യുഎസ്എസ് ട്രിപ്പോളി പുറപ്പെട്ടത് ഹോര്‍മൂസ് കടലിടുക്ക് ലക്ഷ്യമിട്ട്; ഉത്തരവിട്ട് ട്രംപ്; മറൈന്‍ എക്‌സ്‌പെഡിഷണറി യൂണിറ്റ് കരയില്‍ ഇറങ്ങാനും ശേഷിയുള്ളവര്‍; കൂടുതല്‍ മൈനുകള്‍ പാകുമെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അമേരിക്കന്‍ സൈന്യത്തെ അയച്ച് ട്രംപ്. ഇറാനില്‍ നേരിട്ടുള്ള സൈനിക നീക്കംവരെ ഉദ്ദേശിച്ചുള്ള യൂണിറ്റിനെ വഹിച്ചുള്ള യുദ്ധക്കപ്പല്‍ പുറപ്പെടാനാണ് ട്രംപ് ഉത്തരവിട്ടത്. അടുത്ത ആഴ്ചയില്‍ ഇറാനിയന്‍ ഭരണകൂടത്തെ ‘അതിശക്തമായി’ നേരിടുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുദ്ധം എപ്പോള്‍ അവസാനിക്കുമെന്ന ചോദ്യത്തിന് ‘എന്റെ ഉള്ളില്‍ തോന്നുന്ന സമയത്ത്’ എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
ഇറാനിയന്‍ മണ്ണിലെ ആക്രമണങ്ങള്‍ നിര്‍ത്തുന്നത് വരെ കടലിടുക്ക് അടച്ചിടുമെന്ന് പുതിയ പരമോന്നത നേതാവ് പ്രഖ്യാപിച്ചതിന് പിന്നാലെ വെള്ളിയാഴ്ച കൂടുതല്‍ ടാങ്കറുകള്‍ക്ക് നേരെ ഇറാനിയന്‍ സൈന്യം വെടിവയ്പ്പ് നടത്തി. എന്നാല്‍ കടലിടുക്കിനെക്കുറിച്ച് ‘ആശങ്കപ്പെടേണ്ടതില്ലെന്നും’ അത് തങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
5,000 സൈനികരും ’31-ആം മറൈന്‍ എക്‌സ്‌പെഡിഷണറി യൂണിറ്റും’ അടങ്ങുന്ന മറൈന്‍ ആംഫിബിയസ് റെഡി ഗ്രൂപ്പുമായി യുഎസ്എസ് ട്രിപ്പോളി ജപ്പാനിലെ ഒക്കിനാവയില്‍ നിന്ന് പുറപ്പെട്ടതായി വെള്ളിയാഴ്ച യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പ്രത്യേക വ്യോമ-ഉപരിതല സൈനിക നീക്കങ്ങള്‍ നടത്താന്‍ ശേഷിയുള്ളതാണ് ഈ യൂണിറ്റ്. എങ്കിലും ഇത് അവിടെ എത്താന്‍ ഏകദേശം രണ്ടാഴ്ച എടുത്തേക്കും. നിലവില്‍ മേഖലയിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കണ്‍, യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് എന്നീ കപ്പലുകള്‍ക്കൊപ്പം ഈ പുതിയ കപ്പലും ചേരും.
ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ പാകുകയാണെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, ഫ്രഞ്ച് കപ്പലുകള്‍ കടത്തിവിടാന്‍ ഇമ്മാനുവല്‍ മാക്രോണ്‍ ഇറാനുമായി ചര്‍ച്ച നടത്തുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബ്രിട്ടന്‍ ഇറാനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടില്ലെന്നാണ് സൂചന.
ഈ ആഴ്ച എണ്ണവില ബാരലിന് 119 ഡോളറിലെത്തിയെങ്കിലും വെള്ളിയാഴ്ചയോടെ 100 ഡോളറായി കുറഞ്ഞു. എന്നാല്‍ വില 150 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നും ഇത് 2008-ലെ സാമ്പത്തിക പ്രതിസന്ധിയിലെ റെക്കോര്‍ഡ് മറികടക്കുമെന്നും വിദഗ്ധര്‍ ഭയപ്പെടുന്നു. ഊര്‍ജ്ജ ആഘാതം പണപ്പെരുപ്പത്തിന് കാരണമാകുമെന്നും യുഎസ് സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത നാലില്‍ ഒന്നായി വര്‍ദ്ധിച്ചെന്നും ഗോള്‍ഡ്മാന്‍ സാച്ച്‌സ് (Goldman Sachs) വിലയിരുത്തി.
എണ്ണവില കുറയ്ക്കുന്നതിന്റെ ഭാഗമായി റഷ്യന്‍ ഓയിലിന്മേലുള്ള ഉപരോധത്തില്‍ വ്യാഴാഴ്ച രാത്രി അമേരിക്ക ഇളവ് നല്‍കി. ഇത് ബ്രിട്ടനുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കി. ‘അത് അമേരിക്കയുടെ തീരുമാനമാണ്, എന്നാല്‍ റഷ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം തുടരണമെന്നതാണ് ഞങ്ങളുടെ നിലപാട്,’ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ വക്താവ് പറഞ്ഞു.
തന്ത്രപ്രധാനമായ ഈ കപ്പല്‍പ്പാത തുറക്കുന്നതിന് ഒരു കരയുദ്ധം ആവശ്യമായി വന്നേക്കാമെന്നും അത് അമേരിക്കന്‍ സൈന്യത്തിന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും സൈനിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇറാനിലെ പ്രധാന എണ്ണ ഹബ്ബായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ ട്രംപ് നീക്കം നടത്തിയേക്കുമെന്ന് ചിലര്‍ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച ഖാര്‍ഗ് ദ്വീപിന് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ദ്വീപിലെ എല്ലാ സൈനിക ലക്ഷ്യങ്ങളും ‘പൂര്‍ണ്ണമായും തകര്‍ത്തു’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇറാന്‍ ഇനിയും കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തിയാല്‍ ദ്വീപിലെ എണ്ണ പശ്ചാത്തല സൗകര്യങ്ങള്‍ കൂടി തകര്‍ക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.
ഇറാന്‍ പ്രതിരോധം തീര്‍ക്കാന്‍ ഉപയോഗിക്കുന്ന ആയുധ നിര്‍മ്മാണ ശാലകളെ തകര്‍ക്കുന്നതിലാണ് നിലവില്‍ സൈന്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് എനര്‍ജി സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു. മാസാവസാനത്തോടെ എണ്ണക്കപ്പലുകള്‍ക്ക് യുഎസ് നേവി അകമ്പടി പോകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






