എന്തുസംഭവിച്ചാലും മത്സരിക്കും, ഗുഡ് ബൈ കെസി…ഇനി എനിക്ക് എന്റെ വഴി!! കെ സുധാകരന്റെ നീക്കം പുതിയ പാർട്ടി രൂപീകരിക്കാനോ? ഭീഷണിക്കു വഴങ്ങണ്ട, ഇളവു നൽകാനുള്ള നീക്കത്തിന് തടയിട്ടത് സംസ്ഥാന നേതൃത്വം

ന്യൂഡൽഹി: സീറ്റു കിട്ടില്ലെന്നു മനസിലായതോടെ നേതാക്കളോട് ക്ഷുഭിതനായി കോൺഗ്രസ് നേതാവ് കെ സുധാകരനെന്ന് റിപ്പോർട്ട്. ‘ഇനി എനിക്ക് എന്റെ വഴി’യെന്നാണ് വിളിച്ച നേതാക്കളോട് സുധാകരൻ പ്രതികരിച്ചത്. ഇതുവരെ മാധ്യമങ്ങളോടു പ്രതികരിക്കാത്തെ സുധാകരൻ 12 മണിക്ക് മാധ്യമങ്ങളെ കണ്ട് തീരുമാനമറിക്കുമെന്നാണ് വിവരം. എല്ലാ കോൺഗ്രസ് നേതാക്കളോടും ‘ഗുഡ്ബൈ’ എന്നാണ് കെ സുധാകരൻറെ പ്രതികരണം.
ഇതോടെ കോൺഗ്രസിൽ കനത്ത പ്രതിസന്ധി ഉടലെടുക്കുന്നുവെന്നാണ് വിവരം. എന്നാൽ സമൂഹമാധ്യമങ്ങളിലെല്ലാം സുധാകരന്റെ ഭീഷണിക്കു വഴങ്ങേണ്ട കാര്യമില്ലെന്ന തരത്തിലുള്ള കമെന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം പുതിയ പാർട്ടി രൂപീകരിക്കാനുളള തയ്യാറെടുപ്പിലാണ് സുധാകരനെന്നും സൂചനകളുണ്ട്. ഹൈക്കമാൻഡിൻറെ തീരുമാനത്തിന് കാത്തിരുന്നാണ് തീരുമാനം വൈകിയതെന്നും അടുത്തവൃത്തങ്ങൾ പറയുന്നു. നേരത്തെ മുതൽ കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ കെ സുധാകരനെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കെ സുധാകരൻ.
പുതിയ പാർട്ടി രൂപീകരിക്കാനുള്ള ആലോചനയിലാണ് സുധാകരനെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം കെ സുധാകരൻറെ കാര്യത്തിൽ മാത്രം ഇളവിനുള്ള ആലോചന ഡൽഹിയിൽ നടന്നു. എന്നാൽ സംസ്ഥാന നേതൃത്വം എംപിമാരെ മത്സരിപ്പിക്കേണ്ടതില്ല എന്ന കർശന നിലപാട് സ്വീകരിച്ചെന്നാണ് വിവരം. വിഡി സതീശനാണ് ശക്തമായി എതിർത്തത്. സംസ്ഥാന ഘടകത്തിൻറെ ഈ നിലപാടിനോട് മല്ലികാർജ്ജുൻ ഖർഗെ യോജിക്കുകയായിരുന്നു.






