Breaking NewsIndiaLead NewsNEWSNewsthen Specialpolitics

എപ്‌സ്റ്റീന്‍ ഫയലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും; ലൈംഗിക കുറ്റവാളിയുടെതായ ഫയലില്‍ ഉള്‍പ്പെട്ടത് നാണക്കേടെന്ന് കോണ്‍ഗ്രസ്; വെറും ജല്‍പനങ്ങള്‍ എന്ന് ബിജെപി

ന്യൂഡല്‍ഹി: എപ്സ്റ്റീന്‍ ഫയല്‍ രേഖയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ ഇസ്രയേല്‍ സന്ദര്‍ശനവും പരാമര്‍ശിക്കുന്നതായുള്ള ആരോപണത്തില്‍ വിവാദം. പുറത്തുവന്നത് ജല്‍പ്പനങ്ങളാണെന്നും അങ്ങേയറ്റം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിച്ചു എന്നത് മാത്രമാണ് വസ്തുതയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട കുറ്റവാളിയുടെ വാക്കുകളാണെന്നും കടുത്ത ഭാഷയിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിമര്‍ശനം. രാജ്യത്തിന് മുഴുവന്‍ നാണക്കേടാണ് പ്രധാനമന്ത്രിയുടെ പേര് എപ്സ്റ്റീന്‍ ഫയലില്‍ ഉള്‍പ്പെട്ടതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

Signature-ad

മോദി തന്റെ ഉപദേശം സ്വീകരിച്ചെന്നാണ് ഇ മെയിലില്‍ എപ്സ്റ്റീന്‍ പരാമര്‍ശിച്ചിട്ടുള്ളത്. തന്റെ നിര്‍ദേശപ്രകാരം മോദി ഇസ്രയേലില്‍ പോയെന്നാണ് എപ്സ്റ്റീന്‍ വിവരിച്ചിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അതുകൊണ്ട് ഗുണമുണ്ടായെന്നും പരാമര്‍ശമുണ്ട്. എന്നാല്‍ എന്ത് പ്രയോജനമെന്ന് മെയിലില്‍ വ്യക്തമാക്കിയിട്ടില്ല. അമേരിക്കയിലും ലോകത്താകെയും വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയര്‍ത്തിയതാണ് എപ്സ്റ്റീന്‍ ഫയലുകളിലെ വെളിപ്പെടുത്തലുകള്‍.

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിമന്ത്രാലയം പുറത്തുവിട്ട രേഖകളിലാണ് പുതിയ വിവരങ്ങളുള്ളത്. മള്‍ട്ടി മില്യണറായിരുന്ന ജെഫ്രി എപ്സ്റ്റീന്‍ ലൈംഗിക കുറ്റത്തിന് ജയിലിലായിരുന്നു. 2019 ല്‍ ജയിലില്‍ കഴിയവെ ആത്മഹത്യ ചെയ്ത ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് എപ്സ്റ്റീന്‍ ഫയലിലുള്ളത്. ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, സെലിബ്രിറ്റികള്‍, വിദേശ നേതാക്കള്‍ എന്നിവരുമായി ജെഫ്രി എപ്സ്റ്റീനുള്ള ബന്ധങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന് റഷ്യന്‍ പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം ലൈംഗികരോഗം പിടിപെട്ടുവെന്ന് വ്യക്തമാക്കുന്ന എപ്സ്റ്റീന്‍ ഫയലുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നേരത്തെ പുറത്തുവന്ന പട്ടികയില്‍ മുന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് ബില്‍ ക്ലിന്റണും മൈക്കിള്‍ ജാക്‌സണും അടക്കമുള്ളവരുടെ വിവരങ്ങളുണ്ടായിരുന്നു.

അല്‍പമാത്രമുള്ള വിവരങ്ങള്‍വച്ച് പ്രധാനമന്ത്രിയെ അധിക്ഷേപിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നു ബിജെപി ആരോപിച്ചു. ഇവര്‍ തമ്മിലുള്ള ബന്ധത്തെപ്പറ്റി പൂജ്യം തെളിവുകള്‍ മാത്രമാണുള്ളതെന്നും ബിജെപി പറഞ്ഞു. അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വെബ്‌സൈറ്റ് ലിങ്കടക്കം എക്‌സില്‍ പോസ്റ്റ് ചെയ്തശേഷമാണ് കോണ്‍ഗ്രസ് ആരോപണവുമായി രംഗത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: