‘സ്ത്രീ വിരുദ്ധൻ, അഴിമതിക്കാരൻ, ഗുണ്ട‘: കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് എഎപി വിട്ട സ്വാതി മാലിവാൾ ; ‘നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസം കാരണമാണ് ഞാൻ ബിജെപിയിൽ ചേർന്നത്‘

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാൾ സ്ത്രീവിരുദ്ധനും അഴിമതിയിലും ഗുണ്ടായിസത്തിലും ഏർപ്പെട്ടിരിക്കുന്ന വ്യക്തിയുമാണെന്ന് സ്വാതി മലിവാൾ. എഎപി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് കെജ്രിവാളിനെതിരെ സ്വാതി മാലിവാൾ രൂക്ഷവിമർശനമുയർത്തിയത്. 2024-ൽ മുഖ്യമന്ത്രിയുടെ വസതിയിൽവെച്ച് കെജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബിഭവ് കുമാർ തന്നെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഈ സംഭവത്തിൽ നൽകിയ എഫ്ഐആർ പിൻവലിക്കാൻ തന്റെ മേൽ കടുത്ത സമ്മർദ്ദമുണ്ടായെന്നും കഴിഞ്ഞ രണ്ട് വർഷമായി പാർലമെന്റിൽ സംസാരിക്കാൻ പോലും തനിക്ക് അവസരം നൽകിയില്ലെന്നും അവർ ആരോപിച്ചു.
അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ അധികാരത്തിൽ വന്ന കെജ്രിവാൾ ഇപ്പോൾ ആദർശങ്ങളെല്ലാം ബലികഴിച്ചുവെന്ന് സ്വാതി കുറ്റപ്പെടുത്തി
2011-ലെ സമരകാലത്ത് ലളിതജീവിതം നയിച്ചിരുന്ന കെജ്രിവാൾ ഇന്ന് കോടികൾ ചെലവിട്ട് ആഡംബര കൊട്ടാരം (ശീഷ് മഹൽ) പണിതിരിക്കുകയാണെന്നും അവർ പരിഹസിച്ചു. കൂടാതെ, ആം ആദ്മി പാർട്ടി ഇപ്പോൾ ഭരിക്കുന്ന പഞ്ചാബിനെ അവരുടെ ‘പേഴ്സണൽ എടിഎം’ ആയാണ് കാണുന്നതെന്നും സ്വാതി ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസം കാരണമാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് സ്വാതി വ്യക്തമാക്കി. മോദി ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ നേതാവാണെന്നും വനിതാ സംവരണ ബില്ലും നക്സലിസം അവസാനിപ്പിക്കാനുള്ള നീക്കങ്ങളും ഉൾപ്പെടെ ചരിത്രപരമായ തീരുമാനങ്ങളാണ് അദ്ദേഹം കൈക്കൊള്ളുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ഏഴ് രാജ്യസഭാ എംപിമാർ പാർട്ടി വിട്ടത് ബിജെപിയുടെ ‘ഓപ്പറേഷൻ ലോട്ടസ്’ പദ്ധതിയുടെ ഭാഗമാണെന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് ആരോപിച്ചു. പാർട്ടി വിട്ടവർ ‘വഞ്ചകർ’ ആണെന്നാണ് എഎപി നേതൃത്വത്തിന്റെ നിലപാട്. പാർട്ടി വിട്ട എംപിമാർ രാജ്യദ്രോഹികളാണെന്നും എഎപി ആരോപിച്ചിരുന്നു.
എന്നാൽ, തങ്ങളല്ല ശരിക്കും കെജ്രിവാളാണ് രാജ്യദ്രോഹിയെന്ന് സ്വാതി മാലിവാൾ തിരിച്ചടിച്ചു. 2011-ൽ ഡൽഹി മുൻ മുഖ്യമന്ത്രി അഴിമതി വിരുദ്ധ സമരം ആരംഭിച്ചപ്പോൾ അദ്ദേഹം കീറിയ പാന്റ്സ് ധരിക്കുകയും 2 രൂപയുടെ പേന ഉപയോഗിക്കുകയും കേടുവന്ന കാറിൽ സഞ്ചരിക്കുകയും ചെയ്തിരുന്നു. എന്നാൽ, അധികാരത്തിൽ വന്നതിന് ശേഷം ആഡംബര വസതിയാണ് നിർമിച്ചത്.
”ഈ മനുഷ്യൻ രാജ്യത്ത് മാറ്റം കൊണ്ടുവരുമെന്ന് ഞങ്ങൾ കരുതി. സമരത്തിന്റെ കാലത്ത്, അദ്ദേഹം രാജ്യത്തിന് മുഴുവൻ വലിയ, മനോഹരമായ സ്വപ്നങ്ങൾ കാണിച്ചു, രാജ്യം അതിൽ മതിമയങ്ങി. എന്നാൽ അദ്ദേഹം എന്തുചെയ്തു? അധികാരത്തിൽ വന്നയുടൻ അദ്ദേഹം നൂറ് കോടി രൂപയുടെ വീട് പണിതു. അദ്ദേഹം ഒരു ബാർ കൂട്ടിച്ചേർത്തു, കോടികൾ വിലമതിക്കുന്ന പരവതാനികൾ സ്ഥാപിച്ചു, ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന ഫ്രിഡ്ജ് വാങ്ങി. അദ്ദേഹത്തിന്റെ സോഫ വളരെ ആഡംബരമുള്ളതാണ്.’ സ്വാതി മാലിവാൾ എഎൻഐയോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ വസതിയിൽവെച്ച് തന്നെ മർദ്ദിച്ച വ്യക്തിക്ക് ഇസഡ് പ്ലസ് സുരക്ഷ നൽകി. ഇന്ന്, അദ്ദേഹം ഭഗവന്ത് മന്നിന്റെ ചീഫ് അഡൈ്വസറാണ്. വിഐപി പ്രോട്ടോകോളിനെതിരെ സംസാരിച്ച വ്യക്തി, മുഖ്യമന്ത്രിയായതിന് ഷേം പുറത്തുപോകുമ്പോൾ 50 വാഹനങ്ങളുടെ അകമ്പടിയാണുണ്ടായിരുന്നത്. അപ്പോൾ, രാജ്യദ്രോഹം എന്താണ്? ഒരാളുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതിനെ ഞാൻ രാജ്യദ്രോഹമായി കണക്കാക്കുന്നു. അരവിന്ദ് കെജ്രിവാളിനെക്കാൾ വലിയ രാജ്യദ്രോഹി മറ്റാരുമില്ല- സ്വാതി മാലിവാൾ വിമർശിച്ചു.






