Breaking NewsLead NewsNEWSpoliticsWorld

മുജ്തബ ഖമനേയി എവിടെ? ഉത്തരവുമായി ഇറാനിലെ റഷ്യൻ അംബാസിഡർ

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്ത് ഒരു മാസമായിട്ടും അദ്ദേഹം പൊതുവേദികളിലെത്തിയിട്ടില്ല. ഔദ്യോഗിക പ്രസ്താവനകൾ സർക്കാർ ടെലിവിഷനിലൂടെ പുറത്തുവിടുകയാണ് ചെയ്യുന്നത്. ഇതോടെ, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഉഹാപോഹങ്ങൾ പ്രചരിച്ചു. യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റെന്നായിരുന്നു ഒരു പ്രചാരണം. റഷ്യയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയെന്നും പ്രചാരണമുണ്ടായി.

എന്നാൽ, ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് ഇറാനിലെ റഷ്യൻ അംബാസഡർ അലക്സി ദെദോവ്. മുജ്തബ ഖമനയി ഇറാനിൽ തന്നെയുണ്ടെന്ന് റഷ്യൻ അംബാസഡർ വ്യക്തമാക്കി. ചില കാരണങ്ങളാൽ പൊതുവേദികൾ ഒഴിവാക്കുകയാണെന്നും അദ്ദേഹം റഷ്യൻ മാധ്യമത്തോട് പ്രതികരിച്ചു. ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ പിതാവ് ആയത്തുല്ല ഖമനയി കൊല്ലപ്പെട്ടതിനെ തുടർന്നാണ് പിൻഗാമിയായി മുജ്തബ ഖമനയി അധികാരമേറ്റത്. മുജ്തബയ്ക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ടെന്നു അമേരിക്ക അവകാശപ്പെട്ടിരുന്നു.

Signature-ad

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നിർദേശപ്രകാരം മുജ്തബയെ ചികിത്സയ്ക്കായി റഷ്യയിലേക്ക് കൊണ്ടുപോയതായി ഒരു മാധ്യമ റിപ്പോർട്ടും പുറത്തുവന്നിരുന്നു. റഷ്യയും ഇറാനും തമ്മിൽ അടുത്ത നയതന്ത്ര ബന്ധമാണുള്ളത്. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഒപ്പിടുകയും ചെയ്തു. ഇറാനുമായുള്ള റഷ്യയുടെ സഹകരണം തുടരുമെന്നതിന്റെ സൂചനയാണ് മുജ്തബ ഇറാനിലുണ്ടെന്ന മോസ്കോയുടെ പ്രസ്താവന.

അതേസമയം, ഇറാനുമായുള്ള സംഘർഷം തുടരവേ, ഹോർമുസ് കടലിടുക്കു തുറപ്പിക്കാതെതന്നെ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകളുണ്ട്. ഹോർമുസിൽ പിന്നീട് ആക്രമണമാവാമെന്നു പ്രസിഡന്റ് വിശ്വസ്തരോടു പറഞ്ഞതായാണ് റിപ്പോർട്ട്. യുദ്ധം ആറാഴ്ചയ്ക്കകം തീർക്കണമെന്നായിരുന്നു ട്രംപ് പദ്ധതി‌. ഇപ്പോൾ അഞ്ചാം ആഴ്ചയിലെത്തി. ഇന്ധനവില കൂടുന്നതും സഖ്യകകഷി രാജ്യങ്ങളുടെ നിലപാടും ട്രംപിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇറാനിലെ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗൾഫിലെ യുഎസ്‌ ടെക്‌, ധനകാര്യ കമ്പനികൾക്കുനേരെ ഇന്നുമുതൽ ആക്രമണം നടത്തുമെന്നും ജീവനക്കാർ ഒഴിഞ്ഞുപോകണമെന്നും ഇറാൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: