കുവൈത്ത് വിമാനത്താവളത്തില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം? വന്‍ തീപിടിത്തം; വെടിവെച്ചിട്ടെന്ന് നാഷണല്‍ ഗാര്‍ഡ്; പുറത്തിറങ്ങരുത്, സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പ്

കുവൈത്ത് വിമാനത്താവളത്തിനകത്ത് ഡ്രോണ്‍ പതിച്ച് വന്‍ തീപിടിത്തം. ആകാശത്തേക്ക് തീയും കറുത്ത പുകയും ഉയരുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ധനടാങ്കില്‍ ഡ്രോണ്‍ പതിച്ചതാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ അഞ്ച് ഡ്രോണുകള്‍ കൂടി കുവൈത്ത് ലക്ഷ്യമിട്ട് എത്തിയെന്നും ഇവയെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും കുവൈത്തി നാഷനല്‍ ഗാര്‍ഡ് അറിയിച്ചു. ഇന്റര്‍സെപ്ഷന്‍ നടക്കുന്നതിനാലാണ് സ്ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, പുറത്തിറങ്ങരുതെന്നും സുരക്ഷാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പുണ്ട്. എക്സിലാണ് ആക്രമണം കുവൈത്ത് അധികൃതര്‍ സ്ഥിരീകരിച്ചത്.
ആക്രമണത്തില്‍ നാശനഷ്ടങ്ങളില്ലെന്നാണ് കുവൈത്ത് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കുന്നത്. നിസാരമായ നഷ്ടമേയുണ്ടായിട്ടുള്ളൂവെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുല്ല അല്‍ രാജ്ഹി വ്യക്തമാക്കി. തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ അഗ്നിരക്ഷാസേന കാര്യമായി ഇടപെട്ടുവെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചത് മുതല്‍ കുവൈത്ത് വിമാനത്താവളം ഇറാന്‍ ലക്ഷ്യമിടുന്നുണ്ട്. നിരവധി ഡ്രോണുകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞുവെന്നും അതേസമയം, മാര്‍ച്ച് 14നുണ്ടായ ആക്രമണത്തില്‍ റഡാര്‍ സംവിധാനം തകരാറിലായിരുന്നുവെന്നും എന്നാല്‍ ആര്‍ക്കും പരുക്കേല്‍ക്കുന്ന സ്ഥിതി ഉണ്ടായില്ലെന്നും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വിശദീകരിക്കുന്നു. മാര്‍ച്ച് എട്ടിന് നടന്ന ആക്രമണത്തിലും ഇന്ധന ടാങ്കുകളില്‍ ഡ്രോണുകള്‍ പതിച്ചിരുന്നു. പാസഞ്ചര്‍ ടെര്‍മിനിലിന് നേരെയുണ്ടായ ആക്രമണത്തില്‍ വിമാനത്താവളം ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുകയും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, ഇറാനെതിരായ ആക്രമണങ്ങള്‍ തുടരുകയാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ടെഹ്റാനില്‍ കനത്ത ആക്രമണം നടത്തുന്നുണ്ടെന്നും ഇസ്രയേല്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയാണിതെന്നും ഐഡിഎഫ് വ്യക്തമാക്കി. യുദ്ധം ആരംഭിച്ച ദിവസം തന്നെ ഇറാന്‍ പരാജയപ്പെട്ടിരുന്നുവെന്നും ബോംബുകളാണ് ഇറാനോട് മറുപടി പറയുന്നതെന്നുമായിരുന്നു യുഎസ് വാര്‍ സെക്രട്ടറി പീറ്റ് ഹെഗ്സെതിന്‍റെ പ്രതികരണം. യുഎസ് പറയുന്നത് കേള്‍ക്കുക മാത്രമാണ് ഇറാന് മുന്നിലുള്ളതെന്നും ഇറാന്‍റെ ആകാശത്തെ തങ്ങള്‍ കയ്യടക്കി വച്ചിരിക്കുകയാണെന്നും ഹെഗ്സെത് അവകാശപ്പെട്ടു.
#KuwaitAirport, #DroneAttack, #BreakingNews, #MiddleEastWar, #KuwaitNews, #IranIsraelConflict, #GulfUpdates, #MalayalamNews, #AirportAttack, #GlobalCrisis, #DefenseNews, #KuwaitNationalGuard, #WarUpdate, #FireAtAirport, #SecurityAlert #KuwaitAirportAttack, #IranConflict2026, #MiddleEastCrisis, #DroneStrike, #InternationalNews, #CivilAviation, #IsraelIranWar, #GulfSecurity, #PetroleumTanker, #DefenseTechnology, #WorldPolitics, #EmergencyUpdate, #KuwaitCity, #MilitaryNews, #RegionalTensions






