കളിക്കുന്നതിനിടെ മൂന്നുവയസുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണു, പിന്നാലെ രക്ഷിക്കാൻ ചാടിയ പിതാവിന് ദാരുണാന്ത്യം!! കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും യുവാവ് കിണറ്റിൽ കുടുങ്ങിയ കാര്യം ആരുമറിഞ്ഞില്ല

വടക്കാഞ്ചേരി: മാരാത്തുകുന്ന് ഉന്നതിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ മൂന്നുവയസുകാരനെ രക്ഷിക്കാനിറങ്ങിയ പിതാവിന് ദാരുണാന്ത്യം. മകനെ രക്ഷിക്കാൻ ശ്രമിച്ച വാരിയത്ത് വീട്ടിൽ വിഷ്ണു (32) ആണ് മരിച്ചത്. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അരുഷ് കിണറിന് സമീപത്തേക്ക് പോയി കാൽ തെന്നി വീഴുകയായിരുന്നു. ഇതറിഞ്ഞതോടെ അച്ഛൻ വിഷ്ണു രക്ഷിക്കാൻ കിണറ്റിലേക്ക് ചാടി. ബഹളം കേട്ടെത്തിയ അയൽവാസി എഴുത്തശ്ശൻ വീട്ടിൽ വൈശാഖ് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി.
അപ്പോഴേക്കും വടക്കാഞ്ചേരി അഗ്നിരക്ഷാസേനയും അവിടേക്കെത്തിയിരുന്നു. കുട്ടിയെ രക്ഷിച്ചതറിഞ്ഞതോടെ അഗ്നിരക്ഷാസേനാംഗങ്ങൾ മടങ്ങാൻ നിൽക്കുകയായിരുന്നു. അപ്പോഴാണ് വിഷ്ണുവിനെ കാണാനില്ലെന്നും കിണറ്റിലേക്ക് ചാടിയിട്ടുണ്ടാകുമെന്നും സംശയം പറഞ്ഞത്. ഇതോടെ അഗ്നിരക്ഷാസേനാംഗങ്ങൾ കിണറ്റിലിറങ്ങി നടത്തിയ തിരച്ചിലിലാണ് വിഷ്ണുവിനെ കിണറ്റിലെ ചേറിൽ കുടുങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരുഷിനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ഗവ. മെഡിക്കൽ കോളേജിലേക്കും മാറ്റി.
കുട്ടി അപകടനില തരണംചെയ്തതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കിണറ്റിനുള്ളിൽ ഓക്സിജൻ കുറവായിരുന്നുവെന്നും ശ്വാസതടസം അനുഭവപ്പെട്ടിരുന്നതായും ഇരുവരെയും രക്ഷിക്കാനിറങ്ങിയവർ പറഞ്ഞു. നിർമാണത്തൊഴിലാളിയാണ് വിഷ്ണു. ഭാര്യ: സുനിത.





