതികൾ പുതിയ സർക്കാരും തുടരുമെന്നാണ് പ്രതീക്ഷ. ഇതിനി‌‌ടെ എഐഎഡിഎംകെയുമായി സഖ്യം ചേരുമെന്ന വാർത്തയും സ്റ്റാലിൻ തള്ളിക്കളഞ്ഞു. വിജയ്ക്ക് പിന്തുണ നൽകാനില്ലെന്ന് എഐഎഡിഎംകെ ഡെപ്യൂട്ടി കോഓർഡിനേറ്റർ കെ.പി. മുനുസാമിയും വ്യക്തമാക്കിയിട്ടുണ്ട്. എന്ത് സാഹചര്യമായാലും ടിവികെയെ എഐഎഡിഎംകെ പിന്തുണയ്ക്കില്ല, അദ്ദേഹം പറഞ്ഞു. രണ്ടു സീറ്റുകൾ നേടിയ വിസികെയേയും പിന്തുണയ്ക്കു വേണ്ടി സമീപിച്ചിരുന്നു. പിന്തുണ നൽകുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ലെന്നും പാർട്ടി അധ്യക്ഷൻ തോൽ തിരുമാളവൻ തീരുമാനം എടുക്കുമെന്നും മുതിർന്ന നേതാക്കന്മാരിൽ ഒരാൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: