
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധവും അതിനെത്തുടർന്നുണ്ടായ ഇന്ധനവില വർധനയും അമേരിക്കൻ ജനതയിൽ പ്രസിഡന്റ് ട്രംപിനോടുള്ള അനിഷ്ടത്തിന് കാരണമായിരിക്കുകയാണെന്ന് പുതിയ സർവേകൾ സൂചിപ്പിക്കുന്നു. ഇതിനിടെ യുദ്ധം കൂടുതൽ സങ്കീർണ്ണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
ഇറാനിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ട്രംപിന്റെ അവകാശവാദങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്. സൈനിക മേൽക്കോയ്മ അമേരിക്കയ്ക്കുണ്ടെന്ന അവകാശവാദത്തിനിടയിലുണ്ടാകുന്ന ഇത്തരം നഷ്ടങ്ങൾ ഭരണകൂടത്തിനെതിരെ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുകയാണ്. യുദ്ധച്ചെലവും തന്ത്രപരമായ വിജയവുമെല്ലാം സംബന്ധിച്ചുള്ള ആശങ്കകൾ ശക്തമാകുന്നു.
അമേരിക്കയുടെ എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ, A-10 വാർതോഗ് എന്നീ പോർവിമാനങ്ങളാണ് ഇക്കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. എഫ്-15നിലുണ്ടായിരുന്ന രണ്ട് വൈമാനികരിൽ ഒരാളെ യുഎസ് സ്‌പെഷ്യൽ ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി. ഇസ്രയേൽ മാധ്യമങ്ങളെയും സിബിഎസ് ന്യൂസിനെയും ഉദ്ധരിച്ചാണ് ഈ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. കാണാതായ രണ്ടാമത്തെ പൈലറ്റിനായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. ഇറാന്റെ ആക്രമണത്തിൽ തകർന്ന എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ (F-15E Strike Eagle) വിമാനത്തിലെ പൈലറ്റുമാരാണ് അപകടത്തിൽപ്പെട്ടത്. വിമാനം തകരുന്നതിന് മുൻപ് തന്നെ രണ്ട് പൈലറ്റുമാരും സുരക്ഷിതമായി പുറത്തേക്ക് ചാടിയിരുന്നു. ഇതിൽ ഒരാളെ ഇറാന്റെ ഭൂപ്രദേശത്ത് നിന്ന് യുഎസ് സ്‌പെഷ്യൽ ഫോഴ്‌സ് കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കാണാതായ രണ്ടാമത്തെ പൈലറ്റിനായുള്ള യുഎസ് സേനയുടെ തെരച്ചിലിന് തടസ്സമാകാതിരിക്കാൻ ഇറാനിൽ നടത്താനിരുന്ന സൈനിക ആക്രമണങ്ങൾ ഇസ്രയേൽ തത്കാലത്തേക്ക് മാറ്റാവെച്ചിരിക്കുകയാണ്. പൈലറ്റിനെ കണ്ടെത്താനായി സെൻട്രൽ ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ അമേരിക്കൻ വിമാനങ്ങൾ താഴ്ന്നു പറക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കറൂൺ നദിക്ക് മുകളിലുള്ള പാലത്തിന് സമീപം സൈനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും നിരീക്ഷണം നടത്തുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മൂന്ന് യുഎസ് എഫ്-15 വിമാനങ്ങൾ തകർന്നതായാണ് യുഎസ് സെൻട്രൽ കമാൻഡ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ വൈറ്റ് ഹൗസോ പെന്റഗണോ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. ഇറാൻ-ഇസ്രയേൽ-യുഎസ് യുദ്ധത്തിനിടയിൽ ഇറാന്റെ മണ്ണിൽ ഒരു അമേരിക്കൻ വിമാനം തകരുന്നത് ഇതാദ്യമായാണ്. വിമാനം വെടിവെച്ചിട്ടതാണെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. ഇറാന്റെ ആക്രമണത്തിലാണോ അതോ സാങ്കേതിക തകരാർ മൂലമാണോ വിമാനങ്ങൾ തകർന്നു വീണതെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.
ഇറാന്റെ അത്യാധുനിക എഫ്-35 യുദ്ധവിമാനമാണ് വെടിവെച്ചിട്ടതെന്നാണ് ഇറാൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വരാത്തതിനാൽ കാര്യങ്ങൾ വ്യക്തമല്ല. പൈലറ്റുമാരെ കണ്ടെത്താനായി അമേരിക്ക നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
പൈലറ്റിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഇറാൻ ഭരണകൂടം പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റിനെ ജീവനോടെ പിടികൂടി പോലീസിന് കൈമാറുന്നവർക്ക് വിലപ്പെട്ട സമ്മാനം നൽകുമെന്ന് പ്രാദേശിക ടിവി ചാനലുകൾ വഴി ഇറാൻ അറിയിപ്പ് നൽകി. ‘അമേരിക്കക്കാരെ കണ്ടാലുടൻ വെടിവെക്കുക’ എന്ന് ആദ്യം നിർദേശം നൽകിയെങ്കിലും പിന്നീട് ഇത് തിരുത്തി പൈലറ്റിനെ ജീവനോടെ പിടികൂടാൻ ആവശ്യപ്പെടുകയായിരുന്നു.
ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും തകർത്തുവെന്ന പ്രസിഡന്റിന്റെയും പ്രതിരോധ നേതൃത്വത്തിന്റെയും അവകാശവാദങ്ങളെ ദുർബലപ്പെടുത്തുന്ന സംഭവങ്ങളാണ് തുടർച്ചയായി പുറത്തുവരുന്നത്. ഇറാനിന് സൈനിക പ്രതിരോധ ശേഷി ഇല്ലെന്ന നിലപാട് മുൻപ് പലവട്ടം ആവർത്തിച്ചിരുന്നെങ്കിലും, പുതിയ സംഭവവികാസങ്ങൾ അതിന് വിരുദ്ധമായ ചിത്രം മുന്നോട്ടുവയ്ക്കുന്നു.
സൈനിക വിജയങ്ങളെ അതിശയോക്തിപരമായി ചിത്രീകരിച്ചെന്ന വിമർശനവും ശക്തമാകുകയാണ്. ഇറാനിലെ ആണവ പദ്ധതികൾ തകർന്നുവെന്ന മുൻകാല അവകാശവാദങ്ങൾക്കുമേൽ സംശയങ്ങൾ ഉയർന്നിരുന്നു. പിന്നീട് ഇറാനെ വീണ്ടും ആണവ ഭീഷണിയായി ചിത്രീകരിച്ചതും ഭരണകൂടത്തിന്റെ നിലപാടുകളിൽ വൈരുദ്ധ്യം ഉണ്ടെന്ന വിലയിരുത്തലുകൾക്ക് വഴിവെച്ചു.
ഇറാന്റെ മിസൈൽ ശേഷിയെക്കുറിച്ചുള്ള വിലയിരുത്തലുകളിലും വ്യത്യാസം പ്രകടമാണ്. രാജ്യത്തിന്റെ മിസൈൽ ലോഞ്ചറുകളുടെ വലിയൊരു ഭാഗം ഇപ്പോഴും പ്രവർത്തനക്ഷമമാണെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുദ്ധത്തിന്റെ തുടക്കത്തിൽ ചർച്ചകൾക്ക് അവസരമില്ലെന്ന നിലപാട് എടുത്ത ഭരണകൂടം ഇപ്പോൾ ചർച്ചകളിലേക്ക് നീങ്ങാൻ ശ്രമിക്കുന്നതും ശ്രദ്ധേയമാണ്.
ഇതിനിടെ, യുദ്ധത്തിന്റെ മനുഷ്യച്ചെലവും ശ്രദ്ധേയമായി ഉയരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ പതിമൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും മൂവായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ കരസേന, നാവികസേന, മറൈൻ വിഭാഗം, വ്യോമസേന എന്നിവയിലെ അംഗങ്ങൾ ഉൾപ്പെടുന്നു. ഏറ്റവും പുതിയ ആക്രമണങ്ങളിൽപ്പെട്ടവരുടെ വിവരങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല.
യുദ്ധഭൂമിയിലെ യാഥാർത്ഥ്യവും ഭരണകൂടത്തിന്റെ അവകാശവാദങ്ങളും തമ്മിലുള്ള അന്തരം വർധിക്കുന്ന സാഹചര്യത്തിൽ, ഇറാൻ സംഘർഷം അമേരിക്കയ്ക്ക് സൈനികതലത്തിൽ മാത്രമല്ല, രാഷ്ട്രീയതലത്തിലും വലിയ വെല്ലുവിളിയായി മാറുന്നുവെന്നതാണ് വിലയിരുത്തൽ.






