പ്രധാന നേതാക്കളും സ്ഥാനാർത്ഥികളും വോട്ട് ചെയ്തു; ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് ; ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ്; തൂക്ക് സഭ വരുമെന്നും അതിൽ ബിജെപി നിർണായക ശക്തിയാകുമെന്നും ബിജെപി അധ്യക്ഷൻ

കൊച്ചി: സംസ്ഥാനത്ത് പോളിംഗ് മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. ആദ്യ 2 മണിക്കൂറിൽ സംസ്ഥാനത്ത് 10.6 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ തന്നെ മിക്ക ബൂത്തുകളിലും നീണ്ട നിരയുണ്ട്. ആദ്യ മണിക്കൂറിൽ തന്നെ പ്രധാന നേതാക്കളും സ്ഥാനാർത്ഥികളും വോട്ട് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർസി അമല സ്‌കൂളിൽ കുടുംബ സമേതമെത്തി വോട്ട് ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ, ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ, അടക്കം പ്രമുഖർ രാവിലെ തന്നെ വോട്ട് ചെയ്തു. സംസ്ഥാനത്തെ പല ബൂത്തുകളിലും രാവിലെ ആറര മുതൽ വോട്ടർമാരുടെ നീണ്ടനിരയാണ് . വൈകീട്ട് ആറുമണി വരെയാണ് പോളിങ്.
വോട്ട് രേഖപ്പെടുത്തിയതിനു പിന്നാലെ ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് നേതാക്കളും ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ് നേതാക്കളും അവകാശപ്പെട്ടു.
സംസ്ഥാനത്ത് തൂക്ക് സഭ വരുമെന്നും അതിൽ ബിജെപി നിർണായക ശക്തിയാകുമെന്നും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സഭയിൽ ബഹളം ഉണ്ടാക്കാനും ബെഞ്ചിൽ കയറാനും ആകരുത് വോട്ടെന്നും നേമത്തെ ഇടത് സ്ഥാനാർത്ഥി വി.ശിവൻകുട്ടിയെ പരോക്ഷമായി പരിഹസിച്ച് അദ്ദേഹം പറഞ്ഞു. മാറ്റം വരുമെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.
ഇത്തവണ മികച്ച റിസൾട്ട് ഉണ്ടാകുമെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതലുള്ള തരംഗമാണ്. ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും മികച്ച വിജയം നേടി.ഫൈനലിൽ നല്ല ഗോൾ അടിച്ചു കൊണ്ടിരിക്കുന്നു.റെക്കോർഡ് വിജയം ഇത്തവണ ഉണ്ടാകും.ലീഗ് മികച്ച വിജയം നേടും.
എല്ലായിടത്തും നല്ല മത്സരമാണെന്നും മത്സരിച്ച ഭൂരിപക്ഷം സീറ്റുകളും ലീഗ് നേടുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപി ഉത്തരേന്ത്യയിൽ ചെയ്യുന്ന പണി ആണ് ഇവിടെ ചെയ്യുന്നത്.അത് ഇവിടെ ക്ലച്ച് പിടിക്കില്ല. അതുകൊണ്ടാണ് ഓരോ തിരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കും പിന്നെ ക്ലോസ് ആകും എന്ന നില വരുന്നത്.ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കാൻ സാധ്യത കുറവാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും മുനവറലി തങ്ങളും പാണക്കാട് സികെ എം എം എ എൽപി സ്‌കൂൾ 128ആം നമ്പർ ബൂത്തിൽ വോട്ട് രേഖപെടുത്തി. പി കെ കുഞ്ഞാലികുട്ടിയും ഇതേ സ്കൂളിലെ 129ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്തത്.





