Breaking NewsBusinessIndiaLead NewsNEWSpoliticsPravasiWorld

പ്രതീക്ഷകൾ ഏറെ; ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍തിങ്കളാഴ്ച ഒപ്പുവയ്ക്കപ്പെടും; ഇന്ത്യയിലേയ്ക്ക് എത്തുക 2,000 കോടി ഡോളറിന്റെ നിക്ഷേപം! ഇന്ത്യക്കാർക്കായി ഓരോ വര്‍ഷവും 5,000 തൊഴില്‍ വിസകളും; ഒപ്പം നികുതിയിളവുകളും

ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ബിസിനസ് ഫോറം യോഗത്തിന് ശേഷമായിരിക്കും കരാറില്‍ ഒപ്പുവെക്കുക.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 500 കോടി ഡോളറായി (ഏകദേശം 42,000 കോടി രൂപ) ഇരട്ടിയാക്കുകയാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 2,000 കോടി ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ഐടി, ബിസിനസ് മേഖലകളിലെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് പുതിയ കരാര്‍. വൈദഗ്ധ്യമുള്ള ഇന്ത്യക്കാര്‍ക്കായി ഓരോ വര്‍ഷവും 5,000 തൊഴില്‍ വിസകള്‍ ന്യൂസിലന്‍ഡ് അനുവദിക്കും. ഈ വിസയില്‍ മൂന്ന് വര്‍ഷം വരെ അവിടെ താമസിച്ച് ജോലി ചെയ്യാന്‍ സാധിക്കും.

Signature-ad

കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ന്യൂസിലന്‍ഡിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും നികുതി ഒഴിവാകും. തിരിച്ച്, ന്യൂസിലന്‍ഡില്‍ നിന്നുള്ള 95 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യ നികുതി ഇളവ് നല്‍കും. കമ്പിളി, കല്‍ക്കരി, തടി, വൈന്‍, ബ്ലൂബെറി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, ഇന്ത്യയിലെ കര്‍ഷകരുടെയും ആഭ്യന്തര വ്യവസായികളുടെയും താല്‍പര്യം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ക്ഷീര ഉല്‍പ്പന്നങ്ങളായ പാല്‍, തൈര്, ചീസ് തുടങ്ങിയവയ്ക്കും സവാള, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങള്‍, പാചക എണ്ണ, റബ്ബര്‍ എന്നിവയ്ക്കും നികുതി ഇളവ് നല്‍കില്ല. ഈ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിലൂടെ ആഭ്യന്തര വിപണിയിലെ തിരിച്ചടി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നിലവില്‍ (2024-25 കാലയളവില്‍) ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള വ്യാപാരം 130 കോടി ഡോളറാണ്. സേവന മേഖല കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് 240 കോടി ഡോളറോളം വരും. പുതിയ കരാര്‍ ഒപ്പിടുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: