ശ്രീനന്ദയെ കാണാതായത് നാലുദിവസം മുൻപ്, മൃതദേഹത്തിന് അത്രയും പഴക്കമില്ല, മൃതദേഹം കിട്ടിയ സ്ഥലത്തേക്ക് ശ്രീനന്ദ പോയിട്ടില്ല!! പോലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്ക്… മരണത്തിൽ ദുരൂഹത- കുടുംബം

ബെംഗളൂരു: വിനോദസഞ്ചാരത്തിനിടെ കർണാടകയിലെ ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. ശ്രീനന്ദയെ കാണാതായ സമയത്തു തന്നെ മൃതദേഹം കണ്ടെത്തിയ സ്ഥലം പോലീസടക്കം പരിശോധിച്ചിരുന്നുവെന്നു വല്യച്ഛൻ ശശിധരൻ മാധ്യമങ്ങളോട് പറഞ്ഞു.
അന്നു നോക്കിയിട്ട് കണ്ടെത്താൻ കഴിയാത്ത മൃതദേഹം ഇപ്പോൾ കണ്ടെത്തിയതിൽ ദുരൂഹതയുണ്ട്. കുട്ടിയെ കാണാതായിട്ടു നാലുദിവസമായെങ്കിലും മൃതദേഹത്തിന് അത്രയും പഴക്കമില്ല. അതുപോലെ മാണിക്കധാര വെള്ളച്ചാട്ടത്തിൽ നിന്ന് കയറിവരുന്നയിടത്താണ് വാഹനം പാർക്ക് ചെയ്തിരുന്നത്. മൃതദേഹം മറുവശത്തായിരുന്നു. എന്നാൽ ഇവിടേക്ക് ശ്രീനന്ദ പോയിട്ടില്ലെന്നും, കാണാതായത് വ്യൂപോയിന്റിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം പോലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ കടയുടമയെ പോലീസ് ചോദ്യം ചെയ്തില്ല. പ്രദേശവാസികളിൽനിന്നു വിവരം തേടിയില്ലെന്നും കുടുംബം ആരോപിക്കുന്നു. പാലക്കാട് കടമ്പഴിപ്പുറം കൂത്തറ വീട്ടിൽ രമേഷിന്റെയും രോഹിണിയുടെയും മകളാണ് ശ്രീനന്ദ. ചിക്കമഗളൂരുവിലെ ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനാണ് ഈമാസം 4നു പെൺകുട്ടിയുടെ കുടുംബം ഉൾപ്പെടെ 40 പേർ അടങ്ങിയ സംഘം യാത്ര ആരംഭിച്ചത്. പിന്നീട് നാലുദിവസം മുൻപ് കർണാടകയിലെ ചിക്കമഗളൂരുവിൽ വച്ച് പെൺകുട്ടിയെ കാണാതാവുകയായിരുന്നു.






