തിരുത്തലിലും തൃപ്തിയില്ല; ‘നീതിന്യായ വ്യവസ്ഥയിലെ അഴിമതി’ കേസില്‍ കേന്ദ്ര സര്‍ക്കാരിനെ കുടഞ്ഞ് സുപ്രീം കോടതി; പാഠപുസ്തക ‘വിദഗ്ധ’രും തെറിച്ചു; ‘നിങ്ങളുടെ വൈദഗ്ധ്യം കാരണം’ ഞങ്ങള്‍ അനുഭവിക്കുകയാണെന്നും പരിഹാസം
ആരാണ് നിങ്ങളുടെ ഈ വിദഗ്ധര്‍? ഏത് രീതിയിലാണ് അധ്യായം തിരുത്തിയെഴുതിയത്? ഞങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടും സത്യവാങ്മൂലം നല്‍കുന്നയാള്‍, അതായത് എന്‍സിഇആര്‍ടി ഡയറക്ടര്‍, ഇത്തരം അസ്പഷ്ടമായ പ്രസ്താവനയുമായി വരുന്നത് ശരിയായ രീതിയാണോ' യെന്നും ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി ചോദിച്ചു.

ന്യൂഡല്‍ഹി: എട്ടാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ‘നീതിന്യായ വ്യവസ്ഥയിലെ അഴിമതി’ എന്ന വിവാദപരമായ ഭാഗം ഉള്‍പ്പെട്ട അധ്യായം ‘യഥാവിധി തിരുത്തിയെഴുതി’ എന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (NCERT) ഡയറക്ടര്‍ ദിനേഷ് പ്രസാദ് സക്ലാനി ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലെ ‘അവ്യക്തമായ’ (laconic) പ്രസ്താവനയ്‌ക്കെതിരെ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി.
‘ആരാണ് ഇത് തിരുത്തിയെഴുതിയത്?’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സക്ലാനിയോടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സെക്രട്ടറി സഞ്ജയ് കുമാറിനോടും ചോദിച്ചു.
ഫെബ്രുവരി 26-ന്, സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തിന് സുപ്രീം കോടതി ‘പൂര്‍ണ്ണവും സമഗ്രവുമായ’ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 82,000-ത്തിലധികം പുസ്തകങ്ങള്‍ വിപണിയില്‍നിന്ന് പിന്‍വലിച്ചശേഷവും കോടതി നിരോധന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കുട്ടികളുടെ ‘ലോലമായ മനസില്‍’ നീതിന്യായ വ്യവസ്ഥയോട് മുന്‍വിധി ഉണ്ടാക്കാന്‍ ബോധപൂര്‍വം നടത്തിയ നീക്കമായാണ് കോടതി ഇതിനെ കണ്ടത്.
ബുധനാഴ്ച, വിവാദമായ അധ്യായം ആരാണ് തിരുത്തിയെഴുതിയത് എന്ന കോടതിയുടെ ചോദ്യത്തിന് ‘ഞങ്ങളുടെ ഫാക്കല്‍റ്റി അംഗങ്ങള്‍ക്കിടയില്‍ വിദഗ്ധരുണ്ട്’ എന്ന് സക്ലാനി വാക്കാല്‍ മറുപടി നല്‍കി.
‘ഞങ്ങളുടെ വ്യാകരണം തെറ്റല്ലെങ്കില്‍, നിങ്ങളുടെ സത്യവാങ്മൂലം പറയുന്നത് അധ്യായം’ യഥാവിധി തിരുത്തിയെഴുതി എന്നാണ്. അതിനര്‍ത്ഥം നിങ്ങള്‍ അത് നേരത്തെ തന്നെ ചെയ്തു കഴിഞ്ഞു എന്നാണ്… ആരാണ് നിങ്ങളുടെ ഈ വിദഗ്ധര്‍? ഏത് രീതിയിലാണ് അധ്യായം തിരുത്തിയെഴുതിയത്? ഞങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടും സത്യവാങ്മൂലം നല്‍കുന്നയാള്‍, അതായത് എന്‍സിഇആര്‍ടി ഡയറക്ടര്‍, ഇത്തരം അസ്പഷ്ടമായ പ്രസ്താവനയുമായി വരുന്നത് ശരിയായ രീതിയാണോ’ യെന്നും ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി ചോദിച്ചു.
എന്‍സിഇആര്‍ടി നിരുപാധിക മാപ്പ് അപേക്ഷിച്ചതിന് തൊട്ടുപിന്നാലെയാണ് ബെഞ്ചിന്റെ ഈ നിരീക്ഷണങ്ങള്‍ ഉണ്ടായത്. 2026-27 അധ്യയന വര്‍ഷത്തില്‍ പരിഷ്‌കരിച്ച അധ്യായം ഉള്‍പ്പെടുത്താനാണ് എന്‍സിഇആര്‍ടി ഉദ്ദേശിക്കുന്നതെന്നും, ‘ബാധകമായ പാഠ്യപദ്ധതിയും അക്കാദമിക് ചട്ടക്കൂടും’ അനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് ക്ലാസ് മുറികളില്‍ ഉപയോഗിക്കുമെന്നും സത്യവാങ്മൂലം വായിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ‘നിങ്ങളുടെ പാഠ്യപദ്ധതിയും അക്കാദമിക് ചട്ടക്കൂടും കാരണം ഞങ്ങള്‍ ഇതിനകം തന്നെ അനുഭവിച്ചതാണ്’ ചീഫ് ജസ്റ്റിസ് പരിഹാസരൂപേണ പറഞ്ഞു.
തിരുത്തിയെഴുതിയ അധ്യായം ഒരു വിദഗ്ധ സമിതി അംഗീകരിക്കുന്നത് വരെ പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ഒരു മുന്‍ മുതിര്‍ന്ന ജഡ്ജി, പ്രമുഖ അക്കാദമിക് വിദഗ്ധന്‍, നിയമവിദഗ്ധന്‍ എന്നിവരടങ്ങുന്ന വിദഗ്ധ സമിതി രൂപീകരിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. എട്ടാം ക്ലാസിലെ മാത്രമല്ല, മറ്റ് ക്ലാസുകളിലെയും ലീഗല്‍ സ്റ്റഡീസ് പാഠ്യപദ്ധതി പരിശോധിക്കാന്‍ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഈ സമിതിയോട് കോടതി ആവശ്യപ്പെട്ടു.
നീതിന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വസ്തുനിഷ്ഠവും നിയമാനുസൃതവുമായ വിമര്‍ശനങ്ങളെ കോടതി എതിര്‍ക്കുന്നില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ‘നീതിന്യായ വ്യവസ്ഥയ്ക്കും മറ്റ് സ്ഥാപനങ്ങളെപ്പോലെ പോരായ്മകളുണ്ടാകാം. ഒരു വിദഗ്ധ സമിതി അത്തരം പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നത് സ്വാഗതാര്‍ഹമാണ്. അത് ഭാവി തലമുറയ്ക്ക് മാത്രമല്ല, നിലവിലെ പങ്കാളികള്‍ക്കും ആവശ്യമായ തിരുത്തലുകള്‍ വരുത്താനുള്ള വഴിയൊരുക്കും’- സുപ്രീം കോടതി പറഞ്ഞു.
പാഠപുസ്തക വിവാദത്തെത്തുടര്‍ന്ന്, ഫെബ്രുവരി 26-ലെ കോടതി ഉത്തരവിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഉത്തരവാദിത്തമില്ലാതെ പ്രതികരിച്ചവര്‍ക്കെതിരേയും സുപ്രീം കോടതി കടുത്ത ഭാഷയില്‍ പ്രതികരിച്ചു. ഇത്തരം വെബ്‌സൈറ്റുകളുടെയും അവ നടത്തുന്നവരുടെയും വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.
‘ചില ഘടകങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയിട്ടുണ്ട്. പ്രശ്‌നത്തെ അതിന്റെ ഉറവിടത്തില്‍ തന്നെ നേരിടണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു… ഇത്തരക്കാര്‍ക്കെതിരേ നിയമം അതിന്റെ വഴിക്ക് പോകും. ആരെയും വെറുതെ വിടില്ല’ ചീഫ് ജസ്റ്റിസ് കാന്ത് പറഞ്ഞു. വിദേശത്ത് ഒളിച്ചിരിക്കുകയാണെങ്കിലും അവരെ വെറുതെ വിടില്ലെന്ന് കടുത്ത ഭാഷയില്‍ ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി.
മിഷേല്‍ ഡാനിനോ, വിദ്യാഭ്യാസ വിദഗ്ധ സുപര്‍ണ്ണ ദിവാകര്‍, നിയമ ഗവേഷകന്‍ അലോക് പ്രസന്ന കുമാര്‍ എന്നിവരടങ്ങുന്ന ടെക്സ്റ്റ്ബുക്ക് ഡെവലപ്മെന്റ് ടീം (TDT) ആണ് ഈ അധ്യായം തയ്യാറാക്കിയതെന്ന് എന്‍സിഇആര്‍ടി ഡയറക്ടറുടെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘ഈ സംഘത്തിന് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ശരിയായ അറിവില്ലെന്നോ അല്ലെങ്കില്‍ ബോധപൂര്‍വ്വം വസ്തുതകളെ വളച്ചൊടിച്ച് തെറ്റായ ചിത്രം നല്‍കാന്‍ ശ്രമിച്ചെന്നോ’ കോടതി നിരീക്ഷിച്ചു. അതിനാല്‍, ഈ മൂന്ന് പേരെയും പാഠ്യപദ്ധതി തയ്യാറാക്കുന്നതില്‍ നിന്നോ സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നോ ഉടനടി മാറ്റിനിര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി.
നാഷണല്‍ സിലബസ് ആന്‍ഡ് ടീച്ചിംഗ് ലേണിംഗ് മെറ്റീരിയല്‍ കമ്മിറ്റിയുടെ (NSTC) ഘടന പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കോടതി പറഞ്ഞു. അധ്യായത്തിന്റെ കരട് എന്‍എസ്ടിസിയിലെ ചില അംഗങ്ങള്‍ക്ക് മാത്രമാണ് ഡിജിറ്റലായി അയച്ചതെന്ന് കോടതി മനസ്സിലാക്കി. സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള പാഠ്യപദ്ധതി തയ്യാറാക്കുന്നതില്‍ ഇത്തരം ലാഘവത്വം പാടില്ലെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.
വ്യവസ്ഥാപിതമായ മാറ്റത്തിനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും സ്വതന്ത്ര വിദഗ്ധരടങ്ങിയ സമിതി രൂപീകരിക്കുമെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. സമിതിയില്‍ ഒരു പ്രമുഖ നിയമവിദഗ്ധന്‍ പോലും ഇല്ലാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തുകയും എന്‍എസ്ടിസി പുനഃസംഘടിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
#സുപ്രീംകോടതി, #SupremeCourtOfIndia, #എൻസിഇആർടി, #NCERTControversy, #വിദ്യാഭ്യാസവാർത്തകൾ, #EducationUpdates, #നീതിന്യായവ്യവസ്ഥ, #IndianJudiciary, #മലയാളംവാർത്തകൾ, #MalayalamNews, #തൃശൂർ, #ThrissurNews, #കേരളം, #KeralaUpdates, #നിയമവാർത്തകൾ, #LegalNewsIndia, #ദേശീയവാർത്തകൾ, #NationalNews, #പാഠപുസ്തകവിവാദം, #TextbookControversy, #ഡെയ്‌ലിഹണ്ട്, #DailyhuntMalayalam, #ഇന്ത്യൻനിയമം, #IndianLawUpdates






