പൈലറ്റിന്റെ രക്ഷാ പ്രവര്‍ത്തനത്തിനിടെ അമേരിക്കന്‍ വിമാനങ്ങളുടെ കൂട്ടക്കുരുതി? ചിത്രങ്ങള്‍ പങ്കുവച്ച് ഇറാന്; നിരവധി വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം; ചൊവ്വാഴ്ചയ്ക്കു ശേഷം ‘ഇതുപോലെ മറ്റൊന്ന്’ ഉണ്ടാകില്ലെന്ന ഭീഷണിയുമായി വീണ്ടും ട്രംപ്; പവര്‍ പ്ലാന്റുകള്‍ തകര്‍ക്കും

ദുബായ്: ഇറാനിലെ ഇസ്ഫഹാന് പ്രവിശ്യയുടെ തെക്ക് ഭാഗത്ത് കുടുങ്ങിക്കിടന്ന ഒരു വൈമാനികനെ കണ്ടെത്താനുള്ള യുഎസ് ദൗത്യത്തിനിടെ നിരവധി വിമാനങ്ങള്‍ നശിപ്പിക്കപ്പെട്ടതായി ഇറാന് സൈന്യം. വെള്ളിയാഴ്ച ഇറാനില്‍ വെച്ച് വെടിവെച്ചിട്ട എഫ്-15 ജെറ്റിലെ രണ്ടാമത്തെ വൈമാനികനെ രക്ഷിച്ചെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘ഗ്രൗണ്ടിലുള്ള വിദഗ്ധര്‍ നടത്തിയ അന്വേഷണത്തില്‍ യുഎസ് സൈന്യത്തിന്റെ രണ്ട് സി-130 സൈനിക ഗതാഗത വിമാനങ്ങളും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഞങ്ങളുടെ സേന നശിപ്പിച്ചെന്നു കണ്ടെത്തി’- ഇറാനിയന്‍ സായുധ സേനയുടെ ഏകീകൃത കമാന്‍ഡ് വക്താവ് പറഞ്ഞു.
ഇറാനിയന്‍ സൈന്യവും റെവല്യൂഷണറി ഗാര്‍ഡും പുറപ്പെടുവിച്ച പ്രത്യേക പ്രസ്താവനകളില്‍, ഇസ്ഫഹാന് പ്രവിശ്യയില്‍ ഇസ്രായേലി ഹെര്‍മിസ്-900 ഡ്രോണും യുഎസ് എംക്യു-9 ഡ്രോണും വെടിവെച്ചിട്ടതായി പറഞ്ഞു.
ചഹര്‍മഹല്‍ ആന്‍ഡ് ബക്തിയാരി, കോഹ്ഗിലുയേ ആന്‍ഡ് ബോയര്‍ അഹ്മദ്, ഇസ്ഫഹാന് എന്നീ മൂന്ന് വ്യത്യസ്ത പ്രവിശ്യകളില്‍ ശനിയാഴ്ച വൈകുന്നേരം മുതല്‍ യുഎസ് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് പറഞ്ഞു.
അതേസമയം, കടുത്ത ഭാഷയിലാണ് ഹോര്‍മൂസ് കടലിടുക്കു തുറക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനെതിരേ ട്രംപ് പ്രതികരിച്ചത്. ലോകത്തിലെ എണ്ണ, പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ പാത അഞ്ച് ആഴ്ചകള്‍ക്ക് മുമ്പ് യുദ്ധം ആരംഭിച്ചത് മുതല്‍ ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്.
‘ഇറാനില്‍ ചൊവ്വാഴ്ച പവര്‍ പ്ലാന്റ് ദിനവും (Power Plant Day ) ബ്രിഡ്ജ് ദിനവും (
Bridge Day) ഒന്നുചേര്‍ന്ന ഒന്നായിരിക്കും,’ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്ന് വിമര്‍ശകര്‍ പറയുന്ന ഊര്‍ജ്ജ-ഗതാഗത അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു.
‘ഇതുപോലൊന്ന് വേറെ ഉണ്ടാകില്ല! കടലിടുക്ക് തുറക്കൂ, ഭ്രാന്തന്മാരായ തെണ്ടികളേ, അല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരും – നോക്കിക്കോ! അള്ളാഹുവിന് സ്തുതി. പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപ്’- എന്നായിരു കുറിപ്പ്.
ശനിയാഴ്ച ഒരു പ്രധാന പെട്രോകെമിക്കല്‍ കേന്ദ്രം ആക്രമിച്ച ഇസ്രായേല്‍, അടുത്ത ആഴ്ച ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണെന്നും യുഎസ് അനുമതിക്കായി കാത്തിരിക്കുകയാണെന്നും മുതിര്‍ന്ന ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥന് പറഞ്ഞു.
എന്നാല്‍ ഇറാന് ചര്‍ച്ചകള്‍ നടത്തുകയാണെന്നും തിങ്കളാഴ്ചയോടെ ഒരു കരാര്‍ സാധ്യമാണെന്നും ട്രംപ് ഞായറാഴ്ച ഫോക്സ് ന്യൂസിനോട് പറഞ്ഞു. ശത്രുത അവസാനിപ്പിക്കണമെന്ന് ടെഹ്റാന് ആവശ്യപ്പെടുന്നുണ്ട്. ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് ട്രംപിന്റെ ഭീഷണികളെ അപലപിക്കുകയും, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പറഞ്ഞു.
‘നിങ്ങളുടെ വിവേകശൂന്യമായ നീക്കങ്ങള്‍ അമേരിക്കയിലെ ഓരോ കുടുംബത്തെയും ജീവിക്കുന്ന നരകത്തിലേക്ക് തള്ളിവിടുകയാണ്, നെതന്യാഹുവിന്റെ കല്‍പ്പനകള്‍ പിന്തുടരാന് നിങ്ങള്‍ നിര്‍ബന്ധം പിടിക്കുന്നതിനാല്‍ ഞങ്ങളുടെ പ്രദേശം മുഴുവന്‍ കത്തിയമരാന്‍ പോകുകയാണ്’- അദ്ദേഹം എക്സില്‍ കുറിച്ചു.






