പാകിസ്താന്‍ ട്വന്റി 20 ലോകകപ്പിന്; തിങ്കളാഴ്ച വിമാനം കയറുമെന്ന് പത്രക്കുറിപ്പ്; തൊട്ടു പിന്നാലെ മുക്കി; അനാവശ്യ വിവാദം മാത്രം ലക്ഷ്യമെന്നു വ്യക്തം; ഐസിസി നിലപാടു കടുപ്പിച്ചതോടെ സാഷ്ടാംഗം

ഇസ്ലാമാബാദ്: ബംഗ്ലദേശിനെ ചൊല്ലിയുണ്ടാക്കിയ നാടകങ്ങള്‍ക്കൊടുവില്‍ പാക് ടീം ട്വന്റി 20 ലോകകപ്പില്‍ പങ്കെടുക്കുമെന്ന് സൂചന. പിസിബി (പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്) പുറത്തുവിടുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്ത വാര്‍ത്താക്കുറിപ്പിലാണ് യാത്ര തീയതിയും ഫ്ലൈറ്റുമടക്കമുള്ള വിവരങ്ങള്‍ ഉള്ളത്. ലോകകപ്പിനുള്ള പാക് ടീം തിങ്കളാഴ്ച (ഫെബ്രുവരി 2) എയര്‍ ലങ്ക വിമാനത്തില്‍ പുറപ്പെടുമെന്നും അതേ വിമാനത്തില്‍ ഓസീസ് താരങ്ങളും ഉണ്ടാകുമെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്.
പിസിബിയുടെ വാര്‍ത്താക്കുറിപ്പ് ലീക്കായതിന് പിന്നാലെ പാക് മാധ്യമപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ഈ കുറിപ്പ് പിന്‍വലിച്ച് പുതിയ റിലീസ് ഇറക്കുകയായിരുന്നു. ഈ റിലീസില്‍ യാത്രാ തീയതിയും ഫ്ലൈറ്റും ഒഴിവാക്കിയിട്ടുണ്ട്.
ലോകകപ്പില്‍ പങ്കെടുക്കുന്നതില്‍ പാക്കിസ്ഥാന്‍ ഔദ്യോഗിക തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല എന്നായിരുന്നു പിസിബിയുടെ ഭാഷ്യം. എന്നാല്‍ ഇത് കളവാണെന്നും അനാവശ്യമായ വിവാദം മാത്രമാണ് പാക്കിസ്ഥാന്റെ ലക്ഷ്യമെന്നുമാണ് പുതിയ നീക്കങ്ങളില്‍ നിന്നും മനസിലാകുന്നത്. ഫെബ്രുവരി ഏഴിനാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പ് മല്‍സരങ്ങള്‍ക്ക് തുടക്കമാകുക.
പിസിബി ചെയര്‍മാനായ മുഹ്സിന്‍ നഖ്വി പാക് മന്ത്രിസഭയില്‍ കൂടി അംഗമായതിനാല്‍ രാഷ്ട്രീയ തീരുമാനങ്ങളാണ് രാജ്യാന്തര ക്രിക്കറ്റില്‍ കൂടുതലായും നടപ്പാകുന്നത്. ബംഗ്ലദേശിനോട് ഐസിസി ഇരട്ടത്താപ്പ് കാണിച്ചെന്ന് ആരോപിച്ചാണ് പാക്കിസ്ഥാനും ബഹിഷ്‌കരണ ഭീഷണി ഉയര്‍ത്തിയത്. എന്നാല്‍ ഐസിസി നിലപാട് കടുപ്പിച്ചതോടെ പിസിബി ഒറ്റപ്പെട്ടു.
പാക്കിസ്ഥാന്‍ ലോകകപ്പിനില്ലെങ്കില്‍ പകരക്കാരായി ബംഗ്ലദേശിനെ തന്നെ കൊണ്ടുവരാനും ഐസിസി ശ്രമങ്ങള്‍ നടത്തിയിരുന്നു. ബഹിഷ്‌കരണ നീക്കവുമായി പാക്കിസ്ഥാന്‍ മുന്നോട്ട് പോയാല്‍ രാജ്യാന്തര മല്‍സരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനും വന്‍ പിഴ ഈടാക്കാനും പിസിഎലിന് വിദേശ താരങ്ങളെ വിട്ടുകൊടുക്കാതിരിക്കാനുമായിരുന്നു ഐസിസിയുടെ നീക്കം. ഈ ഭീഷണിക്ക് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വഴങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഐപിഎല്‍ 2026 സീസണില്‍ ബംഗ്ലദേശ് താരം മുസ്തഫിസുര്‍ റഹ്‌മാനെ കളിപ്പിക്കേണ്ടെന്ന ബിസിസിഐ നിര്‍ദേശത്തിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് നിലവില്‍ വരുന്നത് സുരക്ഷിതമല്ലെന്നും മല്‍സരം ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലദേശ് നിലപാടെടുത്തത്. ലോകകപ്പിനുള്ള മല്‍സര വേദികളും മറ്റ് ക്രമീകരണങ്ങളും മാസങ്ങള്‍ക്ക് മുന്‍പേ പൂര്‍ത്തിയായതാണെന്നും വേദി മാറ്റാന്‍ കഴിയില്ലെന്നും ഐസിസി നിലപാടെടുത്തു. ഒടുവില്‍ ബംഗ്ലദേശ് പുറത്താകുകയും പകരം സ്‌കോട്ലന്‍ഡിന് ലോകകപ്പിലേക്ക് വഴി തെളിയുകയുമായിരുന്നു.
ബഹിഷ്‌കരണ നീക്കവുമായി മുന്നോട്ട് പോയാല്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് പാക്കിസ്ഥാനെ കാത്തിരിക്കുന്നത്. ദ്വിരാഷ്ട്ര പരമ്പരകള്‍ റദ്ദാക്കുമെന്നും വിദേശതാരങ്ങള്‍ക്ക് പിഎസ്എലില്‍ കളിക്കാന്‍ എന്‍ഒസി നല്‍കില്ലെന്നും ഏഷ്യാകപ്പില്‍ നിന്ന് പുറത്താക്കുമെന്നുമാണ് ഐസിസി നിലപാട്. അത്തരമൊരു വിലക്കിലേക്ക് ഐസിസി കടന്നാല്‍ പാക്കിസ്ഥാന്റെ സാമ്പത്തികാവസ്ഥ കൂടുതല്‍ മോശമാകും. ക്രിക്കറ്റ് കേവലം ആഭ്യന്തര തലത്തിലേക്ക് മാത്രമൊതുങ്ങും. 500,000 ഡോളര്‍ (നാലരക്കോടിയിലേറെ രൂപ) വീതമാണ് ലോകകപ്പ് ബഹിഷ്‌കരിച്ചാല്‍ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍ക്ക് പാക്കിസ്ഥാന്‍ നല്‍കേണ്ടി വരിക.
മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎലില്‍ ഇന്ത്യ കളിപ്പിക്കാതിരിക്കുന്നതിനെ ചൊല്ലിയാണ് ബിസിബിയും ബിസിസിഐയും ഇടഞ്ഞത്. ഇതോടെ സുരക്ഷാകാരണങ്ങളാല്‍ ഇന്ത്യയിലേക്ക് ഇല്ലെന്ന് ബംഗ്ലദേശ് പ്രഖ്യാപിച്ചു. മൂന്നാഴ്ചയോളം ഐസിസി പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിട്ടും ഇന്ത്യയിലേക്ക് വരില്ലെന്നും ബംഗ്ലദേശിന്റെ മല്‍സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമുള്ള നിലപാടാണ് ബിസിബി കൈക്കൊണ്ടത്. സര്‍ക്കാര്‍ വക്താവും ഈ നിലപാടില്‍ ഉറച്ച് നിന്നു. എന്നാല്‍ ലോകകപ്പ് മുടക്കുന്നത് ആലോചിക്കാന്‍ വയ്യെന്നും കളിക്കമെന്നാണ് ആഗ്രഹമെന്നും ബംഗ്ലദേശ് താരങ്ങള്‍ പറഞ്ഞു. പക്ഷേ കാര്യമുണ്ടായില്ല. ബംഗ്ലദേശ് തീരുമാനത്തില്‍ ഉറച്ച് നിന്നതോടെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കിയതായി ഐസിസി പ്രഖ്യാപിക്കുകയും പകരക്കാരായി സ്‌കോട്ലന്‍ഡിനെ തിരഞ്ഞെടുക്കുകയുമായിരുന്നു.
ടൂര്‍ണമെന്റ് പാര്‍ട്ടിസിപ്പിഷേന്‍ എഗ്രിമെന്റ് ലംഘനമെന്നു ചൂണ്ടിക്കാട്ടിയാണു പാകിസ്ഥാനെതിരേ വന്‍ തുക പിഴ ചുമത്താന്‍ കഴിയുക. ഐസിസിയുടെ വാര്‍ഷിക വരുമാനത്തില്‍നിന്നു ലഭിക്കേണ്ട 34.5 ദശലക്ഷം ഡോളര്‍ പിന്‍വലിക്കപ്പെടും. മീഡിയ റൈറ്റായി ലഭിക്കുന്ന 3.5 ബില്യണ്‍ ഡോളറില്‍നിന്നുള്ള വിഹിതമാണു നഷ്ടമാകുക. ഇതില്‍ 85 ശതമാനവും ഉത്ഭവിക്കുന്നത് ഇന്ത്യന്‍ വിപണിയില്‍നിന്നാണ്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവയ്ക്കും മീഡിയ അവകാശം നല്‍കുന്നതിലൂടെ വന്‍തുക ലഭിക്കുന്നുണ്ട്.






