
ടെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇറാനുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെടുകയുണ്ടായി. അതിനു പിന്നാലെയിതാ, യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിരിക്കുകയാണ്.മധ്യസ്ഥർവഴി യുഎസിൽ നിന്ന് ഞങ്ങൾക്ക് ചില സന്ദേശങ്ങൾ ലഭിച്ചെന്നും അവ അവലോകനം ചെയ്തുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ-യുഎസ് സംഘർഷം ലഘൂകരിക്കുന്നതിനായി തുർക്കി, ഈജിപ്ത്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ മാധ്യസ്ഥ ശ്രമങ്ങൾ നടത്തിവരികയാണ്.
ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്കും കപ്പൽ ഗതാഗതത്തിനും നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കാനാണ് വിഷയത്തിൽ ഇടപെട്ട് ഈജിപ്തും തുർക്കിയും പ്രധാനമായും ശ്രമിക്കുന്നത്. മേഖലയിൽ ഒരു ഊർജ്ജ ദുരന്തം ഒഴിവാക്കാൻ ഈ ഇടപെടലുകൾ സഹായിച്ചതായി നയതന്ത്ര പ്രതിനിധികൾ വിലയിരുത്തുന്നു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിഡാനുമായി ഫോണിൽ സംസാരിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകളിൽ തുർക്കി മുമ്പ് മധ്യവർത്തിയായി പ്രവർത്തിച്ചിരുന്നു.
യുഎസും ഇറാനും തമ്മിൽ സന്ദേശങ്ങൾ കൈമാറിയോ എന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കാൻ വിസമ്മതിച്ചെങ്കിലും സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തർ, സൗദി അറേബ്യ, പാകിസ്താൻ, ഈജിപ്ത്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെയും യുഎസ് ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയതായി തുർക്കി ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാനുമായി സന്ദേശങ്ങൾ കൈമാറിയതായി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുടെ ഓഫീസും അറിയിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അയയുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട്, ഇറാന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടത്താനിരുന്ന സൈനിക ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നീട്ടിവെക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകൾ വളരെ പുരോഗമനപരമാണെന്നും പശ്ചിമേഷ്യയിലെ ശത്രുത അവസാനിപ്പിക്കുന്നതിനായുള്ള പൂർണ്ണമായ പരിഹാരത്തിലേക്ക് നീങ്ങുകയാണെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ചർച്ചകളുടെ സ്വഭാവം കണക്കിലെടുത്താണ് ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ യുദ്ധവകുപ്പിന് നിർദ്ദേശം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിയൻ ഉദ്യോഗസ്ഥരുമായി തന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നറും ചർച്ചകൾ നടത്തിയതായി ട്രംപ് വെളിപ്പെടുത്തി. മിക്കവാറും എല്ലാ കാര്യങ്ങളിലും ധാരണയായെന്നും ഇത് എല്ലാവർക്കും ഗുണകരമായ ഒരു കരാറായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
എന്നാൽ, അമേരിക്കയുടെ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് ഇറാൻ സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് രംഗത്തെത്തി. നേരിട്ടുള്ള ചർച്ചകൾ നടന്നിട്ടില്ലെന്നും ഇത് എണ്ണ വിപണിയെയും സാമ്പത്തിക വിപണിയെയും സ്വാധീനിക്കാനുള്ള അമേരിക്കയുടെ വ്യാജവാർത്ത ആണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. അമേരിക്കയും ഇസ്രയേലും കുടുങ്ങിക്കിടക്കുന്ന ചതുപ്പിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണിതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഇറാന്റെ പ്രതിരോധ നടപടികൾ തുടരുമെന്നും സൈനിക സമ്മർദ്ദം കൊണ്ട് ഹോർമുസ് കടലിടുക്കിലെ പഴയ സാഹചര്യം പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
പശ്ചിമേഷ്യയിലെ നയതന്ത്ര നീക്കങ്ങൾ ആഗോള വിപണിയിൽ വലിയ ആശ്വാസമാണ് നൽകിയത്. ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞ് ബാരലിന് 100 ഡോളറിന് താഴെയെത്തി. നേരത്തെ ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതിനെത്തുടർന്ന് വിതരണം തടസ്സപ്പെടുമെന്ന ഭീതിയിൽ വില കുതിച്ചുയർന്നിരുന്നു. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും ഈ തന്ത്രപ്രധാനമായ പാതയിലൂടെയാണ് കടന്നുപോകുന്നത് എന്നതിനാൽ ഈ നയതന്ത്ര ചർച്ചകൾക്ക് ആഗോള പ്രാധാന്യമുണ്ട്.
വരുംദിവസങ്ങളിൽ പാകിസ്താനിൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടന്നേക്കുമെന്ന് സൂചനയുണ്ട്. ഫെബ്രുവരി 28-ന് നടന്ന ആക്രമണങ്ങൾക്ക് ശേഷം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യം ഈ ചർച്ചകളിലൂടെ ശാശ്വതമായി പരിഹരിക്കപ്പെടുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. മേഖലയിലെ സംഘർഷം കുറയ്ക്കാനായി സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഇടപെടലുകൾ തുടരുകയാണ്.





