Breaking NewsKeralaLead NewsNEWS

ആലിന്റെ കരളാകുക ആറ് മാസം പ്രായമുള്ള ഡ്രിയ!! ആലിന്റെ മാതാപിതാക്കൾ ആ കുഞ്ഞിന്റെ ജീവന് വേണ്ടി എത്ര കൊതിച്ചിട്ടുണ്ടാകും… പക്ഷേ കുഞ്ഞ് പോയി… അതിയായ ദുഖമുണ്ട്!! ഇനി ആ കുഞ്ഞിലൂടെ എന്റെ മകൾ ജീവിക്കും… അതുപോലെ എന്റെ മകളിലൂടെ കുഞ്ഞ് ആലിനും..

വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ കുരുന്ന് ആലിൻ ഷെറിൻ എബ്രഹാമിനോടുള്ള തീർത്താൽ തീരാത്ത കടപ്പാട് അറിയിച്ച് ആലിന്റെ കരൾ സ്വീകരിക്കുന്ന കുട്ടിയുടെ പിതാവ്. ആറ് മാസം പ്രായമുള്ള ഡ്രിയ എന്ന കുട്ടിയ്ക്കാണ് കുഞ്ഞ് ആലിൻ പുതുജീവനേകുക. അവയവ ദാനം നടത്തിയ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ആലിൻ മാറുന്നതോടൊപ്പം കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞാകുകയാണ് ഡ്രിയയും.

താനിപ്പോൾ സന്തോഷവും ദുഃഖവും ഒരുപോലെ തോന്നുന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഡ്രിയയുടെ പിതാവ് ബൈജു കുമാർ പറയുന്നു. ‘ആലിന്റെ മാതാപിതാക്കൾ ആ കുഞ്ഞിന്റെ ജീവന് വേണ്ടി എത്ര കൊതിച്ചിട്ടുണ്ടാകും. പക്ഷേ കുഞ്ഞ് പോയി. എനിക്കതിൽ വലിയ വിഷമമുണ്ട്. ഇപ്പോൾ എന്റെ കുഞ്ഞിന് ആലിനിലൂടെ ജീവിതം കിട്ടുന്നു. ആ കുഞ്ഞിലൂടെ എന്റെ മകളും ജീവിക്കും. എന്റെ മകളിലൂടെ ആലിനും ജീവിക്കും…. ബൈജു കുമാർ പറഞ്ഞു.

Signature-ad

അതേസമയം ഡ്രിയയ്ക്ക് ഒന്നരമാസം പ്രായമുള്ളപ്പോഴാണ് കരൾ രോഗമുള്ളതായി കണ്ടെത്തുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് കരൾ മാറ്റ ശസ്ത്രക്രിയയ്ക്കുള്ള അറിയിപ്പ് ആശുപത്രിയിൽ നിന്ന് ലഭിച്ചതെന്ന് ഡ്രിയയുടെ പിതാവ് പറയുന്നു. ഡ്രിയയെക്കൂടാതെ മറ്റ് മൂന്നു കുരുന്നുകളുടെ ജീവിതത്തിലും കുഞ്ഞ് ആലിൻ പുതു പ്രകാശം പകരും. വൃക്കകൾ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാർഡിൽ ചികിത്സയിലുള്ള പത്തുവയസുള്ള പെൺകുട്ടിക്ക് നൽകും. ഹൃദയ വാൾവ് തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിലുള്ള കുട്ടിക്ക് നൽകും. നേത്രപടലങ്ങൾ കൊച്ചി അമൃതയിലേക്ക് കൊണ്ടുപോകും.

ഫെബ്രുവരി അഞ്ചിന് എം.സി. റോഡിൽ പള്ളം ബോർമ കവല ജംഗ്ഷന് സമീപം നടന്ന വാഹനാപകടത്തിലാണ് ആലിന് ​ഗുരുതരമായി പരുക്കുപറ്റിയത്. ആലിനും, മാതാവും, മാതാവിന്റെ രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷകൾ അസ്തമിച്ചു കഴിഞ്ഞ ദിവസം ഉച്ചയോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: