Breaking NewsKeralaLead NewsNEWSpolitics

‘എല്ലാ കാര്യവും ചർച്ച ചെയ്യുകയാണെങ്കിൽ സംവാദത്തിന് തയ്യാർ‘- പിണറായി വിജയൻ; ‘പറയുന്ന സ്ഥലത്ത്, പറഞ്ഞ സമയത്ത് ഞാനെത്തും ‘- വിഡി സതീശൻ

കൊല്ലം: പരസ്പരം സംവാദത്തിന് വെല്ലുവിളിച്ചും വെല്ലുവിളി ഏറ്റെടുത്തും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോട് എല്ലാ കാര്യവും ചർച്ച ചെയ്യുകയാണെങ്കിൽ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഇനി സംവാദമായാലോ എന്ന് തലക്കെട്ടോടെ എൽഡിഎഫ് സർക്കാരിന്റെ റിപ്പോർട്ട് കാർഡും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. സംവാദത്തിന് ഏറ്റവും നല്ല വേദി നിയമസഭയായിരുന്നുവെന്നും അവിടെ നിന്ന് ഒളിച്ചോടിയവരാണ് വെല്ലുവിളിക്കുന്നതെന്നും മുഖ്യമന്ത്രി പിന്നീട് നടത്തി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സഭാ തലത്തിൽ പറഞ്ഞാൽ പറഞ്ഞതിന് മറുപടി കിട്ടും. ആ മറുപടി താങ്ങാൻ അവർക്ക് കഴിയില്ല. അതുകൊണ്ടാണ് ഒളിച്ചോടിയതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ‘സർക്കാരിനെ കുറിച്ച് വിമർശനങ്ങൾ ഉണ്ടെങ്കിൽ അതുന്നയിക്കാനുള്ള അവസരമായിരുന്നു നിയമസഭയിലെ ചർച്ചകൾ. എന്നാൽ പ്രതിപക്ഷം ഇതിലൊന്നും പങ്കെടുത്തില്ല. മന്ത്രിമാർ അഴിമതിയും മറ്റും നടത്തിയെങ്കിലും അതും സർക്കാരിന്റെ കൊള്ളരുതായ്മകളും ഒന്നും പ്രതിപക്ഷം ഉന്നയിച്ചില്ല. ഒരു അടിയന്തര പ്രമേയവും അവസാന സമ്മേളനത്തിൽ കൊണ്ടുവന്നില്ല. സർക്കാരിനെ കുറ്റവിചാരണ നടത്താനുള്ള ഏറ്റവും നല്ല മാർഗം അവിശ്വാസ പ്രമേയമായിരുന്നു. സഭാ തലത്തിൽ പറഞ്ഞാൽ പറഞ്ഞതിന് മറുപടി കിട്ടും. ആ മറുപടി താങ്ങാൻ അവർക്ക് കഴിയില്ല.

Signature-ad

ഇപ്പോൾ പ്രചരിപ്പിക്കുന്നത് പോലുള്ള ഒരു നുണയും അവിടെ പറയാൻ കഴിയില്ല. പറഞ്ഞാൽ നേരെ ചൊവ്വേ മറുപടി കിട്ടുമെന്നുള്ളതാണ് കാര്യം. അതിൽനിന്നുള്ള ഒളിച്ചോടുന്നതാണ് കണ്ടത്. കേരളത്തിന്റെ വികസനത്തിൽ പങ്കുവഹിച്ചു. ആരോഗ്യകരമായ സമീപനം സ്വീകരിച്ചിട്ടുണ്ടോ. നമ്മുടെ നാടിന് അർഹതപ്പെട്ടത് കേന്ദ്രം നിഷേധിക്കുമ്പോൾ അതിനെ എതിർത്തോ. ആ കാര്യങ്ങളൊക്കെ പറയാൻ തയ്യാറുണ്ടെങ്കിൽ സംവാദത്തിന് തയ്യാറാണ്’ മുഖ്യമന്ത്രി വ്യക്തമാക്കി.

പിന്നാലെ മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് എത്താമെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു. ‘സംവാദത്തിന് തയ്യാർ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെ’ സതീശൻ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: