അമേരിക്കയും ഇസ്രയേലും ഒരുക്കിയ മരണക്കെണിയതറിയാതെ കയറിക്കൊടുത്ത് ഖമനേയി!! ഒരു സൈഡിൽ ഖമനേയിയെ ഒളിവിൽ വിടാതെ ആണവ ചർച്ചകൾ നടക്കുമ്പോൾ മറുസൈഡിൽ രഹസ്യമായി തീർക്കാനുള്ള വാരിക്കുഴിയൊരുക്കി ട്രംപ്, എല്ലാവരേയും ഒരുമിച്ച് അവസാനിപ്പിക്കാൻ ഖമനേയി കൂടിക്കാഴ്ച നടത്തുന്ന സമയം തെരഞ്ഞെടുത്തു, ഓഫീസ് കെട്ടിടവും പരിസരവും ഒന്നടങ്കം തകർത്ത ഇരട്ട സൈനിക നീക്കം

ടെൽ അവീവ്: ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെ വധിച്ച’ഓപ്പറേഷൻ എപ്പിക് ഫ്യൂറി’, ‘ഓപ്പറേഷൻ റോറിംഗ് ലയൺ’ എന്നീ ഇരട്ട സൈനിക നീക്കങ്ങൾക്കു പിന്നിലെ തന്ത്രങ്ങൾ ഒന്നൊന്നാ.ി പുറത്തുവരുന്നു. ഒരു സൈഡിൽ അങ്ങ് ജനീവയിൽ ആണവ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ തന്നെ വാഷിംഗ്ടണിലെയും ടെൽ അവീവിലെയും സൈനിക ആസൂത്രകർ ഈ ആക്രമണത്തിനുള്ള അന്തിമരൂപം തയ്യാറാക്കിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതായത് ഖമനേയിയെ തീർക്കാനുള്ള നീക്കങ്ങൾ.
കഴിഞ്ഞ ഡിസംബറിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാനെ അവസാനിപ്പിക്കാനുള്ള ഈ സൈനിക നീക്കത്തിന് തുടക്കം കുറിച്ചത്. ഇറാനിൽ ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായതോടെ അതിനെ ചുവടുപിടിച്ച് ഇതിനായുള്ള തയ്യാറെടുപ്പുകൾ വേഗത്തിലായി. പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച ട്രംപ്, ഇറാനിലെ സർക്കാർ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ ആഹ്വാനം ചെയ്യുകയും പശ്ചിമേഷ്യയിൽ വലിയ സൈനിക വിന്യാസത്തിന് ഉത്തരവിടുകയും ചെയ്തു.
പിന്നാലെ ഇസ്രയേലിലെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പലതവണ അമേരിക്ക സന്ദർശിച്ച് ആക്രമണത്തിനായുള്ള പദ്ധതികൾ ഏകോപിപ്പിച്ചു. ഇതിനിടെ ജനീവയിൽ അമേരിക്കയും ഇറാനും തമ്മിൽ ആണവ ചർച്ചകൾ തുടങ്ങി. ഇതോടെ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുമെന്ന് ഇറാൻ കരുതി. ഒന്നുകിൽ ചർച്ചയിലൂടെ ഇറാനെ ആണവ പദ്ധതികളിൽ നിന്നും മിസൈൽ വികസനത്തിൽ നിന്നും പിന്തിരിപ്പിക്കുക, അല്ലെങ്കിൽ ഇറാനിലെ ഭരണകൂടത്തെ തന്നെ അട്ടിമറിക്കുക എന്നതായിരുന്നു ഇസ്രയേലും യുഎസും തയ്യാറാക്കിയ പദ്ധതി.
ഒരുവശത്ത് ജനീവയിൽ വെച്ച് ചർച്ചകൾ നടത്തുമ്പോഴും, ഇറാൻ ആക്രമിക്കനുള്ള തയ്യാറെടുപ്പുകൾ രഹസ്യമായി തുടർന്നു. ചർച്ചകൾ പരാജയപ്പെടുമെന്ന് ഇസ്രയേലിനും യുഎസിനും നേരത്തെ തന്നെ അറിയാമായിരുന്നു. അതിനാലാണ് ഇറാന് അംഗീകരിക്കാനാകാത്ത നിബന്ധനകൾ യുഎസ് മുന്നോട്ട് വെച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ ഖമനേയി ഭയന്ന് ഒളിസങ്കേതത്തിലേക്ക് മാറാതിരിക്കാൻ, നയതന്ത്ര ചർച്ചകൾ സജീവമാണെന്ന് ഇറാനെ വിശ്വസിപ്പിക്കുകയായിരുന്നു അമേരിക്കയുടെ തന്ത്രം. എന്നാൽ ചർച്ചകളിൽ പുരോഗതിയില്ലെങ്കിൽ സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ചർച്ചകൾ പരാജയപ്പെട്ടാൽ മാത്രമേ നടപടിയുണ്ടാകു എന്നായിരുന്നു ഇറാൻ കരുതിയിരുന്നത്. അതിനാൽ പരമാവധി ചർച്ചകൾ നീട്ടിക്കൊണ്ടുപോകാനാണ് ഇറാൻ ശ്രമിച്ചത്. ക്രിയാത്മകമായ ചർച്ചകളാണ് നടക്കുന്നതെന്ന് ഇറാൻ കരുതുകയും ചെയ്തു. എന്നാൽ ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ വെറും സമയം വൈകിപ്പിക്കാനുള്ള തന്ത്രമാണെന്ന് അമേരിക്കൻ പ്രതിനിധികൾ വിലയിരുത്തി.
പ്രധാനമായും മൂന്ന് മേഖലകളിലാണ് ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നത്. സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവ ഇന്ധനം നൽകാമെന്ന് അമേരിക്ക പറഞ്ഞെങ്കിലും സമ്പുഷ്ടീകരണം ഉപേക്ഷിക്കാൻ ഇറാൻ തയ്യാറായില്ല. മിസൈൽ നിർമാണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും ഇറാൻ വിസമ്മതിച്ചു. പശ്ചിമേഷ്യയിലെ വിവിധ സായുധ ഗ്രൂപ്പുകൾക്ക് നൽകുന്ന സഹായം അവസാനിപ്പിക്കാനും ഇറാൻ തയ്യാറായില്ല. ഇതെല്ലാം ഇറാന്റെ ഉറച്ച നിലപാടുകളായിരുന്നു. ഈ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്താൽ ഭാവിയിൽ രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന് ഇറാൻ ഭയന്നു. യുഎസ് മുന്നോട്ടുവെച്ച പ്രധാന നിർദ്ദേശങ്ങൾ ഇറാൻ അവഗണിച്ചതോടെ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയിലൂടെ ഇറാനെ അവസാനിപ്പിക്കാൻ അമേരിക്കയും ഇസ്രയേലും തീരുമാനിച്ചു.
പിന്നീട് ഖമനേയി തന്റെ ഉന്നത സഹായികളുമായി യോഗം ചേരുന്ന സമയം നോക്കിയാണ് ആക്രമണത്തിന് തീയതി നിശ്ചയിച്ചത്. ഒറ്റയടിക്ക് ഇറാനിലെ പ്രധാന നേതാക്കളെ ഇല്ലാതാക്കുക എന്നതായിരുന്നു ഇരു രാജ്യങ്ങളുടേയും ലക്ഷ്യം. ശനിയാഴ്ച വൈകീട്ട് ടെഹ്റാനിൽ വെച്ച് വിവിധ ഉദ്യോഗസ്ഥരുമായി ഖമനേയി കൂടിക്കാഴ്ച നടത്തുന്നുവെന്ന വിവരം നേരത്തെ ഇസ്രയേലിന് ലഭിച്ചിരുന്നു. ആ സമയമാണ് ആദ്യം ആക്രമണത്തിനായി തെരഞ്ഞെടുത്തത്. എന്നാൽ ശനിയാഴ്ച രാവിലെ നിർണായകമായ ഒരു കൂടിക്കാഴ്ച പ്രധാനപ്പെട്ടെ നേതൃനിരയിലുള്ളവരുമായി ഖമനേയി നടത്തുമെന്ന വിവരം ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് ചോർന്ന് കിട്ടിയതോടെ ആക്രമണം രാവിലെ നടത്താൻ തീരുമാനമായി.
തുടർന്ന് ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30ന് ആക്രമണം നടത്താൻ നിശ്ചയിച്ചു. ഖമനേയിയുടെ ഓഫീസ് തുറന്ന് എല്ലാവരും എത്തുന്നത് വരെ കണക്കാക്കിയാണ് പകൽ സമയം നിശ്ചയിച്ചത്. എന്നാൽ ടെഹ്റാനിൽ എവിടെയാണ് ഈ കൂടിക്കാഴ്ചയെന്ന് ഇസ്രയേലിനോ യുഎസിനൊ വ്യക്തമായി വിവരം ലഭിച്ചിരുന്നില്ല. ഖമനേയിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെവിടെയോ ആണ് എന്ന് മാത്രമാണ് അറിയാമായിരുന്നത്. അതിനാൽ ഖമനേയി രക്ഷപ്പെടാനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കാനായി അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടവും പരിസരവും ഒന്നടങ്കമാണ് ബോംബിട്ട് തകർത്തത്. ശനിയാഴ്ച രാവിലെ ഖമനേയി ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേരുന്നതിനിടെ ഇറാനിലെ മുപ്പതോളം കേന്ദ്രങ്ങളിൽ ഒരേസമയം സ്ഫോടനങ്ങൾ നടന്നു. ഈ സൈനിക നീക്കത്തിലൂടെ ഖമനേയി ഉൾപ്പെടെ 48 ഇറാനിയൻ നേതാക്കൾ കൊല്ലപ്പെട്ടു.






