നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചത് 31 പേർ… എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ തീരുമാനം അടുത്ത യോഗത്തിൽ!! പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർഥികൾ, സിറ്റിങ് എംഎൽഎമാർ വീണ്ടും അങ്കത്തിന്

ന്യൂഡൽഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 31 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയ്ക്ക് കോൺഗ്രസ് അംഗീകാരം ലഭിച്ചതായി സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി. പാലക്കാട്, തൃപ്പൂണിത്തുറ സിറ്റിങ് മണ്ഡലങ്ങൾ ഒഴികെ എല്ലാ സിറ്റിങ് എംഎൽഎമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും മത്സരിക്കാനില്ലെന്ന് അറിയിച്ച കെ .ബാബുവിനെയും (തൃപ്പൂണിത്തുറ) ഒഴിവാക്കി. അതേസമയം പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ തീരുമാനം അടുത്ത യോഗത്തിലേ ഉണ്ടാവൂ. അദ്ദേഹത്തിനെതിരായ കേസിന്റെ വിശദാംശങ്ങൾ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നാണ് റിപ്പോർട്ട്.
അതേസമയം തൃപ്പൂണിത്തുറ സിറ്റിങ് എംഎൽഎ കെ. ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ച് സ്വയം മാറിനിന്നതാണ്. ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാഹുലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതോടെയാണ് പാലക്കാട് പുതിയ സ്ഥാനാർഥിയെ പരിഗണിക്കുന്നത്. രാഷ്ട്രീയ സാഹചര്യം നോക്കി ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് ഉടൻ പുറത്തിറക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇലക്ഷൻ തീയതി പ്രഖ്യാപിച്ചാലുടൻ ആദ്യ പട്ടിക പുറത്തിറക്കാനാണ് കോൺഗ്രസ് തീരുമാനം.
ഇതിനിടെ മത്സരിക്കാൻ കെ. സുധാകരനടക്കമുള്ള ചില എംപിമാർ താത്പര്യം അറിയിച്ചിരുന്നു. എന്നാൽ ആരേയും പരിഗണിക്കേണ്ടതില്ലെന്ന തീരുമാനമാണ് ദേശീയ നേതൃത്വം നിലവിൽ കൈക്കൊണ്ടത്.
സീറ്റ് ഉറപ്പിച്ച സിറ്റിങ് എംഎൽഎമാർ
1.പേരാവൂർ- സണ്ണി ജോസഫ്
2.ഇരിക്കൂർ- സജീവ് ജോസഫ്
3. സുൽത്താൻ ബത്തേരി-ഐ.സി ബാലകൃഷ്ണൻ
4. കൽപറ്റ-ടി. സിദ്ദിഖ്
5. വണ്ടൂർ-എ.പി അനിൽകുമാർ
6. നിലമ്പൂർ-ആര്യാടൻ ഷൗക്കത്ത്
7. ചാലക്കുടി-സനീഷ് കുമാർ ജോസഫ്
8. അങ്കമാലി-റോജി എം ജോൺ
9. ആലുവ-അൻവർ സാദത്ത്
10.പ റവൂർ-വി.ഡി സതീശൻ
11.എറണാകുളം-ടി.ജെ വിനോദ്
12.തൃക്കാക്കര-ഉമ തോമസ്
13.മൂവാറ്റുപുഴ-മാത്യു കുഴൽനാടൻ
14.കോട്ടയം-തിരുവഞ്ചൂർ രാധാകൃഷ്ണൻ
15.പുതുപ്പള്ളി-ചാണ്ടി ഉമ്മൻ
16.ഹരിപ്പാട്-രമേശ് ചെന്നിത്തല
17.കരുനാഗപ്പള്ളി-സി ആർ മഹേഷ്
18.കുണ്ടറ-പി.സി വിഷ്ണുനാഥ്
19.കോവളം-എം. വിൻസെന്റ്
12 മണ്ഡലങ്ങളിലെ മറ്റു സ്ഥാനാർഥികൾ
വട്ടിയൂർക്കാവ്- കെ. മുരളീധരൻ, കുന്നത്തുനാട്- വി.പി സജീന്ദ്രൻ, മണലൂർ- ടി.എൻ. പ്രതാപൻ, കൊടുങ്ങല്ലൂർ-ഒ.ജെ. ജനീഷ്, കൊട്ടാരക്കര- ഐഷ പോറ്റി, പത്തനാപുരം- ജ്യോതികുമാർ ചാമക്കാല, തൃത്താല- വി.ടി ബൽറാം, കൊയിലാണ്ടി- കെ. പ്രവീൺകുമാർ, നാദാപുരം- കെ.എം അഭിജിത്ത്, കോഴിക്കോട് നോർത്ത്- കെ ജയന്ത്, എലത്തൂർ- വിദ്യ ബാലകൃഷ്ണൻ, പൊന്നാനി- കെ. നൗഷാദലി. കൊല്ലം- ബിന്ദു കൃഷ്ണ. നിലവിൽ 31 പേരുകൾ അംഗീകരിച്ചെങ്കിലും സാഹചര്യം നോക്കിയായിരിക്കും പ്രഖ്യാപനം എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു.
അതേസമയം സിറ്റിങ് എംഎൽഎമാരിൽ പെരുമ്പാവൂർ, പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ എംഎൽഎമാർ ഒഴികെ മുഴുവൻ പേരും മത്സരിക്കുമെന്നും സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി നേരത്തെ പറഞ്ഞിരുന്നു. എൽദോസ് കുന്നപ്പള്ളിയുടെ കാര്യം അടുത്തഘട്ടത്തിൽ തീരുമാനിക്കുമെന്നും സിറ്റിങ് എംപിമാരുടെ കാര്യം ചിത്രത്തിലില്ലായെന്നും മിസ്ത്രി വ്യക്തമാക്കി. എൽദോസ് കുന്നപ്പള്ളിയുടെ കാര്യം ഹൈക്കമാൻഡ് പ്രത്യേകമായാണ് പരിശോധിക്കുക. എംഎൽഎയ്‌ക്കെതിരെ എഐസിസിക്ക് നേരിട്ട് പരാതി ലഭിച്ചതിനെത്തുടർന്നാണത്. കോൺഗ്രസ് പ്രവർത്തകരാണ് എഐസിസിക്ക് പരാതി നൽകിയത്. പിന്നാലെ എൽദോസ് കുന്നപ്പള്ളിക്ക് എതിരായ കേസ് ഫയൽ പരിശോധിക്കാൻ ഹൈക്കമാൻഡ് തയ്യാറാകുകയായിരുന്നു. എംഎൽഎയോട് ഫയൽ ഹാജരാക്കാൻ മധുസൂദൻ മിസ്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.






