കേരളം ഇനി ആരു ഭരിക്കും… അറിയാൻ മണിക്കൂറുകൾ മാത്രം വോട്ടുകൾ എണ്ണിത്തുടങ്ങി, ആദ്യം എണ്ണുക പോസ്റ്റൽ വോട്ടുകൾ

തിരുവനനന്തപുരം: കേരളം ഇനി അഞ്ചുവർഷത്തേക്ക് ആര് ഭരിക്കുമെന്നറിയാൻ ഇനി മണിക്കൂറുകൾക്കകം അറിയാം. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിച്ചു. ആദ്യം എണ്ണുക പോസ്റ്റൽ വോട്ടുകൾ
എണ്ണിത്തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചനകൾ ലഭിച്ചുതുടങ്ങും. ഉച്ചയോടെ പൂർണ ചിത്രം തെളിയുമെന്നാണ് കണക്കുകൂട്ടൽ. കേരളത്തിനൊപ്പം പശ്ചിമ ബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും വോട്ടെണ്ണൽ രാവിലെ എട്ടിന് തന്നെ ആരംഭിച്ചു. കേരളത്തിൽ 140 മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ. ആകെ 43 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എക്സിറ്റ് പോൾ സൂചനകൾ തള്ളുന്ന എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
കേരളത്തിൽ നിർണായക ശക്തിയാവുക എന്ന എക്കാലത്തേയും ആഗ്രഹം ഇത്തവണയെങ്കിലും സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.
വയനാട്, പറവൂർ, പാല, കോട്ടയം, തിരുവനന്തപുരം, പെരുമ്പാവൂർ, കുന്നത്ത് നാട് തുടങ്ങിയ സ്ഥലങ്ങളിലാണ് രാവിലെ എട്ടിന് തന്നെ തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയത്. ആദ്യ ഫല സൂചന ഉടൻ ലഭ്യമായി തുടങ്ങും.






