12,000 അടി ഉയരത്തിൽ നിർമിച്ച ഒളിത്താവളം സുരക്ഷാ സേന തകർത്തു, ശൈത്യകാലത്തേക്ക് സ്വരുക്കൂട്ടിവച്ച ധാന്യങ്ങൾ നശിപ്പിച്ചു, ജെയ്ഷെ ഭീകരന് തല ചായ്ക്കാൻ ഇടമില്ല!! പിടി വീഴാതിരിക്കാൻ താടിയെടുത്ത്, തല മൊട്ടയടിച്ച് സ്ത്രീ വേഷത്തിൽ ഭീകരൻ സൈഫുല്ല, പ്രാദേശികമായ പിന്തുണയും ഒളിത്താവളങ്ങളും ഉറപ്പാക്കാൻ ചിലയിടങ്ങളിൽ ആത്മീയ ഗുരു- ചിത്രങ്ങൾ പുറത്ത്

ശ്രീനഗർ: സുരക്ഷാസേന അടുത്തെത്തിയതോടെ പിടികൊടുക്കാതിരിക്കാൻ വേഷപ്പകർച്ച നടത്തുന്ന ജയ്‌ഷെ മുഹമ്മദ് കമാൻഡർ സൈഫുല്ലയുടെ ചിത്രം പുറത്തുവിട്ട് സേന. തിരിച്ചറിയപ്പെടാതിരിക്കാൻ സൈഫുല്ല തന്റെ ട്രേഡ്മാർക്കായ താടി വടിച്ചതായും തല മുണ്ഡനം ചെയ്തതായും ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കൂടാതെ സ്ത്രീകളുടെ വസ്ത്രങ്ങളും ബുർഖകളും ഉപയോഗിച്ച് വേഷം മാറി രക്ഷപ്പെടാൻ ഇയാൾ പദ്ധതിയിടുന്നതായി വിവരമുണ്ടെന്നു ഡോഡ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് സന്ദീപ് മെഹ്ത പറഞ്ഞു.
അതേസമയം ഭീകരന്റെ മാറിയ രൂപം വ്യക്തമാക്കുന്ന രണ്ട് വ്യത്യസ്ത പോസ്റ്ററുകൾ അധികൃതർ പുറത്തുവിട്ടു. ഗ്രാമീണരുടെ വിശ്വാസം മുതലെടുത്ത് ഒരു ആത്മീയ ഗുരു ചമയുന്നതാണ് ഇയാളുടെ പുതിയ തന്ത്രം. പ്രാദേശികമായ പിന്തുണയും ഒളിത്താവളങ്ങളും ഉറപ്പാക്കാൻ ചിലയിടങ്ങളിൽ ഇയാൾ ആത്മീയ പുരോഹിതന്റെ പ്രതിച്ഛായ വളർത്തിയെടുത്തിട്ടുണ്ടെന്നു സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
കഴിഞ്ഞ രണ്ട് മാസമായി കിഷ്ത്വാറിലെയും ഡോഡയിലെയും ദുർഘടമായ മലനിരകളിൽ സൈഫുല്ലയ്ക്കും സംഘത്തിനുമായുള്ള തിരച്ചിൽ തുടരുകയാണ്. ഇതിനിടെ കൂട്ടാളിയായ പാക്കിസ്ഥാൻ സ്വദേശി ആദിൽ കൊല്ലപ്പെട്ടത് സൈഫുല്ലയ്ക്ക് വലിയ തിരിച്ചടിയായി. കൂടാതെ, ജനുവരി 19ന് സേന ഇയാളുടെ ഒളിത്താവളം തകർക്കുകയും ശൈത്യകാലത്തേക്ക് കരുതിവച്ചിരുന്ന റേഷൻ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കിഷ്ത്വാറിലെ മലനിരകളിൽ 12,000 അടി ഉയരത്തിൽ കാർഗിൽ യുദ്ധകാലത്തെ ബങ്കറുകളുടെ മാതൃകയിൽ നിർമിച്ച ഒളിത്താവളമായിരുന്നു ഇത്. ഒളിത്താവളം തകർന്നതോടെ ഇയാൾക്ക് നിൽക്കെക്കള്ളിയില്ലാതായി. സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറാൻ ശ്രമിക്കുന്ന സൈഫുല്ല ഇപ്പോൾ പുറത്തിറങ്ങാൻ ഭയന്ന് ഒളിവിൽ കഴിയുകയാണെന്നാണ് റിപ്പോർട്ട്.






