ദുബായിൽ ആക്രമണം, ഡ്രോൺ അവശിഷ്ടങ്ങൾ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ പതിച്ച് പാക്ക് സ്വദേശി മരിച്ചു, കുവൈറ്റ് വിമാനത്താവളത്തിൽ ഇന്ധന ടാങ്കിനു നേരെ ആക്രമണം, യുഎഇയിൽ മരിച്ചവരുടെ എണ്ണം നാലായി

ദുബായ്: പറഞ്ഞ ക്ഷമ പിൻവലിച്ച്ഗൾഫ് രാജ്യങ്ങൾക്കെതിരേ ആക്രമണം തുടർന്ന് ഇറാൻ. ഇറാന്റെ ആക്രമണത്തിൽ ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു. ഡ്രോൺ അവശിഷ്ടം ഓടുന്ന വാഹനത്തിൽ പതിച്ചാണ് പാക്കിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടത്. ദുബായിയിലെ അൽ ബർഷയിലാണ് സംഭവം. ഇതോടെ ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ മരിച്ചവരുടെ എണ്ണം നാലായി.
ഇതിനിടെ കുവൈത്ത് വിമാനത്താവളത്തിന് നേരേയും ഇറാന്റെ ആക്രമണമുണ്ടായി. വിമാനത്താവളത്തിലെ ഇന്ധനടാങ്കിന് നേരേയാണ് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്. ആർക്കും പരുക്കില്ല. കുവൈത്തിലെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് ആസ്ഥാനത്തിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. കഴിഞ്ഞ മണിക്കൂറുകളിൽ ഏഴോളം ഡ്രോണുകൾ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയവും അറിയിച്ചു.
അതേസമയം ഗൾഫ് രാജ്യങ്ങൾക്ക് നേരേ ഇനി ആക്രമണമുണ്ടാകില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. അയൽരാജ്യങ്ങളെ ആക്രമിച്ചതിന് അദ്ദേഹം ക്ഷമാപണം നടത്തുകയുംചെയ്തു. എന്നാൽ, ഇതിനുശേഷവും ഇറാന്റെ ഭാഗത്തുനിന്ന് ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടരുന്നതായാണ് റിപ്പോർട്ട്.






