Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

മാസങ്ങളായി ശമ്പളവും ആനുകൂല്യങ്ങളും ഇല്ല; കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ തൊഴിലാളി; ചര്‍ച്ചയ്ക്കു വഴങ്ങി രേവന്ത് റെഡ്ഡി; പണിമുടക്കില്‍ ആയിരക്കണത്തിന് ബസ് സര്‍വീസുകള്‍ നിലച്ചു

ഹൈദരാബാദ്: തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (TGSRTC) നടത്തുന്ന അനിശ്ചിതകാല പണിമുടക്കിനിടെ ഒരു ഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നാലെ ചര്‍ച്ചയ്ക്കു സന്നദ്ധനായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ജീവനക്കാര്‍ സംയമനം പാലിക്കണമെന്നും അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ‘തീവ്രമായി ശ്രമിക്കുകയാണെന്നും’ അധികൃതര്‍ വ്യക്തമാക്കി.

വാറങ്കല്‍ ജില്ലയിലെ നര്‍സാംപേട്ടില്‍ നിന്നുള്ള കെ. ശങ്കര്‍ ഗൗഡ് എന്ന ഡ്രൈവര്‍, ആര്‍ടിസിയെ സംസ്ഥാന സര്‍ക്കാരുമായി ലയിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കാത്തതിലും മറ്റ് 32 ആവശ്യങ്ങള്‍ നടപ്പാക്കാത്തതിലും പ്രതിഷേധിച്ചാണ് ആത്മഹത്യക്കു ശ്രമിച്ചത്. തുടര്‍ന്ന് അദ്ദേഹം സ്വന്തം ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വ്യാഴാഴ്ച നര്‍സാംപേട്ട് ബസ് സ്റ്റാന്‍ഡിന് മുന്നിലായിരുന്നു സംഭവം.

Signature-ad

ശമ്പള പരിഷ്‌കരണം, തൊഴില്‍ സുരക്ഷ, ശമ്പള കുടിശിക നല്‍കല്‍ തുടങ്ങിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയോടും ആര്‍ടിസി ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പൊള്ളലേറ്റ ഗൗഡിനെ വാറങ്കലിലെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. വാറങ്കലിലെ എംജിഎം ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

ഈ സംഭവം നര്‍സാംപേട്ട് ഡിപ്പോയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായി. ആര്‍ടിസി മാനേജ്മെന്റിനും സംസ്ഥാന സര്‍ക്കാരിനും എതിരെ പ്രകോപിതരായ തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ പോലീസ് സേനയെ വിന്യസിക്കുകയും പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ അവര്‍ ഇടപെടുകയും ചെയ്തു.

‘ആര്‍ടിസി തൊഴിലാളികള്‍ക്ക് പ്രതിഷേധിക്കാനും തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കാനും അവകാശമുണ്ട്. എന്നാല്‍ സ്വന്തം ജീവന്‍ എടുക്കരുതെന്നാണ് ഞങ്ങള്‍ക്ക് അവരോടുള്ള അഭ്യര്‍ത്ഥന’യെന്ന് ഗതാഗത മന്ത്രി പൊന്നം പ്രഭാകര്‍ പറഞ്ഞു. വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ ആര്‍ടിസി പണിമുടക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഓരോ ജീവനും വിലപ്പെട്ടതാണ്, പണിമുടക്കുന്ന ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തീവ്രമായി ശ്രമിക്കുന്നു. എല്ലാ ജീവനക്കാരോടും സംയമനം പാലിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു’- . മന്ത്രി ഡി. ശ്രീധര്‍ ബാബു പറഞ്ഞു. മന്ത്രിസഭയുടെ ഈ അഭ്യര്‍ത്ഥന മുഖ്യമന്ത്രിക്ക് വേണ്ടിയും മറ്റ് എല്ലാ മന്ത്രിമാര്‍ക്കും വേണ്ടിയാണെന്നും ശ്രീധര്‍ ബാബു പറഞ്ഞു. ”ആര്‍ടിസി ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഞങ്ങള്‍ അവരെ ചര്‍ച്ചാ മേശയിലേക്ക് വിളിക്കുക മാത്രമാണ് ചെയ്യുന്നത്’- മന്ത്രി ദാമോദര്‍ രാജ നരസിംഹ പറഞ്ഞു.

ടിജിഎസ്ആര്‍ടിസി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത പണിമുടക്ക് ജീവനക്കാര്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണം ബഹിഷ്‌കരിച്ചതോടെ ആയിരക്കണക്കിന് ബസുകള്‍ നിരത്തിലിറങ്ങാതെയായി. ഹൈദരാബാദില്‍ മഹാത്മാഗാന്ധി ബസ് സ്റ്റേഷന്‍, ജൂബിലി ബസ് സ്റ്റേഷന്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ബസ് സ്റ്റേഷനുകളില്‍ പോലീസിനെ വിന്യസിച്ചു.

താത്കാലികമായി പുറംകരാര്‍ നല്‍കി 450 ഇലക്ട്രിക് ബസുകള്‍ ഉള്‍പ്പെടെ ആയിരത്തോളം ബസ്സുകള്‍ ഓടിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞെങ്കിലും യാത്രക്കാര്‍ ദുരിതത്തിലായി. ഹൈദരാബാദില്‍ മാത്രം പ്രതിദിനം 3,000 ആര്‍ടിസി ബസുകള്‍ 26 ലക്ഷം യാത്രക്കാര്‍ക്കായി സര്‍വീസ് നടത്തുന്നുണ്ട്. സംസ്ഥാനവ്യാപകമായി 3,300 വാടക ബസുകള്‍ ഉള്‍പ്പെടെ 9,300-ലധികം ബസുകളാണ് കോര്‍പ്പറേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

#TGSRTCStrike, #TelanganaNews, #RevanthReddy, #RTCStrike, #WarangalNews, #DriverSuicideAttempt, #LaborProtest, #PublicTransport, #BreakingNews, #MalayalamNews, #Narsampet, #TGSRTC, #TelanganaPolitics, #EmployeeProtest #Telangana, #TGSRTC, #RTCStrike2026, #RevanthReddy, #Warangal, #BusStrike, #LaborRights, #HyderabadNews, #EmergencyUpdate, #TelanganaGovernment, #PublicSafety, #WorkerDemands, #TransportNews, #IndiaProtests

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: