
വിയന്ന: ആഗോള എണ്ണവിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഉത്പാദനവീതം ഉയർത്താൻ തീരുമാനിച്ച് ഒപെക് പ്ലസിലെ ഏഴ് പ്രധാന രാജ്യങ്ങൾ. സൗദി അറേബ്യ, റഷ്യ, അൽജീരിയ, ഇറാഖ്, കസാഖ്സ്താൻ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളാണ് ഈ നീക്കത്തിന് പിന്നിൽ. യു.എ.ഇ. സംഘടനയിൽനിന്ന് പിന്മാറിയതിന് പിന്നാലെയാണ് ഈ തീരുമാനം ശ്രദ്ധ നേടുന്നത്.
ജൂൺ മാസത്തിൽ മാത്രം പ്രതിദിനം 1.88 ലക്ഷം ബാരൽ എണ്ണ അധികമായി ഉത്പാദിപ്പിക്കാനാണ് ഇവരുടെ സംയുക്ത തീരുമാനം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ എണ്ണവില ഉയർത്തിയ സാഹചര്യത്തിൽ വിപണിയിലെ സ്ഥിരത ഉറപ്പാക്കാനാണ് ഈ ഇടപെടലെന്ന് ഒപെക് പ്ലസ് വിശദീകരിച്ചു. ശ്രദ്ധേയമായി, ഒപെക്കുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിച്ച യു.എ.ഇ.യെ പ്രസ്താവനയിൽ പരാമർശിച്ചില്ല.
എന്നാൽ, പ്രഖ്യാപിച്ച വർധന യാഥാർഥ്യത്തിൽ വലിയ മാറ്റമുണ്ടാക്കില്ലെന്ന വിലയിരുത്തലും ശക്തമാണ്. സുരക്ഷാ പ്രശ്നങ്ങളും ഗതാഗത തടസ്സങ്ങളും കാരണം മുൻപ് നിശ്ചയിച്ച ഉത്പാദനനിരക്കിൽ പോലും ഇപ്പോൾ പല രാജ്യങ്ങൾക്കും എത്താനാവുന്നില്ല. ഫെബ്രുവരിയിൽ 3.673 കോടി ബാരലായിരുന്ന ഉത്പാദനം മാർച്ചോടെ 2.768 കോടിയായി ഇടിഞ്ഞത് ഇതിനുദാഹരണമാണ്.
ഗൾഫ് മേഖലയിലെ എണ്ണശേഖരങ്ങളാണ് ഒപെക് പ്ലസിന്റെ പ്രധാന കരുത്ത്. എന്നാൽ, ഇസ്രയേലും യു.എസും ചേർന്ന സൈനിക നീക്കങ്ങൾക്ക് പിന്നാലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മേഖലയിൽനിന്നുള്ള കയറ്റുമതിയെ കാര്യമായി ബാധിച്ചു. ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങൾ ഇതിനാൽ പ്രതിസന്ധിയിലാണ്.
ഇതിനിടെ, പുതിയ നിക്ഷേപപദ്ധതികളുമായി യു.എ.ഇ. മുന്നോട്ടു വരുന്നു. എണ്ണ അടിസ്ഥാനസൗകര്യ വികസനത്തിനായി അടുത്ത രണ്ടു വർഷത്തിനിടെ 5500 കോടി ഡോളർ ചെലവിടുമെന്ന് അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്) അറിയിച്ചു. ഊർജ്ജരംഗത്ത് ദീർഘകാല സ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ് ഈ നീക്കം .





