Breaking NewsKeralaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDING

ആ ചിലവെന്താ സണ്ണി ജോസഫ് പറയാഞ്ഞത്? ഒരു തരത്തില്‍ കണക്കൊപ്പിക്കാന്‍ നോക്കിയപ്പോള്‍ അവിടെയും ഒക്കുന്നില്ലല്ലോ? രാഹുല്‍ മാങ്കൂട്ടത്തിലും കെപിസിസി പ്രസിഡന്റും പറഞ്ഞ തുകയിലും പൊരുത്തക്കേട്; പുതിയ കണക്കും കോണ്‍ഗ്രസിന് ‘ആപ്പാ’കുമോ?

തിരുവനന്തപുരം: വയനാട് ഫണ്ട് പിരിവുമായി ബന്ധപ്പെട്ടു തെരഞ്ഞെടുപ്പു കാലത്ത് കോണ്‍ഗ്രസ് മുള്‍മുനയിലാണ്. പിരിച്ച പണമെത്രയെന്ന് പുറത്തുവിടാത്തതായിരുന്നു കടുത്ത പ്രതിസന്ധിക്ക് ഇടയാക്കിയത്. ആപ്പ് അടക്കം നിര്‍മിച്ച് കോടികള്‍ പിരിച്ചെന്നത് സ്‌ക്രീന്‍ ഷോട്ട് അടക്കം ഇടതുപക്ഷ സംഘടനകള്‍ പുറത്തുവിട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. 40 കോടിക്കു മുകളില്‍ പിരിച്ചെന്നാണ് ഇടതു സംഘടനകള്‍ ആരോപിക്കുന്നത്. എന്നാല്‍, നിലവില്‍ വയനാട്ടില്‍ ഭൂമി വാങ്ങിയത് അടക്കം, ആപ്പ് നിര്‍മിക്കാനുള്ള ഒമ്പതുലക്ഷം ചെലവ് അടക്കമുള്ള കണക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അവതരിപ്പിച്ചു.

ഇതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തുവന്നു. എന്നാല്‍, ഈ കണക്കുകളിലെ ലക്ഷങ്ങളുടെ പൊരുത്തക്കേടു ചൂണ്ടിക്കാട്ടുകയാണ് കണ്ടന്റ് ക്രിയേറ്ററായ അജയ് ബാലചന്ദ്രന്‍. കണക്കില്‍ 7.76 ലക്ഷം രൂപയുടെ വ്യത്യാസം എങ്ങനെയുണ്ടായെന്നും ഇത് ഏതു കണക്കില്‍ ചെലവിട്ടു എന്നുമാണ് അദ്ദേഹം ചോദിക്കുന്നത്. വയനാട്ടില്‍ അടുത്ത ഘട്ടം ഭൂമിവാങ്ങാനുള്ള 2.18 ഏക്കര്‍ ഭൂമിയുടെ വിലയായ 2,50,30,272 രൂപ ഉള്‍ക്കൊള്ളിക്കുന്നുണ്ടെങ്കിലും ഭൂമി ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നതും കാണണം.

Signature-ad

 

പോസ്റ്റിന്റെ പൂര്‍ണരൂപം

 

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു വിശദീകരണവുമായി ഇറങ്ങിയതോടെ കോണ്‍ഗ്രസ്സിന്റെ കണക്കിലെ അവ്യക്തത കുറച്ചുകൂടി വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്. കണക്ക് മനസ്സിലായവരുണ്ടെങ്കില്‍ പറഞ്ഞുതരാന്‍ അപേക്ഷ.

ശ്രീ സണ്ണി ജോസഫ് ഇന്ന് പറഞ്ഞ കണക്കില്‍ അദ്ദേഹം പറയുന്ന രണ്ട് കാര്യങ്ങള്‍ ഇതാണ്.

1. ‘പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി മുന്നോട്ടെടുത്ത ഭവനനിര്‍മാണത്തിന് വേണ്ടി ഞങ്ങള്‍ക്കാകെ ലഭിച്ചിട്ടുള്ളത് – അക്കൗണ്ട് വഴി അഞ്ച് കോടി മുപ്പത്തെട്ട് ലക്ഷത്തി ഇരുപത്തൊന്നായിരത്തി അറുനൂറ്റി മുപ്പത്തി രണ്ട് (5,38,21,632) രൂപയാണ്.

2. ‘ഒരു കോടി അഞ്ച് ലക്ഷം (1,05,00,000) രൂപ യൂത്ത് കോണ്‍ഗ്രസ് പിരിക്കുകയും അതവര്‍ കെപിസിസിക്ക് നല്‍കുകയും ചെയ്തു’ എന്നും അദ്ദേഹം പറയുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസ് പിരിച്ച തുക കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ലഭിച്ചതായി പറഞ്ഞ തുകയുടെ ഭാഗമാണ് എന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമായി ഒരിടത്തും പറയുന്നില്ല. ‘അക്കൗണ്ട് വഴി കിട്ടിയതാണ് അഞ്ച് മുപ്പത്തെട്ട്, അതിന്റെ കൂടെയാണ് യൂത്ത് കോണ്‍ഗ്രസ് ഒരു കോടി അഞ്ച് ലക്ഷം’ എന്ന് അദ്ദേഹം ഒരു സ്ഥലത്ത് പറയുന്നുണ്ട്.

‘അതിന്റെ കൂടെയാണ്’ എന്ന് പറയുന്നതും ‘അതിന്റെ ഭാഗമാണ്’ എന്ന അര്‍ഥം തരുന്നില്ല. എന്നാലും അത് ഒരു മിസ് കമ്യൂണിക്കേഷനാണ് എന്ന് കരുതാം. രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത ഒരു വീഡിയോയില്‍ വരവിന്റെ കാര്യത്തില്‍ കൂടുതല്‍ വിശദീകരണമുണ്ട്. അതില്‍ അദ്ദേഹം പറയുന്ന കണക്കുകള്‍ റീലില്‍ എഴുതിക്കാണിക്കുന്നുണ്ട്. രാഹുല്‍ പറയുന്നത് ഇതാണ്.

1. യൂത്ത് കോണ്‍ഗ്രസ് പിരിച്ചത് ഒരുകോടി അഞ്ച് ലക്ഷം (സെയിം)

2. കെപിസിസി ആപ്പ് വഴി പിരിച്ചത് നാലു കോടി മുപ്പത്തിമൂന്നു ലക്ഷത്തി ഇരുപത്തൊന്നായിരത്തി അറുനൂറ്റി മുപ്പത്തി രണ്ട് (4,33,21,632) രൂപ. ഇങ്ങനെ ഒരു തുകയെപ്പറ്റി ശ്രീ സണ്ണി ജോസഫ് പറയുന്നേയില്ല എന്നതാണ് ആശയക്കുഴപ്പത്തിന് കാരണം.

ഈ കണക്കുവച്ച് നോക്കിയാല്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ചേര്‍ന്ന് ആകെ പിരിച്ച തുകയാണ് 5,38,21,632 രൂപ. ഇതാണ് ശ്രീ സണ്ണി ജോസഫ് ഉദ്ദേശിച്ചത് എന്ന് തല്‍ക്കാലം നമുക്ക് കണക്കാക്കാം. പക്ഷേ ഈ കണക്ക് വച്ച് നോക്കിയാലും അദ്ദേഹം പറഞ്ഞ ചിലവ് കണക്ക് ശരിയാകുന്നില്ല.

അദ്ദേഹം പറഞ്ഞ ആകെ മൂന്ന് ചിലവുകള്‍ ഇതൊക്കെയാണ്

ഒന്ന്: ആപ്പ് നിര്‍മാണം: 9,30,000 രൂപ

രണ്ട്: 3.245 ഏക്കര്‍ ഭൂമി: 3,68,36,388 രൂപ (ഇതിന്റെ ചിലവ് രാഹുല്‍ പറയുന്നത് 3,68,36,385 രൂപ എന്നാണ്. സണ്ണി ജോസഫ് പറയുന്നതിനേക്കാള്‍ മൂന്ന് രൂപ കുറവ്. അത് വിട്ടുകളയാം)

മൂന്ന്: 2.18 ഏക്കര്‍ ഭൂമി: 2,50,30,272 രൂപ (രാഹുല്‍ പറയുന്നത് 2,50,30,212 രൂപ എന്നാണ്. അവിടെ അറുപത് രൂപ വ്യത്യാസം. അതും വിട്ടുകളയാം)

ആകെ ചിലവ് (സണ്ണി ജോസഫ് പറഞ്ഞ കണക്ക്)

9,30,000 + 3,68,36,388 + 2,50,30,272 = 6,27,96,660 രൂപ. (ഇവിടെയും അറുപത്തി മൂന്ന് രൂപയുടെ വ്യത്യാസം രാഹുലിന്റെ കണക്കിലുണ്ട്. വിട്ടുകളയാം. കെപിസിസി പ്രസിഡന്റിന്റെ കണക്കിനാണ് കൂടുതല്‍ മൂല്യം. കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയുടെ കണക്കിനല്ല)

എന്തായാലും ചിലവാണ് വരവിനേക്കാള്‍ കൂടുതല്‍.

ചിലവില്‍നിന്ന് വരവ് കുറച്ചാല്‍ എത്ര രൂപയാണ് കെപിസിസിയുടെ തനത് ഫണ്ടില്‍നിന്ന് ചിലവാക്കേണ്ടി വരിക എന്ന് കണക്കാക്കാം.

6,27,96,660 – 5,38,21,632= 89,75,028 രൂപ

അതായത് എണ്‍പത്തൊന്‍പത് ലക്ഷത്തി എഴുപത്തയ്യായിരത്തി ഇരുപത്തെട്ട് രൂപയാണ് കെപിസിസിയുടെ തനത് ഫണ്ടില്‍ നിന്ന് ചിലവാകേണ്ടത്. പക്ഷേ സണ്ണി ജോസഫ് പറയുന്നത് ഇങ്ങനെയാണ്.

‘ഇതിനായി കോണ്‍ഗ്രസ് പാര്‍ട്ടിയും യൂത്ത് കോണ്‍ഗ്രസും പിരിച്ചത് തികയാതെ വന്നപ്പോള്‍ കെപിസിസി യുടെ തനത് ഫണ്ടില്‍ നിന്ന് തൊണ്ണൂറ്റേഴ് ലക്ഷത്തി അന്‍പത്തി ഒന്നായിരത്തി ഇരുനൂറ്റി പന്ത്രണ്ട് (97,51,212) രൂപ അധികമായിട്ട് ചിലവ് ചെയ്തിട്ടുണ്ട്’ എന്നാണ്.

‘ചിലവ് ചെയ്തിട്ടുണ്ട്’ എന്നാണ് ശ്രീ സണ്ണി ജോസഫ് പറയുന്നത് എന്നത് ശ്രദ്ധിക്കുക.

അതായത് കണക്കനുസരിച്ച് ചിലവാക്കേണ്ടിയിരുന്ന തുകയായ 89,75,028 രൂപയേക്കാള്‍ ഏഴ് ലക്ഷത്തി എഴുപത്തി ആറായിരത്തി ഒരുനൂറ്റി എണ്‍പത്തിനാല് (7,76,184) രൂപ കൂടുതലായി ചിലവാക്കി.

എന്തിനാണിത്രയും തുക ചിലവാക്കിയത്?

ആ ചിലവെന്താ ശ്രീ സണ്ണി ജോസഫ് പറയാഞ്ഞത്?

97,51,212 രൂപയില്‍ ഒരു ഭാഗം അക്കൗണ്ടില്‍ ബാക്കിയുണ്ട് എന്നല്ല ശ്രീ സണ്ണി ജോസഫ് പറയുന്നത് എന്നത് ശ്രദ്ധിക്കുക. 97,51,212 രൂപയും ചിലവ് ചെയ്തിട്ടുണ്ട് എന്നാണ്.

അക്കൗണ്ടില്‍ ഇപ്പോള്‍ എത്ര രൂപ ബാക്കിയുണ്ട് എന്നും ഇത്രയും കാലം കൊണ്ട് പലിശയായി എത്ര രൂപ ലഭിച്ചു എന്നും പറഞ്ഞ മൂന്ന് ചിലവുകളല്ലാതെ മറ്റ് ചിലവുകളുണ്ടോ എന്നുകൂടി വ്യക്തമാക്കിയാലേ കണക്ക് ക്ലിയര്‍ ആവൂ!

(പലിശ ഇരുപത് – മുപ്പത് ലക്ഷം രൂപവരെ ഇതിനകം അക്കൗണ്ടില്‍ വന്നിട്ടുണ്ടാവും എന്നാണ് എനിക്ക് തോന്നുന്നത്. അതിന്റെ കാര്യത്തിലും അവ്യക്തതയുണ്ട്. കെപിസിസിയുടെ തനത് ഫണ്ടില്‍നിന്ന് പലിശ കഴിച്ചുള്ള തുക മാത്രം ചിലവാക്കിയാല്‍ മതിയല്ലോ? 97,51,212 രൂപ മുഴുവന്‍ ചിലവാക്കേണ്ടതില്ലല്ലോ?)

ഇതുവരെയുള്ള കണക്കനുസരിച്ച് പലിശ കണക്കാക്കാതിരുന്നാല്‍ ഏറ്റവും കുറഞ്ഞത് ഏഴേമുക്കാല്‍ ലക്ഷം രൂപയുടെയെങ്കിലും തിരിമറി ആരോ കെപിസിസിയുടെ തനത് ഫണ്ട് ചിലവാക്കിയതില്‍ നടത്തിയിട്ടുണ്ടെന്നാവും കണക്ക് പരിശോധിക്കുന്നവര്‍ മനസിലാക്കുക. ഞാന്‍ ഓഡിറ്ററൊന്നുമല്ല. കണക്കുകൂട്ടിയതില്‍ പിശകുണ്ടാവാം. തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ അപേക്ഷ.

#WayanadFund, #CongressNews, #KPCC, #SunnyJoseph, #RahulMamkootathil, #WayanadReliefFund, #KeralaPolitics, #CongressControversy, #AjayBalachandran, #PoliticalNews, #MalayalamNews, #FundCollection, #KeralaElection, #UDF, #YouthCongress, #WayanadLandIssue, #DailyhuntMalayalam, #TrendingNews, #PoliticalAnalysis, #CorruptionAllegations

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: