ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇന്ന് രാവിലെ മുതൽ അണക്കെട്ടിലേക്ക് കാര്യമായ നിരൊഴുക്ക് ഇല്ല. ആവശ്യമെങ്കിൽ മുന്നറിപ്പുകൾ നൽകി ഞായറാഴ്ച രാവിലെ അണക്കെട്ട് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
അണക്കെട്ട് തുറക്കാൻ നിലവിൽ നമുക്ക് അനുമതിയുണ്ട്. 2399.03 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. കഴിഞ്ഞദിവസത്തെ പുതുക്കിയ റൂൾ കർവനുസരിച്ച് 2400.03 അടിവരെ വെള്ളം സംഭരിക്കാനാകുമെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇതിനു തയാറാവുകയില്ലെന്നും മന്ത്രി പറഞ്ഞു.
മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്താൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ വഴി സെക്കൻഡിൽ 100 ക്യുമെക്സ് ജലം ഒഴുക്കിവിടാനാണ് സാധ്യത.
മുല്ലപ്പെരിയാറിൽനിന്നും കൂടുതൽ ജലം കൊണ്ടുപോകണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതിയിൽ നമ്മുടെ വാദം ഉന്നയിച്ചിട്ടുണ്ട്. കേരളത്തിലുണ്ടായ കാലാവസ്ഥ വ്യതിയാനം നാം സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. പുതിയ ഡാമിന്റെ ആവശ്യകതയാണ് നാം ഉന്നയിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.