
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ഉന്മാദം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ആകാംക്ഷ നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനത്തിലേക്ക് ചുവടുവെക്കുന്ന ചിത്രവുമാണ് ‘ഉന്മാദം’. ചിത്രം ഓഗസ്റ്റ് 7-ന് തീയേറ്ററുകളിൽ എത്തും.
വൈകാരികമായ ആഴമുള്ള കഥാപാത്രങ്ങളും സൂക്ഷ്മമായ അഭിനയശൈലിയും കൊണ്ട് ശ്രദ്ധേയരായ കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ഈ ചിത്രത്തിനായി ഒന്നിക്കുന്നു എന്നതാണ് പ്രത്യേകത. കുടുംബജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു പോലീസ് കോൺസ്റ്റബിൾ, അമാനുഷിക സ്വഭാവമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന, കാലങ്ങളായി തെളിയിക്കപ്പെടാത്ത ഒരു കേസ് പുനരന്വേഷിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. അന്വേഷണം പുരോഗമിക്കുന്തോറും നിഗൂഢതകൾ വർദ്ധിക്കുകയും, യാഥാർത്ഥ്യവും മിഥ്യയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോവുകയും ചെയ്യുന്ന ചിത്രമായിരിക്കും എന്ന സൂചനയാണ് അണിയറപ്രവർത്തകർ നൽകുന്നത്.
ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
ടി-സീരീസ് ചെയർമാൻ ഭൂഷൺ കുമാറും പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മങ്ങാട്ട് പഥക്കും ചിത്രത്തിൽ വലിയ പ്രതീക്ഷ പ്രകടിപ്പിച്ചു. മലയാള സിനിമയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വലിയ ബജറ്റിൽ ഈ ചിത്രം ഒരുക്കുന്നതെന്ന് പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി. “മനഃശാസ്ത്രപരമായ തീവ്രതയും വൈകാരികമായി അടിത്തറയുള്ള ആഖ്യാനവും ചേർന്ന ഒരു കഥയാണ് ഉന്മാദം. സംഘർഷവും സസ്പെൻസും സംയോജിപ്പിച്ച്, അന്വേഷണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്നതാണ് ചിത്രത്തെ ആകർഷകമായ ഒരു സിനിമാറ്റിക് അനുഭവമാക്കി മാറ്റുന്നതെന്നും, മുമ്പ് പറയാത്ത രീതിയിലുള്ള കഥ പറയുന്ന സിനിമകളെ പിന്തുണയ്ക്കുന്നതിൽ അഭിമാനിക്കുന്നു”വെന്നും ചിത്രം
അവതരിപ്പിച്ചുകൊണ്ട് ടി-സീരീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഭൂഷൺ കുമാർ പറഞ്ഞു.
“എന്താണ് യഥാർഥ്യം, എന്താണ് മിഥ്യ എന്ന് പ്രേക്ഷകരെ നിരന്തരം ചോദ്യം ചെയ്യുന്ന ഒരു അനുഭവം സൃഷ്ടിക്കാൻ ഉന്മാദത്തിലൂടെ ഞങ്ങൾ ആഗ്രഹിച്ചു. പ്രേക്ഷകരിൽ പിരിമുറുക്കം സൃഷ്ടിക്കുന്ന ഒരു സിനിമയാണിത്”, പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക് പറഞ്ഞു. ”പ്രകടനങ്ങളിൽ വേരൂന്നിയ സിനിമയാണ് ഉന്മാദം”, പനോരമ സ്റ്റുഡിയോയിലെ നിർമ്മാതാവായ അഭിഷേക് പഥക് കൂട്ടിച്ചേർത്തു.
“ഒരു വ്യക്തിയുടെ ഉള്ളിൽ നിശബ്ദമായി വളരുന്ന ആവേശത്തെക്കുറിച്ചാണ് ഉന്മാദം പറയുന്നത്. എന്റെ കഥാപാത്രം ഉത്തരവാദിത്തത്തിനും സംശയത്തിനും ഇടയിൽ അകപ്പെടുന്നതും കേസ് വികസിക്കുമ്പോൾ, അദ്ദേഹത്തിന്റെ ലോകം അപ്രതീക്ഷിതമായി മാറാൻ തുടങ്ങുകയുമാണ്. ഒരേ സമയം വൈകാരിക തീവ്രതയും സംയമനവും ആവശ്യമുള്ള ഒരു വേഷമാണിത്”, സിനിമയിലെ വേഷത്തെ കുറിച്ച് കുഞ്ചാക്കോ ബോബൻ അഭിപ്രായപ്പെട്ടു.
“തലക്കെട്ട് തന്നെ ഭയം, ആശയക്കുഴപ്പം, സത്യം എന്നിവ കൂട്ടിമുട്ടുന്ന ഒരു അവസ്ഥയെ സൂചിപ്പിക്കുന്നു. അസാധാരണമായ സാഹചര്യങ്ങളെ നേരിടുന്ന സാധാരണക്കാരുടെ ജീവിതമാണിത്. സാഹചര്യം കുഴഞ്ഞുമറിയുമ്പോള് പോലും വികാരങ്ങൾ എത്രത്തോളം അടിസ്ഥാനപരവും യഥാർഥ്യവുമാണ് എന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്”, ലിജോമോൾ ജോസ് ചിത്രത്തെ കുറിച്ച് പങ്കുവെച്ചു.
“കഥയിലെ സംഭവങ്ങളിൽ മാത്രമല്ല, കേന്ദ്രകഥാപാത്രത്തിന്റെ അനുഭവങ്ങളിലും പ്രകടമാകുന്ന ഒരുതരം ഭ്രാന്തമായ അവസ്ഥയെയാണ് ‘ഉന്മാദം’ പ്രതിഫലിപ്പിക്കുന്നത്. ആ കഥാപാത്രം അനുഭവിക്കുന്ന അതേ അനിശ്ചിതത്വം പ്രേക്ഷകരിലേക്കും എത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അയാൾ പിന്തുടരുന്നത് യഥാർത്ഥത്തിൽ അമാനുഷികമായ ഒന്നാണോ, അതോ അതിനു പിന്നിൽ മറ്റെന്തെങ്കിലും കാര്യങ്ങളാണോ ഉള്ളത്? ആ ഒരു ഉദ്വേഗമാണ് ഈ സിനിമയെ മുന്നോട്ട് നയിക്കുന്നത്”, മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ്, തന്റെ ആദ്യ സംവിധാന സംരംഭമായ ‘ഉന്മാദം’ എന്ന ചിത്രത്തിന്റെ ടൈറ്റിലിനെക്കുറിച്ച് തന്റെ ചിന്തകൾ പങ്കുവെച്ചു:
മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇഷ്ക് എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയ കിരൺ ദാസ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി, മൂത്തോൻ, രോമാഞ്ചം, റോഷാക്ക്, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങി മലയാളത്തിലെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുണ്ട്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ‘ഉന്മാദം’ നിർമ്മാണം നിർവ്വഹിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.
ഛായാഗ്രഹണം: അർജുൻ സേത്ത്, എഡിറ്റർ: കിരൺ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, അസോസിയേറ്റ് പ്രൊഡ്യൂസർ: കമലേഷ് കുമാർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ്മോങ്ക്സ്. പിആർഒ: ആതിര ദിൽജിത്ത്.






