Breaking NewsIndiaKeralaLead NewsNEWSPravasiWorld

സിജെ റോയി ജീവനൊടുക്കിയത് ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദത്തിൽ, പരാതി നൽകി കുടുംബം!! കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും, ഫോണുകളും തോക്കും പോലീസ് കസ്റ്റഡിയിൽ, സാമൂഹിക മാധ്യമ ഇടപെടലുകളും പരിശോധിക്കും, സംസ്കാരം ഇന്ന്, പൊതുദർശനം സഹോദരന്റെ വീട്ടിൽ ഉച്ചയ്ക്ക് ഒരുമണിവരെ

ബെംഗളൂരു: ബെംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന്. സഹോദരന്റെ വീടിരിക്കുന്ന കോറമംഗലയിൽ ആയിരിക്കും സംസ്കാരം. പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സഹോദരൻ സിജെ ബാബുവിന്റെ വീട്ടിൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനം ഉണ്ടാകും. തുടർന്നാകും സംസ്കാരം.

അതേസമയം സിജെ റോയ് യുടെ മരണത്തിൽ പോലീസ് കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. കൂടാതെ കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടെയും മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും. ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. ബെംഗളൂരു സെൻട്രൽ ഡിസിപിക്കാണ് അന്വേഷണ ചുമതല. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടിജെ ജോസഫ് പോലീസിൽ പരാതി നൽകിയിരുന്നു.

Signature-ad

കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളിൽ റെയ്‌ഡ്‌ നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പോലീസ് കമ്മീഷണർ സീമന്ത്‌ കുമാർ സിംഗ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഐടി ഉദ്യോഗസ്ഥരിൽ നിന്നും വിശദാംശങ്ങൾ തേടുമെന്നും സീമന്ത്‌ കുമാർ സിംഗ് പറഞ്ഞു. സിജെ റോയിയുടെ രണ്ട് മൊബൈൽ ഫോണുകളും വെടിയുതിർത്ത തോക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനമെന്നാണ് അറിയുന്നത്.

അതേസമയം ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സർക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളിൽ ഇന്നലെയാണ് റോയിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്നലെ അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: