
കൊളംബോ: മധ്യേഷ്യയില്‍ യുഎസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്നതിനിടെ, ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് വെച്ച് ഇറാന്‍ നാവികസേനയുടെ ‘ഐറിസ് ഡെന’ എന്ന യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം. ശ്രീലങ്കയുടെ തെക്കന്‍ ഭാഗത്തുള്ള ഗാലെ തീരത്തിന് സമീപം നടന്ന ഈ ആക്രമണത്തില്‍ കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി. തെക്കൻ ശ്രീലങ്കയിലെ ഗാലെ തീരത്തുവെച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്.
കപ്പലിലുണ്ടായിരുന്ന 180 നാവികരില്‍ 101 പേരെ കാണാതായതായും, 78 പേരെ ശ്രീലങ്കന്‍ സേന രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും വിദേശകാര്യമന്ത്രി വിജിത ഹെറാത്ത് പാർലമെന്റിനെ അറിയിച്ചു. 32 നാവികർക്ക് ഗുരുതര പരിക്കാണുള്ളത്. പരിക്കേറ്റവരെ ഗാലെയിലെ നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി പരിസരത്തും ഗാലെയിലെ സൗത്ത് നേവൽ ഹെഡ്ക്വാർട്ടേഴ്സിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ബുധനാഴ്ച ശ്രീലങ്കന്‍ സമുദ്രപരിധിയില്‍ വെച്ചായിരുന്നു സംഭവം. കപ്പലില്‍ നിന്ന് അപായ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ സൈന്യം വന്‍തോതിലുള്ള തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. ഇറാനിയന്‍ കപ്പലില്‍ നിന്നുള്ള അടിയന്തര സന്ദേശം ലഭിച്ചയുടന്‍ ശ്രീലങ്കന്‍ നാവികസേന രക്ഷാദൗത്യം ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി. എന്നാൽ, ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
സംഭവത്തിന്റെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം, ആക്രമണം നടന്ന ഉടന്‍ കപ്പല്‍ മുങ്ങുകയായിരുന്നു. പ്രാദേശിക മാധ്യമങ്ങൾ ഈ ആക്രമണം ഒരു യുഎസ് അന്തര്‍വാഹിനിയാണ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. മേഖലയിലെ യുഎസ്-ഇറാന്‍ സംഘര്‍ഷാവസ്ഥയെ ഈ ആക്രമണം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളലുകള്‍ സൃഷ്ടിക്കുമെന്നും നയതന്ത്ര നിരീക്ഷകര്‍ ആശങ്കപ്പെടുന്നു. അതിനിടെ, യു.എസ്- ഇസ്രയേൽ- ഇറാൻ യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്.






