നടപടിയാകില്ല…ഫോർമൂസിൽ നിന്ന് ട്രംപ് പിൻവാങ്ങുന്നു? കടലിടുക്ക് പൂർണമായി തുറക്കാതെത്തന്നെ ഇറാനിലെ യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ, സൈനികനടപടി നാലുമുതൽ ആറുവരെ ആഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കും? – റിപ്പോർട്ട്

വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ നിന്ന് അമേരിക്ക സാവധാനം പിന്മാറുന്നതായി സൂചന നൽകി അമേരിക്ക. ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കാതെത്തന്നെ ഇറാനിലെ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് പ്രസിഡന്റ് ട്രംപ് തന്റെ അടുത്തവൃത്തങ്ങളോട് പറഞ്ഞതായി യു.എസ്. മാധ്യമമായ ‘വോൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. കടലിടുക്ക് തുറക്കാനുള്ള ശ്രമം അതിനുശേഷമാകാമെന്നാണ് പറഞ്ഞതെന്നാണ് റിപ്പോർട്ട് പറയുന്നത്.
അതേസമയം ഇറാനെതിരേയുള്ള സൈനികനടപടി നാലുമുതൽ ആറുവരെ ആഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കാമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ. മാത്രമല്ല സമ്മർദം ചെലുത്തി ഹോർമുസ് തുറപ്പിക്കാൻ ശ്രമിച്ചാൽ പ്രതീക്ഷിച്ചതിനെക്കാൾക്കൂടുതൽ കാലം യുദ്ധം നീളാൻ അത് ഇടയാക്കുമെന്നും വിലയിരുത്തലുണ്ട്.
ഇറാന്റെ സൈനികശേഷിയും മിസൈൽ ശേഖരവും നശിപ്പിക്കുകയും യുദ്ധനടപടികൾ ക്രമേണ അവസാനിപ്പിക്കുകയുമാണ് യു.എസ്. കൈവരിക്കേണ്ട പ്രധാനലക്ഷ്യമെന്നാണ് ട്രംപിന്റെ നിലപാട്. അതിനിടെ ഹോർമുസ് വഴി സ്വതന്ത്രവ്യാപാരം ഉറപ്പാക്കാൻ ഇറാനുമേൽ നയതന്ത്രതലത്തിൽ സമ്മർദം ചെലുത്തണം. അത് പരാജയപ്പെടുകയാണെങ്കിൽ യൂറോപ്പിലെയും ഗൾഫിലെയെും സഖ്യകക്ഷികൾക്കുമേൽ സമ്മർദം ചെലുത്തി ഹോർമുസ് തുറപ്പിക്കാമെന്നും ട്രംപ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.അതിനിടെ, യുദ്ധത്തിൽ പങ്കാളികളല്ലാത്തവരും ഇന്ധനക്ഷാമത്താൽ വലയുന്നവരുമായ രാജ്യങ്ങൾ ഹോർമുസ് പിടിച്ചെടുക്കാൻ ധൈര്യം കാട്ടണമെന്ന് അദ്ദേഹം ചൊവ്വാഴ്ച പറഞ്ഞിരുന്നു.






