Breaking NewsKeralaLead NewsNEWSNewsthen Specialpolitics

കേരളത്തിന്റെ സില്‍വര്‍ലൈന്‍ വീണ്ടും പരിശോധിക്കാമെന്ന് അശ്വനി വൈഷ്ണവ്; ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നം; ഡിപിആര്‍ നിരസിക്കാത്തത് ഗുണം ചെയ്യുമോ? വീണ്ടും ഹൈ സ്പീഡ് പ്രതീക്ഷ

ന്യൂഡല്‍ഹി: കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. വലിയ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടെന്നും പദ്ധതി പ്രായോഗികമാണെന്ന് കരുതുന്നില്ലെന്നും പറഞ്ഞ അദ്ദേഹം സംസ്ഥാന സര്‍ക്കാരിന് ആവശ്യമെങ്കില്‍ ഒരിക്കല്‍ കൂടി പരിഗണിക്കാന്‍ തയാറാണെന്ന് സഭയെ അറിയിച്ചു. ഹൈ സ്പീഡ് പദ്ധതിയും പരിശോധിക്കാമെന്ന് പറഞ്ഞ മന്ത്രി, ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നമാണെന്നും 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുക്കാന്‍ കഴിഞ്ഞതെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റെയില്‍വേ വികസന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം കുറവാണെന്ന് ആരോപിച്ച കേന്ദ്രമന്ത്രി ശബരിപാതയ്ക്ക് സംസ്ഥാനം ഭൂമി ഏറ്റെടുത്തത് റയില്‍വേയുടെ പ്രേരണ മൂലമാണെന്നും കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പാകാം കാരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഭൂമി ആദ്യം ഏറ്റെടുക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Signature-ad

സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ അഞ്ചര വര്‍ഷമായിട്ടും അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ആ ഡിപിആര്‍ നിരസിച്ചിട്ടുമുണ്ടായിരുന്നില്ല. 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ 4 (1) വകുപ്പു പ്രകാരമാണു സാമൂഹികാഘാത പഠനത്തിനു 2022 ല്‍ സര്‍ക്കാര്‍ ആദ്യത്തെ വിജ്ഞാപനമിറക്കിയത്. 3 മാസത്തിനകം പഠനം തീര്‍ക്കണമെന്നു മാത്രമാണ് അതില്‍ പരാമര്‍ശിക്കുന്നത്. പരമാവധി 6 മാസത്തിനകം പഠനം തീര്‍ത്താല്‍ മതിയെന്നു നിയമത്തിലുള്ളതിനാല്‍ എസ്‌ഐഎ ഏജന്‍സികള്‍ക്കു സമയം നീട്ടിനല്‍കിയിരുന്നു. എന്നാല്‍ 6 മാസം കഴിഞ്ഞും സാമൂഹികാഘാത പഠനം പൂര്‍ത്തിയായില്ലെങ്കില്‍ ഇതിനായി ഇറക്കിയ വിജ്ഞാപനത്തിന് എന്തു സംഭവിക്കുമെന്നു നിയമത്തിലെ 4(1) വകുപ്പില്‍ കൃത്യമായി പറയുന്നില്ല.

അതേസമയം, നിയമത്തിലെ വകുപ്പ് 14ല്‍ മറ്റൊരു കാര്യം പറയുന്നുണ്ട്. അത് എസ്‌ഐഎ റിപ്പോര്‍ട്ട് റദ്ദാകുന്നതിനെക്കുറിച്ചാണ്. എസ്‌ഐഎ റിപ്പോര്‍ട്ട് വിദഗ്ധ സമിതി അംഗീകരിച്ചു സമര്‍പ്പിച്ചാല്‍, ഭൂമിയേറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം 12 മാസത്തിനകം പുറപ്പെടുവിക്കണമെന്നാണ് ഈ വ്യവസ്ഥ. ഇല്ലെങ്കില്‍ എസ്‌ഐഎ റിപ്പോര്‍ട്ട് റദ്ദാകും. സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ എസ്‌ഐഎ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ആ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് റദ്ദാകുന്നതിനുള്ള വ്യവസ്ഥ ഇവിടെ ബാധകമാകുമോ എന്നതിലും സംശയമുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: