Breaking NewsLead NewsNEWSWorld

ബഹ്റൈനിൽ നടത്തിയ സ്ഫോടനത്തിനുത്തരവാദി അമേരിക്ക!! വൈദ്യുതനിലയങ്ങൾ തകർക്കാൻ നോക്കിയാൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം തന്നെ മുട്ടിക്കും- ഇറാന്റെ മറുഭീഷണി

ടെഹ്റാൻ: ഇറാന്റെ വൈദ്യുതനിലയങ്ങൾ തകർക്കാനിറങ്ങിയാൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കുടിവെള്ളം മുട്ടിക്കുമെന്ന് ​ഇറാന്റെ ഭീഷണി. കടൽ വെള്ളം ശുദ്ധീകരിച്ചു കുടിവെള്ളമാക്കുന്ന ഗൾഫ് രാജ്യങ്ങളിലെയും ഇസ്രയേലിലെയും ഡിസാലിനേഷൻ കേന്ദ്രങ്ങൾ തകർക്കുമെന്നാണു ഇറാൻ ഭീഷണിയിറക്കിയത്. 48 മണിക്കൂറിനകം ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതനിലയങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഇറാന്റെ മറുഭീഷണിയെത്തിയത്.

അതേസമയം ബഹ്റൈനിൽ വ്യാപക നാശത്തിനിടയാക്കിയ സിട്ര ദ്വീപിലെ മഹാസയിൽ സ്ഫോടനം നടത്തിയത് ഇറാനല്ലെന്നും കണ്ടെത്തൽ. ഇറാൻ ഡ്രോണിനെ പ്രതിരോധിക്കുന്നതിനിടെ യുഎസ് അയച്ച പേട്രിയട്ട് ഇന്റർസെപ്റ്റർ മിസൈലാണു നാശമുണ്ടാക്കിയതെന്നു കണ്ടെത്തി. ഈ മാസം 9നു പുലർച്ചെയാണു മനാമയ്ക്കു സമീപമുള്ള സിട്ര ദ്വീപിലെ മഹാസയിൽ ആക്രമണം നടന്നത്.

Signature-ad

ഇതിനിടെ തിങ്കളാഴ്ച പുലർച്ചെ ഇസ്രയേലിൽ ഇറാൻ വീണ്ടും ആക്രമണം നടത്തി. ഇറാൻ മിസൈലുകൾ അയച്ചതായി ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നെന്നും ഇസ്രയേൽ പറഞ്ഞു. അതിനിടെ, യുഎസ് തങ്ങളുടെ ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചിടുമെന്ന മുന്നറിയിപ്പുമായി ഇറാൻ റവല്യൂഷണറി ഗാർഡ് കോർ രംഗത്തെത്തി.

ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങൾ പാടേ തകർക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ‘‘ഞങ്ങളുടെ നശിപ്പിക്കപ്പെട്ട ഊർജ കേന്ദ്രങ്ങൾ പുനർനിർമിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചിടും. തുറക്കില്ല’’– എന്നാണ് ഇറാൻ റവല്യൂഷണറി ഗാർഡ് പ്രസ്താവനയിൽ അറിയിച്ചത്.

മാത്രമല്ല ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിച്ചാൽ‍ പശ്ചിമേഷ്യയിലെ ഊർജ സംസ്കരണ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യ സംവിധാനങ്ങളിലും പരിഹരിക്കാനാകാത്തവിധം നാശമുണ്ടാക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: