
റിലീസിന് മുൻപേ ആഗോള തലത്തിലും പ്രാദേശിക തലത്തിലും സിനിമാവിപണിയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ‘ടോക്സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രൗൺ അപ്സ്’, ഇന്ത്യൻ സിനിമാ ഭൂപടത്തിൽ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചുകൊണ്ട് ഇതാ മറ്റൊരു നിർണ്ണായക നീക്കം കൂടി നടത്തിയിരിക്കുന്നു. ചിത്രത്തിന്റെ പാൻ-ഇന്ത്യൻ സ്വപ്നങ്ങൾക്ക് കരുത്തേറിക്കൊണ്ട്, ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വിതരണ കമ്പനികളിലൊന്നായ AA ഫിലിംസ് ‘ടോക്സിക്’ സിനിമയുടെ ഉത്തരേന്ത്യയിലെയും നേപ്പാളിലെയും തിയറ്റർ വിതരണാവകാശം സ്വന്തമാക്കി. ഇതോടെ ദക്ഷിണേന്ത്യക്ക് പുറത്തും ചിത്രത്തിന്റെ സാന്നിധ്യം ശക്തമാവുകയാണ്.
ഇന്ത്യൻ സിനിമയുടെ ചരിത്രം മാറ്റിക്കുറിച്ച ‘കെ.ജി.എഫ് 1’, ‘കെ.ജി.എഫ് 2’ എന്നീ ചിത്രങ്ങളുടെ വിജയകരമായ വിതരണത്തിന് ശേഷം അനിൽ തഡാനിയും യാഷും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ കൂട്ടുകെട്ടിനുണ്ട്. വിശ്വാസവും പാരമ്പര്യവും മികച്ച സിനിമാ കാഴ്ചപ്പാടും കൈമുതലായുള്ള ഈ പങ്കാളിത്തം ‘ടോക്സിക്’ സിനിമയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് ഉറപ്പാണ്.
റോക്കിംഗ് സ്റ്റാർ യാഷും അനിൽ തഡാനിയും തമ്മിലുള്ള ഈ ബന്ധം മുൻകാല വിജയങ്ങളിൽ അധിഷ്ഠിതമാണ്. ‘കെ.ജി.എഫ്’ മുതൽ ആരംഭിച്ച ഇവരുടെ സഹകരണം പാൻ-ഇന്ത്യൻ സിനിമാ വിപണിയുടെ ഗതി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രാദേശിക സിനിമകളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിലും ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിലും ഈ കൂട്ടുകെട്ട് നിർണ്ണായകമായിരുന്നു.
റിലീസിന് മുന്നോടിയായുള്ള റെക്കോർഡ് നേട്ടങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ കരാർ. നേരത്തെ, ആന്ധ്ര-തെലങ്കാന വിപണിയിൽ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസുമായി റെക്കോർഡ് വിതരണ കരാർ ഒപ്പിട്ട ആദ്യ ഇതര തെലുങ്ക് ചിത്രമെന്ന ഖ്യാതി ‘ടോക്സിക്’ സ്വന്തമാക്കിയിരുന്നു. കൂടാതെ, ചിത്രത്തിന്റെ ഇന്ത്യൻ ഭാഷാ പതിപ്പുകൾക്കായുള്ള വിദേശ വിതരണാവകാശം ഫാർസ് ഫിലിംസ് (Phars Film) വൻ തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. ഉത്തരേന്ത്യയിലും നേപ്പാളിലും AA ഫിലിംസ് കൂടി എത്തുന്നതോടെ, ഏറ്റവും വലിയ വിതരണ ശൃംഖലയാണ് ടോക്സിക്കിനായി ഒരുങ്ങുന്നത്.
ഇന്ത്യൻ സിനിമാ രംഗത്തെ ഏറ്റവും പരിചയസമ്പന്നനും ആദരണീയനുമായ വിതരണക്കാരിലൊരാളായ AA ഫിലിംസ് സ്ഥാപകൻ അനിൽ തഡാനിയാണ് ഈ സഖ്യത്തിന് നേതൃത്വം നൽകുന്നത്. സിംഗിൾ സ്ക്രീനുകൾ മുതൽ മൾട്ടിപ്ലക്സുകൾ വരെയുള്ള വിതരണ മേഖലയിലെ പതിറ്റാണ്ടുകളുടെ പരിചയവും പ്രേക്ഷകരുടെ അഭിരുചിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും അദ്ദേഹത്തിന്റെ കരുത്താണ്.
‘പാൻ-ഇന്ത്യൻ’ എന്ന വാക്ക് പ്രചാരത്തിലാകുന്നതിന് മുൻപേ തന്നെ വിവിധ സിനിമാ വ്യവസായങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. ബാഹുബലി, കെ.ജി.എഫ്, പുഷ്പ, കാന്താര, കൽക്കി തുടങ്ങിയ ഇന്ത്യൻ സിനിമയുടെ ഗതി മാറ്റിയ ബ്ലോക്ക്ബസ്റ്ററുകൾ ദേശീയ തലത്തിൽ എത്തിക്കുന്നതിൽ അനിൽ തഡാനി നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
കരാറിനെക്കുറിച്ച് AA ഫിലിംസ് സ്ഥാപകൻ അനിൽ തഡാനിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
“വളരെയേറെ പ്രതീക്ഷയോടും ദൃഢനിശ്ചയത്തോടും കൂടി നിർമ്മിച്ച ഒരു സിനിമയാണ് ടോക്സിക്. ഇതിന്റെ ഉള്ളടക്കം കണ്ടപ്പോൾ തന്നെ, ബിഗ് സ്ക്രീനിൽ കാണേണ്ട ഒരു വിഷ്വൽ വിരുന്നാണിതെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. യാഷ് പാൻ-ഇന്ത്യൻ താരമെന്ന നിലയിൽ ഓരോ തവണയും സ്വയം ഉയർത്തുകയാണ്. ടോക്സിക് എന്ന ചിത്രത്തിലൂടെ അദ്ദേഹം അത് പുതിയൊരു തലത്തിലേക്ക് എത്തിക്കുന്നു.ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക വിദഗ്ധരും കലാകാരന്മാരുമാണ് ഈ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. അത്തരത്തിൽ മികച്ച തിയറ്റർ അനുഭവം നൽകുന്ന സിനിമകളെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.”
“വളരെ ചിട്ടയോടും ദീർഘവീക്ഷണത്തോടും കൂടിയാണ് കെ.വി.എൻ പ്രൊഡക്ഷൻസ് സിനിമകളെ സമീപിക്കുന്നത്. ടോക്സിക് പോലുള്ള ഒരു വലിയ പ്രോജക്റ്റിന് ശക്തമായ ഒരു വിതരണ ശൃംഖല ആവശ്യമാണ്. അനിൽ തഡാനിയെപ്പോലെ പാൻ-ഇന്ത്യൻ സിനിമയുടെ സാധ്യതകൾ കൃത്യമായി അറിയുന്ന ഒരാളെ പങ്കാളിയായി ലഭിച്ചതിൽ സന്തോഷമുണ്ട്. ഉത്തരേന്ത്യയിലും നേപ്പാളിലും ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാൻ അദ്ദേഹം ഏറ്റവും അനുയോജ്യനായ വ്യക്തിയാണ്. സാങ്കേതികമായി വിട്ടുവീഴ്ചയില്ലാത്തതും സാംസ്കാരികമായി വേരുകളുള്ളതുമായ ഒരു ഗ്ലോബൽ സിനിമ തന്നെയാണ് ടോക്സിക്.” എന്ന് കെ.വി.എൻ (KVN) പ്രൊഡക്ഷൻസ് പ്രൊഡ്യൂസർ വെങ്കട്ട് കെ. നാരായണയും അഭിപ്രായപ്പെട്ടു.
ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്സ്’ (Toxic: A Fairytale for Grown-Ups) കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിലും ചിത്രം പുറത്തിറങ്ങും.
ദേശീയ അവാർഡ് ജേതാക്കളായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്ജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. ആബിദ് (പ്രൊഡക്ഷൻ ഡിസൈൻ) എന്നിവരടങ്ങിയ വലിയൊരു നിര തന്നെ ചിത്രത്തിന് പിന്നിലുണ്ട്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക് ഫെയിം), ദേശീയ അവാർഡ് ജേതാക്കളായ അൻബറിവ്, കെച്ച കമ്പാക്ഡി എന്നിവർ ഒരുക്കുന്ന വമ്പൻ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം.
കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണയും യാഷും ചേർന്ന് നിർമ്മിക്കുന്ന ടോക്സിക് 2026 മാർച്ച് 19-ന് ഈദ്, ഉഗാദി, ഗുഡി പദ്വ ആഘോഷങ്ങളോടനുബന്ധിച്ച് ലോകമെമ്പാടും റിലീസ് ചെയ്യും.






