ആഗോള അയ്യപ്പ സംഗമം: സ്പോണ്‍സര്‍മാരെ വിലക്കിയത് ഉണ്ണിക്കൃഷ്ണന് പോറ്റി; പി.എസ്. പ്രശാന്ത് സ്വര്‍ണപ്പാളി കൊടുത്തു വിടാതിരുന്നതില്‍ പക; മുരാരി ബാബു എഴുതിയത് സ്മാര്‍ട്ട് ക്രിയേഷന്‍സിന് കൊടുക്കാന്‍; കലാപരിപാടിയുടെ കണക്കും നുണ; ചൊവ്വാഴ്ച കണക്കുകള്‍ പുറത്തുവിടും

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് സ്പോണ്‍സര്‍മാരെ വിലക്കിയത് ഉണ്ണിക്കൃഷ്ണന് പോറ്റി. സ്വര്‍ണപ്പാളി വീണ്ടും സ്വര്‍ണം പൂശാനായി കൊടുത്തുവിടാന്‍ അനുവദിക്കാതിരുന്നത് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്താണെന്നും അതിന്റെ പ്രതികാരമെന്നോണമാണ് അയ്യപ്പ സംഗമത്തിനു പണം നല്‍കാമെന്ന് ഏറ്റിരുന്നവരെ പിന്‍വലിപ്പിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.
2025-ല്‍ ദ്വാരപാലകശില്പങ്ങളിലെ പാളികള്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടുന്നതിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അന്നത്തെ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എതിര്‍ത്തതാണ് പോറ്റി ഇടയാന്‍ കാരണം. മുരാരി ബാബു എക്സിക്യുട്ടീവ് ഓഫീസറായിരുന്ന 2024 മുതല്‍ ദ്വാരപാലകശില്പങ്ങളുടെ നവീകരണത്തിനുള്ള ഫയലുകള്‍ തയ്യാറാക്കിത്തുടങ്ങിയതാണ്. ഇതിലാണ് സ്പോണ്‍സറായ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കൈവശം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊടുത്തുവിടാമെന്ന് മുരാരി ബാബു എഴുതിയിരുന്നത്.
പുറത്തുനിന്നുള്ള വ്യക്തിയുടെ കൈവശം കൊടുത്തുവിടാന്‍ കഴിയില്ലെന്ന് പ്രശാന്ത് നിലപാടെടുത്തു. പോറ്റി സമ്മര്‍ദം ചെലുത്തിയെങ്കിലും ദേവസ്വം ഉദ്യോഗസ്ഥരാണ് അന്ന് കൊണ്ടുപോയത്. അസംതൃപ്തനായ പോറ്റി, ഗോവര്ധന് അടക്കമുള്ള കര്‍ണാടകയില്‍നിന്നുള്ള സ്പോണ്‍സര്‍മാരെ അയ്യപ്പസംഗമത്തില്‍ സഹകരിക്കുന്നതില്‍നിന്ന് പിന്‍വലിച്ചു. ഇതോടെ ബോര്‍ഡ് പ്രതിസന്ധിയിലായി. ധനലക്ഷ്മി ബാങ്ക് രണ്ടുകോടിയും കേരളബാങ്ക് 84.75 ലക്ഷവും നല്‍കിയതുമാത്രമാണ് കിട്ടിയ സ്പോണ്സര്ഷിപ്പുകള്.
താന്‍ മുന്‍പ് രണ്ട് താങ്ങുപീഠങ്ങള്‍ ദേവസ്വം ബോര്‍ഡിന് കൈമാറിയെന്നും ഇപ്പോള്‍ എവിടെയെന്ന് അറിയില്ലെന്നും ഇതിനിടെ പോറ്റി ആരോപിച്ചതും ഇടഞ്ഞുനിന്ന പശ്ചാത്തലത്തിലായിരുന്നു. ഈ ആരോപണമാണ് മൊത്തം സ്വര്‍ണക്കൊള്ളയുടെ ചുരുളഴിക്കുന്നതിലേക്കും പോറ്റിയും കുടുങ്ങുന്നതിലേക്കും നയിച്ചത്.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്കുകളിലെ പൊരുത്തക്കേടുകളും പുറത്തുവന്നിട്ടുണ്ട്. നടക്കാത്ത കലാപരിപാടികള്‍ക്ക് വന്‍തുക കണക്കില്‍പ്പെടുത്തി എന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. കലാപരിപാടികള്‍ നടത്താന്‍ ചുമതലപ്പെട്ട ഇവന്റ് മാനേജ്മെന്റ് ഏജന്‍സി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന് സമര്‍പ്പിച്ച കണക്കില്‍ വന്ന ഗുരുതര പിഴവിന്റെ പേരിലാണ് വ്യാജപ്രചാരണം നടത്തുന്നത്.
കലാപരിപാടികളുടെ തുടക്കത്തില്‍ ഒരു ഭജന്‍ വേണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നിരുന്നു. അതിന്റെ ഭാഗമായാണ് നന്ദഗോവിന്ദം ഭജന്‍സിനെ ബന്ധപ്പെടുന്നത്. ഇവന്റ് മാനേജ്മെന്റ് ഏജന്‍സി ഇതിന് ആവശ്യമായ എസ്റ്റിമേറ്റും തയാറാക്കി. എന്നാല്‍, അവരുമായി ബന്ധപ്പെട്ടപ്പോള്‍ അന്നേ ദിവസം മറ്റു പരിപാടികള്‍ ഉള്ളതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന വിവരമാണ് ലഭിച്ചത്. നന്ദഗോവിന്ദം ഭജന്‍സിന് പരിപാടിയുമായി ബന്ധപ്പെട്ട് ഒരു തുകയും കൈമാറിയിട്ടില്ല എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. അതിന് ശേഷം വിവിധ കലാകാരന്മാരെ പരിപാടി നടത്താന്‍ ബന്ധപ്പെട്ടു എങ്കിലും തീയതി ഒഴിവില്ലാത്തതും മറ്റ് സാങ്കേതിക പ്രശ്നങ്ങളും കാരണം അവര്‍ക്കും എത്തിപ്പെടാന്‍ കഴിയില്ല എന്നാണ് മറുപടി ലഭിച്ചത്.
പിന്നീടാണ് പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഇഷാന് ദേവിനെ ബന്ധപ്പെടുന്നത്. വളരെ ചുരുങ്ങിയ സമയത്തില്‍ സംഘടിപ്പിച്ച പരിപാടി ആയിട്ട് പോലും ഇഷാന് ദേവ് അയ്യപ്പ ഭക്തിഗാനങ്ങള്‍ അടങ്ങുന്ന പുതിയ പ്രൊഡക്ഷന്‍ ചെയ്തുതരാം എന്ന് ഉറപ്പ് നല്കി. അങ്ങനെ അഞ്ച് ദിവസം കൊണ്ട് 25ല്‍പരം ആര്‍ട്ടിസ്റ്റുകളും 10ല്‍ അധികം ടെക്നീഷ്യന്മാരും അടങ്ങുന്ന നിരവധി ട്രൂപ്പുകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഷോ അവതരിപ്പിക്കുകയായിരുന്നു.
കലാകാരന്മാരുടെ അഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്സല്‍ തുടങ്ങിയ എല്ലാ ചിലവുകളടക്കം ഇഷാന് ദേവ് നല്കിയ പ്രൊപ്പോസല്‍ എട്ട് ലക്ഷം രൂപയുടേത് ആയിരുന്നു. അതിന്റെ ബില്‍ കൈമാറുകയും ചെയ്തു. ഇതില്‍ നാല് ലക്ഷം രൂപയാണ് ഇഷാന് ദേവിന് ഇതുവരെ നല്‍കിയത്. അതോടൊപ്പം ആഗോള അയ്യപ്പസംഗമത്തിന്റെ സമാപനത്തില്‍ വിജയ് യേശുദാസ്, വീരമണി, സുദീപ് എന്നിവര്‍ നയിക്കുന്ന ഭക്തി ഗാനമേളയും അവതരിപ്പിച്ചു. ഇതിന് വേണ്ടി സുദീപിന്റെ കമ്പനി സമര്‍പ്പിച്ചിരിക്കുന്നത് 28 ലക്ഷം രൂപയുടെ ബില്ലാണ്. ഇതില്‍ പകുതിയോളം തുക നല്‍കിയിട്ടുണ്ട്.
ഇവന്റ് മാനേജ്മെന്റ് ഏജന്‍സി ദേവസ്വം ബോര്‍ഡിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന് നേരിട്ട് സമര്‍പ്പിച്ച സ്റ്റേറ്റ്മെന്റില്‍ വന്ന ഗുരുതര പിഴവാണ് നന്ദഗോവിന്ദം ഭജന്‍സ് പരിപാടി അവതരിപ്പിച്ചു എന്ന രീതിയില്‍ പ്രചരിക്കാന്‍ ഇടയായത്. ആഗോള അയ്യപ്പ സംഗമത്തിന്റെ ആകെ ചിലവുകള്‍ ജിഎസ്ടി ഉള്‍പ്പെടെ അഞ്ചുകോടി രൂപയ്ക്കുള്ളില്‍ പരിമതപ്പെടുത്തുന്നത് സംബന്ധിച്ച് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യോഗം ചേരുകയും അപ്രകാരം തീരുമാനിക്കുകയും ചെയ്തിരുന്നു. ഇത് ശബരിമല സ്പെഷ്യല്‍ കമീഷണറെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ഇവന്റ് മാനേജ്മെന്റ് ഏജന്‍സി സമര്‍പ്പിച്ച ബില്ലുകള്‍, ഇന്‍വോയ്സ് എന്നിവ ചൊവ്വാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം പരിശോധിക്കും.






