Breaking NewsCrimeIndiaLead NewsNEWSNewsthen SpecialpoliticsWorld

ഡല്‍ഹിയില്‍ വീണ്ടും വര്‍ഗീയത പുകയുന്നു; പുതിയ പോര്‍മുഖം ‘പന്നി’കള്‍; മുസ്ലിം കുടുംബങ്ങള്‍ താമസിക്കുന്നയിടത്തെ ഹിന്ദു വീടുകളില്‍ ‘വരാഹ’മൂര്‍ത്തികള്‍; സിആര്‍പിഎഫ് സൈന്യത്തെ വിന്യസിച്ച് കേന്ദ്രം; ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ വന്‍ പ്രചാരണം

ന്യൂഡല്‍ഹി: പഴയ ഡല്‍ഹിയിലെ ഒരു ഹിന്ദു-മുസ്ലിം അയല്‍പക്കത്ത് പോര്‍മുഖം തുറന്ന് പന്നികള്‍. ഇവിടെ വീണ്ടും സംഘര്‍ഷാവസ്ഥ പുകയുകയാണ്. ഡല്‍ഹിയിലെ ത്രി നഗറില്‍, ചില ഹിന്ദു കുടുംബങ്ങള്‍ തങ്ങളുടെ ഭക്തിയുടെ പുതിയൊരു രൂപമായും മുസ്ലിം അയല്‍ക്കാരെ തടയാനുള്ള ഒരു മാര്‍ഗമായും ഉപയോഗിക്കുന്നതു പന്നികളെയാണ്. മൃഗങ്ങളെ വീടുകളില്‍ കൂട്ടിലാക്കി സൂക്ഷിച്ചിരിക്കുന്നു. മതിലുകളില്‍ ആഭരണങ്ങള്‍ അണിഞ്ഞ പന്നിമുഖമുള്ള ഒരു ശക്തനായ ദൈവത്തിന്റെ പോസ്റ്ററുകള്‍ മറ്റ് ദൈവങ്ങളെപ്പോലെ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.

‘അവര്‍ വിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹമാണ്. ഞങ്ങള്‍ അവരെ എപ്പോഴും ആരാധിക്കാറുണ്ട്. അവര്‍ ഞങ്ങളുടെ ദൈവമാണ്’- ഓങ്കാര്‍ നഗര്‍ ബി-യിലെ ഒരു താമസക്കാരന്‍ പറഞ്ഞു. വടക്കന്‍ ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം അശോക് വിഹാര്‍, ഷക്കൂര്‍പൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ക്ക് സമീപമാണ്. കൂടാതെ ചാന്ദ്നി ചൗക്ക് മണ്ഡലത്തിന്റെ ഭാഗവുമാണ്.

Signature-ad

മൃഗങ്ങള്‍ക്ക് ‘അബ്ദുള്‍’, ‘സുല്‍ത്താന്‍’ തുടങ്ങിയ പേരുകള്‍ നല്‍കിയിട്ടുണ്ടെന്നും മുസ്ലിം അയല്‍ക്കാര്‍ കടന്നുപോകുമ്പോള്‍ അവരെ ഈ പേര് വിളിക്കാറുണ്ടെന്നും ചില മുസ്ലിം താമസക്കാര്‍ പറയുന്നു.

പുതിയ രീതി ഒരു വര്‍ഷത്തിലേറെയായി നിലവിലുണ്ടെന്ന് ഹിന്ദു കുടുംബങ്ങള്‍ പറയുമ്പോള്‍, രണ്ടു മൂന്ന് മാസം മുമ്പ് മാത്രമാണ് ഇത് തുടങ്ങിയതെന്ന് മുസ്ലിം താമസക്കാര്‍ തറപ്പിച്ചു പറയുന്നു. എഴുപതിലധികം മുസ്ലിം കുടുംബങ്ങള്‍ താമസിക്കുന്ന ഒരിടത്ത് ഇത് കാര്യമായ സംഘര്‍ഷത്തിലേക്കു നീങ്ങിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

ഇന്‍സ്റ്റാഗ്രാമില്‍ 3 ദശലക്ഷത്തിലധികം കാഴ്ചക്കാരുള്ള ഒരു വീഡിയോയില്‍ ഒരാള്‍ പറയുന്നത് ഇങ്ങനെയാണ്്: ‘എല്ലാ ഇടവഴികളിലും പന്നികള്‍ കറങ്ങും, എല്ലാ ഇടവഴികളിലും ഒരു ക്ഷേത്രം ഉണ്ടാകും. ഡല്‍ഹി ശുദ്ധീകരിക്കപ്പെടും. ഈ ആളുകളെല്ലാം ഇവിടം വിട്ടുപോകും. ഹിന്ദുധര്‍മ്മത്തെ സംരക്ഷിക്കണം. പ്രദേശം ജിഹാദി മുക്തമാക്കണം’. ഇത്തരത്തിലുള്ള പല വീഡിയോകളിലും പന്നികളെ കൂട്ടില്‍വച്ച് ആരാധിക്കുന്നതും പൂക്കള്‍ വര്‍ഷിക്കുന്നതും പാല്‍ നല്‍ നല്‍കുന്നതും വ്യകതമാണ്. ‘അവര്‍ അഴുക്കില്‍ ജീവിച്ച് ശീലിച്ചവരാണ്. ഞങ്ങള്‍ അവരെ ശരിയായി വളര്‍ത്തുന്നു. ദീപാവലി സമയത്ത് ഞങ്ങള്‍ അവരെ മാലകള്‍ അണിയിച്ച് അലങ്കരിക്കാറുണ്ട്’ – പ്രദേശത്തെ താമസക്കാരി പറഞ്ഞു.

സംഘര്‍ഷം മുറുകിയതോടെ, ഒരാഴ്ചയിലേറെയായി സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ അയല്‍പക്കത്ത് വിന്യസിച്ചിട്ടുണ്ട്. മൃഗത്തോടുള്ള ഭക്തിയും സ്‌നേഹവുമായി ഉദ്ദേശിച്ചത് ഒരു വര്‍ഗീയ പ്രതിസന്ധിയായി മാറിയിരിക്കുന്നു. ‘അവര്‍ ഞങ്ങളെ ഞങ്ങളുടെ സ്വന്തം വീടുകളില്‍നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയാണ്. ഞങ്ങള്‍ വളരെ ബുദ്ധിമുട്ടിലാണ് ഞങ്ങള്‍ വീണ്ടും വീണ്ടും അപമാനിക്കപ്പെടുന്നു, എല്ലാ ദിവസവും ‘ജിഹാദി’ എന്നും ‘പാക്കിസ്ഥാനി’ എന്നും വിളിക്കപ്പെടുന്നു’- പ്രദേശവാസിയായ ലിയാഖത്ത് അലി പറഞ്ഞു. താന്‍ ഇപ്പോള്‍ ഈ പ്രദേശം എന്നെന്നേക്കുമായി വിട്ടുപോകുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്കാലുള്ള ഉപദ്രവത്തോടൊപ്പം, മുസ്ലിങ്ങള്‍ ഈ പ്രദേശത്ത് താമസിക്കുന്നത് തടയാന്‍ വേണ്ടിയാണ് ഹിന്ദു കുടുംബങ്ങള്‍ പന്നികളെ കൊണ്ടുവന്നതെന്നും അലി ആരോപിക്കുന്നു.

 

പഴിചാരല്‍ ആരംഭിക്കുന്നു

ഹിന്ദുക്കള്‍ പുറത്തിറക്കുന്ന വീഡിയോയ്ക്കു മുസ്ലിംകളും മറുപടിയായി എത്തിയതോടെ ഇതു മറ്റൊരു തലത്തിലേക്കു കടന്നിട്ടുണ്ട്. ഇതിനു പിന്നാലെ വീടിനു പുറത്തുള്ള കൂടുകള്‍ ശൂന്യമാണ്. പുറത്തുവച്ച പന്നികള്‍ ചത്തതു മറ്റൊരു സംഘര്‍ഷത്തിനും ഇടയാക്കി. പന്നികളെ മുസ്ലിം സമുദായംഗങ്ങള്‍ മനഃപൂര്‍വ്വം വിഷം കൊടുത്തു കൊന്നതാണെന്ന് ഹിന്ദു താമസക്കാര്‍ ആരോപിക്കുന്നു. എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഈ വാദം പൊളിഞ്ഞു. വീട്ടുകാര്‍ പന്നികള്‍ക്കു ഭക്ഷണം നല്‍കുന്നതിനു മുമ്പ് എന്തോ കുത്തിവയ്ക്കുന്നതു വ്യക്തമാണ്.

അയല്‍പക്കത്തെ സംഘര്‍ഷങ്ങള്‍

കഴിഞ്ഞ രണ്ട് മാസമായി, അബ്ദുള്‍ ബാരിയും ലിയാഖത്ത് അലിയും പ്രാദേശിക പോലീസ് സ്റ്റേഷനില്‍ ആവര്‍ത്തിച്ച് സന്ദര്‍ശനം നടത്തുകയും തങ്ങള്‍ നേരിടുന്ന ഉപദ്രവങ്ങളെക്കുറിച്ച് പരാതികള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, നടപടിയുണ്ടാകുന്നില്ലെന്നു മാത്രം.

രണ്ട് പതിറ്റാണ്ടായി ത്രി നഗറിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓങ്കാര്‍ നഗര്‍ ബി-യിലും താമസിക്കുന്ന അലിക്ക്, അവിടെ തുടരുന്നതില്‍ ഇത്രയും അനിശ്ചിതത്വം തോന്നിയിട്ടില്ല. പുതിയ മുസ്ലിം താമസക്കാരെ ഉപദ്രവിക്കുന്നുണ്ടെന്നും ഇവിടെ വീട് പണിയണമെങ്കില്‍ പണം തട്ടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇവിടെ വരുന്ന ഓരോ മുസ്ലിമിനോടും പണം ചോദിക്കുന്നു. നിങ്ങള്‍ ഇതിനെ പിടിച്ചുപറി എന്ന് വിളിക്കാം. അവര്‍ വിസമ്മതിച്ചാല്‍ വിവിധ രീതികളില്‍ ഉപദ്രവിക്കപ്പെടും’- അലി ആരോപിക്കുന്നു.

ബാരിയുടെ അനുഭവവും സമാനമായിരുന്നു. 2023-ല്‍ ഒരു ഹിന്ദു കോളനി എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന സ്ഥലത്ത് ഒരു പ്ലോട്ട് വാങ്ങിയ ശേഷം വീട് പണിയാന്‍ തുടങ്ങിയപ്പോള്‍, റെസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓരോ നിലയ്ക്കും 1 ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ പണി നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹം വിസമ്മതിച്ചപ്പോള്‍, അനധികൃത നിര്‍മ്മാണം ആരോപിച്ച് അദ്ദേഹത്തിനെതിരെ പരാതികള്‍ നല്‍കി.

അത് ഫലിക്കാതെ വന്നപ്പോള്‍ സമ്മര്‍ദ്ദം മറ്റ് രീതിയിലായെന്ന് ബാരി അവകാശപ്പെടുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അയല്‍പക്കത്താകെ പ്രചരിച്ചു. ‘ഞാന്‍ ലെതര്‍ ബിസിനസ്സ് ആണെന്നും ഇവിടെ വര്‍ഗീയത പടര്‍ത്താന്‍ പാക്കിസ്ഥാനില്‍ നിന്ന് എനിക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു’- അദ്ദേഹം പറഞ്ഞു.

 

#TriNagar, #DelhiNews, #CommunalTensions, #DelhiPolice, #MCD, #SocialIssues, #Delhi, #GroundReport, #ReligiousHarmony, #CurrentAffairs, #Dailyhunt, #GoogleNews, #MalayalamNews, #KeralaReader, #NationalNews, #HumanRights, #CommunityLiving, #BreakingNews, #IndiaToday, #NeighborhoodDispute

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: