സിറിയ വിട്ട് മാതൃരാജ്യത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ഐഎസ് ഭീകരന്മാരുടെ കുടുംബാംഗങ്ങൾ; താല്പ്പര്യമില്ലാതെ ഓസ്ട്രേലിയ; വന്നിറങ്ങിയാലുടൻ പലരെയും അറസ്റ്റ് ചെയ്യുമെന്നും അറിയിപ്പ്

കാൻബെറ: സിറിയയിൽനിന്ന് മാതൃരാജ്യത്തേക്ക് മടങ്ങാൻ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്മാരുടെ കുടുംബാംഗങ്ങൾ ഒരുങ്ങുന്നു. സിറിയയിലെ ഐഎസ് ക്യാമ്പിൽ വർഷങ്ങളോളം കഴിഞ്ഞ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം മാതൃരാജ്യമായ ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തതായി ഓസ്ട്രേലിയൻ ഭരണകൂടം. നാല് സ്ത്രീകളും ഒൻപത് കുട്ടികളുമടങ്ങുന്ന 13 അംഗ സംഘമാണ് മാതൃരാജ്യത്തേക്ക് മടങ്ങാൻ ഒരുങ്ങുന്നത്. ഐഎസ് ഭീകരന്മാരുടെ ഭാര്യമാരും വിധവകളും കുട്ടികളുമടങ്ങുന്ന 34 ഓളം പേർ വരുന്ന സംഘത്തിൽ ഉൾപ്പെടുന്നവരാണ് ഇവരെന്നാണ് ഭരണകൂടം കരുതുന്നത്. എന്നാൽ ഇവർക്ക് സഹായം നൽകില്ലെന്ന നിലപാടിലാണ് ഓസ്ട്രേലിയൻ ഭരണകൂടം.
വർഷങ്ങളോളം സിറിയൻ ക്യാമ്പിൽ കഴിഞ്ഞ ഇവർക്ക് സഹായം നൽകില്ലെന്ന് ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബുർക്കി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളെ മിണ്ടാൻ പോലും പറ്റാത്തവരാക്കി അപകടകരമായ ഭീകരസംഘടനയിൽ ചേരാൻ തീരുമാനിച്ചവരാണിവർ. ഇവരിൽ ആരെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ നിയമത്തിൻ്റെ മുഴുവൻ ശക്തിയും നേരിടേണ്ടിവരും. ടിക്കറ്റ് ബുക്കിങ് നടന്ന ഉടൻതന്നെ തങ്ങൾക്ക് വിവരം ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
മാതൃരാജ്യത്തേക്ക് മടങ്ങിവരുന്ന പൗരനെ തടയുന്നതുസംബന്ധിച്ച് സർക്കാരിന് പരിമിതികളുണ്ടെന്നും ടോണി ബുർക്കി ചൂണ്ടിക്കാട്ടി. അതേസമയം സിറിയയിൽ നിന്നുള്ള സംഘം ഓസ്ട്രേലിയിൽ എത്തിച്ചേരുന്ന പക്ഷം ചിലരെ അറസ്റ്റ് ചെയ്യുമെന്ന് ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് കമ്മീഷണർ ക്രിസ്സി ബാരറ്റ് അറിയിച്ചു. എന്നാൽ എത്ര പേരെ അറസ്റ്റുചെയ്യുമെന്ന് വ്യക്തമാക്കിയിട്ടില്ല.
ഈ വർഷം ഫെബ്രുവരിയിൽ സംഘം സിറിയയിലെ ക്യാമ്പ് വിട്ടെങ്കിലും ഓസ്ട്രേലിയൻ ഭരണകൂടം ഔദ്യോഗികമായി സ്വീകരിക്കാൻ വിസ്സമതിച്ചതോടെ തിരികെ ക്യാമ്പിലേക്ക് തന്നെ മടങ്ങുകയായിരുന്നു. ഐഎസ് ക്യാമ്പുകളിൽനിന്ന് മടങ്ങുന്നവരെ പുരനധിവസിപ്പിക്കാനുള്ള ദീർഘകാല പദ്ധതികളുമായി ഓസ്ട്രേലിയൻ ഭരണകൂടം 2014 മുതൽ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. സംഘാംഗങ്ങളിൽ ആരെങ്കിലും ഭീകരവാദ പ്രവർത്തനങ്ങളിലോ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളിലോ ഏർപ്പെട്ടിട്ടുണ്ടോ എന്നതിനുള്ള തെളിവുകൾ ശേഖരിക്കാനായി വർഷങ്ങളായി അന്വേഷണം നടക്കുന്നതായാണ് ഭരണകൂടം വ്യക്തമാക്കുന്നത്.
ബിബിസിയുടെ റിപ്പോർട്ട് പ്രകാരം, 34 അംഗ സംഘത്തിൽ 23 ഉം കുട്ടികളാണ്. ഇവർ 2019 മുതൽ വടക്കൻ സിറിയയിലെ അൽ-റോജ് ക്യാമ്പിലാണ് കഴിഞ്ഞുവരുന്നത്. ഓസ്ട്രേലിയയ്ക്ക് സമാനമായി, ഫ്രാൻസ്, നെതർലൻഡ്സ്, യുകെ അടക്കമുള്ള രാജ്യങ്ങളും സിറിയിൽ തുടരുന്ന പൗരന്മാരെ സ്വീകരിക്കാൻ വിസ്സമ്മതം അറിയിച്ചിട്ടുണ്ട്.






