യുഡിഎഫിന് 102 സീറ്റ് വരെ; നിരവധി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിച്ച സി.പി. റാഷിദ് പറയുന്നതിന്റെ അടിസ്ഥാനം എന്ത്? പോളിംഗ് ശതമാനവും മേഖലകളും തമ്മില്‍ ബന്ധം

കോഴിക്കോട്: നിരവധി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിച്ച് ശ്രദ്ധേയമായ വ്യക്തിയാണ് കോഴിക്കോട് സ്വദേശി സി.പി റാഷിദ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണി 91-102 സീറ്റുവരെ തൂത്തുവാരുമെന്നാണ് റാഷിദിന്റെ പ്രവചനം. 41.5%- 45% വരെയാണ് യുഡിഎഫിന് റാഷിദ് പ്രവചിക്കുന്ന വോട്ട് ശതമാനം. എല്‍ഡിഎഫിന് 38-48(36.5% – 39.5 % ), എന്‍ഡിഎ 1-3(14%- 17%) എന്നിങ്ങനെയാണ് റാഷിദ് പ്രവചിക്കുന്നത്. എന്താണ് ഈ പ്രവചനത്തിന് അടിസ്ഥാനം?
വോട്ട് കണക്കെടുക്കുന്നതിന് എണ്ണത്തേക്കാള്‍ ശതമാന കണക്കാണ് അടിസ്ഥാനമാക്കുന്നതെന്ന് റാഷിദ് പറഞ്ഞു. ശതമാന കണക്ക് പബ്ലിക്ക് മൈന്‍ഡുമായി കണക്ട് ചെയ്തിരിക്കുന്നതാണ്. മാറ്റമുണ്ടെങ്കില്‍ അതില്‍ കാണാനാകുമെന്ന് റാഷിദ് പറയുന്നു.
പതിവില്ലാത്ത വിധം ന്യൂനപക്ഷ വോട്ടിന് ശേഷം ഏകീകരണം സംഭവിച്ചു എന്നാണ് യുഡിഎഫിന് അനുകൂലമായി റാഷിദ് കാണുന്ന ഒരു ഘടകം. പോളിങ് ശതമാനവും മേഖലകളും പരിശോധിക്കുമ്പോള്‍ ഇത് കാണാമെന്നും റാഷിദ് പറയുന്നു. ”2001ലെ തിരഞ്ഞെടുപ്പിലാണ് ഇത്തരത്തിലൊരു ഏകീകരണം നടക്കുന്നത്. അതിന് ശേഷമാണ് സിപിഎം നേതൃത്വത്തിലേക്ക് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വരുന്നത്. അവര്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ കടന്നു വന്നു. അതിന്റെ തിരിച്ചു പോക്കാണ് ഈ തിരഞ്ഞെടുപ്പ്”, എന്നാണ് റാഷിദിന്റെ നിരീക്ഷണം. മണ്ഡല പുനര്‍നിര്‍ണയം വഴി യുഡിഎഫിന് തിരിച്ചടിയായിരുന്ന സാഹചര്യം എസ്‌ഐആറിലൂടെ മറികടന്നു. യുഡിഎഫ് വോട്ട് ബാങ്ക് ആക്ടീവാകാന്‍ ഇത് കാരണമായെന്നും റാഷിദിന്റെ നിരീക്ഷണത്തിലുണ്ട്.
ശബരിമല പോലുള്ള വിഷയങ്ങള്‍ സിപിഎമ്മിന്റെ വോട്ടായ ഈഴവ സമുദായത്തിലും പൊതുബോധത്തിലേക്കും നിരാശപ്പെടുത്തി. വിശദീകരണങ്ങള്‍ തൃപ്തികരമായികുന്നില്ലെന്നും റാഷിദ് പറഞ്ഞു. ഇതിനൊപ്പമാണ് മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്കുണ്ടായ ഇടിവ്. പിണറായിയുടെ പ്രതിച്ഛായ പ്രതികൂലമായി നില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ചിത്രം മാത്രമുള്ള ഫെക്‌സ് വച്ചുള്ള പ്രചാരണം തിരിച്ചടിയായെന്നും റാഷിദ് നിരീക്ഷിക്കുന്നു.
തന്റെ പ്രവചനത്തില്‍ ബിജെപിക്കായി പറയുന്ന സീറ്റ് നേമമാണെന്നും റാഷിദ്. ബാക്കിയുള്ളത് സാധ്യതകള്‍ മാത്രമാണ്. എസ്‌ഐആര്‍ ബിജെപിയുടെ വിജയത്തിന് തിരിച്ചടിയുണ്ടാക്കുന്ന ഫാക്ടറാണെന്നും റാഷിദ് പറഞ്ഞു. ബിജെപിയുടെ വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ വലിയ രീതിയില്‍ വോട്ട് ഒഴിവായി. അത് വിജയത്തിലേക്ക് എത്തിക്കുള്ള സാധ്യത കുറയും. കഴിഞ്ഞ വര്‍ഷത്തെ വോട്ടര്‍ പട്ടിക പ്രകാരമാണെങ്കില്‍ ബിജെപിക്ക് സീറ്റ് വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ള തിരഞ്ഞെടുപ്പാകുമായിരുന്നുവെന്നും റാഷിദ് പറയുന്നു.






