‘കേരളത്തിലെ ബിജെപിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം സംസ്ഥാനത്തേപ്പറ്റി ഒന്നുമറിയാത്ത അധ്യക്ഷനും അദ്ദേഹത്തെ ചോദ്യംചെയ്യാത്ത അനുചരവൃന്ദവുമാണ്‘: സെൻകുമാർ

കൊച്ചി: ബിജെപിയുടെ ‘ക്രിസ്ത്യൻ ഔട്ട്റീച്ച്’ തന്ത്രത്തെയും പാർട്ടി സംസ്ഥാന നേതൃത്വത്തെയും കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി അനുഭാവിയും മുൻ ഡിജിപിയുമായ ടി.പി. സെൻകുമാർ. ബിജെപി തങ്ങളുടെ പ്രധാന വോട്ടർമാരായ ഹിന്ദുക്കളെ അവഗണിച്ച് ക്രൈസ്തവ വിഭാഗങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിച്ചതിനെതിരെ താൻ നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ചത്തീസ്ഗഢിലെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾത്തന്നെ താൻ ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടിരുന്നുവെന്നും അദ്ദേഹം കുറിച്ചു.
കേരളത്തിലെ ബിജെപിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം സംസ്ഥാനത്തേപ്പറ്റി ഒന്നുമറിയാത്ത അധ്യക്ഷനും അദ്ദേഹത്തെ ചോദ്യംചെയ്യാത്ത അനുചരവൃന്ദവുമാണെന്ന് സെൻകുമാർ പരിഹസിച്ചു. പൂഞ്ഞാറിലെയും പാലായിലെയും വോട്ടെടുപ്പിന് പിന്നാലെ സഭയ്ക്കെതിരെ രംഗത്തുവന്ന പി.സി. ജോർജിന്റെയും ഷോൺ ജോർജിന്റെയും നിലപാടുകൾ തികച്ചും ശരിയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുന്നതല്ലാതെ ബിജെപിക്ക് എന്ത് സഹായമാണ് ഇവർ തിരിച്ചു നൽകുന്നതെന്ന ചോദ്യവും സെൻകുമാർ ഉന്നയിച്ചു. എല്ലായ്പ്പോഴും ലാഭം മാത്രം എടുക്കുന്ന സ്വഭാവമാണ് ക്രൈസ്തവ വിഭാഗത്തിനുള്ളതെന്നും മുൻ ഡിജിപി ആരോപിച്ചു.
ലോകമെമ്പാടും പടർന്നുപന്തലിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിൽനിന്ന് ക്രൈസ്തവ വിഭാഗത്തെ രക്ഷിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ എന്ന് അവർ തിരിച്ചറിയണമായിരുന്നു. സ്വന്തം ലാഭത്തിന് വേണ്ടിയെങ്കിലും അവർ ബിജെപിയെ പിന്തുണയ്ക്കണമായിരുന്നു. ക്രൈസ്തവ വിഭാഗത്തിന്റെ യാതൊരു സഹായവുമില്ലാതെതന്നെ ഇന്ത്യ ഭരിക്കാൻ ബിജെപിക്ക് കരുത്തുണ്ടെന്ന് സഭയുൾപ്പെടെയുള്ളവർ മനസ്സിലാക്കണം. ഈ തിരഞ്ഞെടുപ്പിൽ ബിജെപി നേടുന്ന എല്ലാ സീറ്റുകളും ക്രൈസ്തവ വിഭാഗങ്ങളുടെ സഹായമില്ലാതെ ലഭിക്കുന്നതാണെന്ന് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി എല്ലാവരും കാണിക്കണമെന്നും സെൻകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.






