ഇറാനെതിരെ സൈനിക നടപടി ആലോചിച്ച് ട്രംപ്; നേതാക്കളെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ‘പരിമിത’ ആക്രമണം; വ്യോമാക്രമണം കൊണ്ടു ഫലമില്ല, ഖമേനിക്ക് നിയന്ത്രണം നഷ്ടമായി; വധിച്ചാലും പകരം ആളുവരുമെന്ന് ഇസ്രയേല്‍; പശ്ചിമേഷ്യയില്‍ സംഘര്‍ഷം മുറുകുന്നു

ന്യൂയോര്‍ക്ക്: സമ്പൂര്‍ണ ആക്രമണത്തിനു പകരം ഇറാനിലെ പ്രതിഷേധക്കാര്‍ക്കെതിരേ തിരിയുന്ന സൈന്യത്തിനും ഉദ്യോഗസ്ഥര്‍ക്കുമെതിരേ പരിമിത ആക്രമണങ്ങള്‍ അമേരിക്ക ആലോചിക്കുന്നെന്നു റിപ്പോര്‍ട്ട്. അതേസമയം, വ്യോമാക്രമണം കൊണ്ടുമാത്രം ഖമേനി ഭരണകൂടത്തെ താഴെയിറക്കാന്‍ കഴിയില്ലെന്ന് ഇസ്രയേല്‍, അറബ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ മാസം ആദ്യം നടന്ന രാജ്യവ്യാപകമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയും ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍, ഇറാനില്‍ ഒരു ‘ഭരണകൂട മാറ്റത്തിന്’ ട്രംപ് സാഹചര്യമൊരുക്കാന്‍ ആഗ്രഹിക്കുന്നതായി ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അക്രമങ്ങള്‍ക്ക് ഉത്തരവാദികളെന്ന് വാഷിംഗ്ടണ്‍ കരുതുന്ന കമാന്‍ഡര്‍മാരെയും സ്ഥാപനങ്ങളെയും ആക്രമിക്കാനാണ് അദ്ദേഹം ആലോചിക്കുന്നത്. ഇത് സര്‍ക്കാര്‍-സുരക്ഷാ കെട്ടിടങ്ങള്‍ പിടിച്ചെടുക്കാന്‍ പ്രതിഷേധക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്ന് അവര്‍ കരുതുന്നു. എന്നിരുന്നാലും, സൈനിക നീക്കം വേണോ എന്ന കാര്യത്തില്‍ ട്രംപ് അന്തിമ തീരുമാനം എടുത്തിട്ടില്ല.
മിഡില്‍ ഈസ്റ്റിലെ യുഎസ് സഖ്യകക്ഷികളിലേക്ക് എത്താന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ ആണവ സമ്പുഷ്ടീകരണ പദ്ധതികള്‍ എന്നിവ ലക്ഷ്യമിട്ടുള്ള വലിയൊരു ആക്രമണവും ട്രംപിന്റെ സഹായികള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇസ്രായേലിനെതിരെയുള്ള തങ്ങളുടെ ഏക പ്രതിരോധ മാര്‍ഗമായി കാണുന്ന മിസൈലുകളുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പിന് ഇറാന്‍ തയ്യാറായിട്ടില്ല.
ഇറാന്‍ അടിച്ചമര്‍ത്തല്‍ തുടരുന്ന പക്ഷം ഇടപെടുമെന്ന് ട്രംപ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഈ ആഴ്ച യുഎസ് വിമാനവാഹിനിക്കപ്പലും യുദ്ധക്കപ്പലുകളും മിഡില്‍ ഈസ്റ്റില്‍ എത്തിയത് ട്രംപിന്റെ സൈനിക ശേഷി വര്‍ദ്ധിപ്പിച്ചു.
ഈ വിഷയത്തില്‍ റോയിട്ടേഴ്‌സ് ഒരു ഡസനിലധികം ആളുകളുമായി സംസാരിച്ചു. എന്നാല്‍ യുഎസ് ആക്രമണം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് നാല് അറബ് ഉദ്യോഗസ്ഥരും മൂന്ന് പാശ്ചാത്യ നയതന്ത്രജ്ഞരും ആശങ്ക പ്രകടിപ്പിച്ചു. 1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും ക്രൂരമായ അടിച്ചമര്‍ത്തലില്‍ പകച്ചുനില്‍ക്കുന്ന ജനങ്ങളെ തെരുവിലിറക്കുന്നതിന് പകരം, ഈ ആക്രമണം പ്രതിഷേധ പ്രസ്ഥാനത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തിയേക്കാം എന്ന് അവര്‍ ഭയപ്പെടുന്നു.
സൈന്യത്തിനുള്ളില്‍ നിന്ന് വലിയ തോതിലുള്ള പിന്‍മാറ്റം ഉണ്ടാകാതെ ഇറാന്റെ പ്രതിഷേധങ്ങള്‍ ‘വീരോചിതമാണെങ്കിലും ആയുധബലത്തിന് മുന്നില്‍ നിസ്സഹായമാണ്’ എന്ന് മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അലക്‌സ് വതങ്ക പറഞ്ഞു. ഇറാന്‍ വിദേശകാര്യ മന്ത്രാലയമോ യുഎസ് പ്രതിരോധ വകുപ്പോ വൈറ്റ് ഹൗസോ ഇതേക്കുറിച്ചു പ്രതികരിക്കാന്‍ തയാറായില്ല.
ആണവായുധങ്ങളുടെ കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് ബുധനാഴ്ച ട്രംപ് ഇറാനോട് ആവശ്യപ്പെട്ടു. ജൂണില്‍ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ നടത്തിയ ബോംബാക്രമണത്തേക്കാള്‍ ഭീകരമായിരിക്കും ഭാവിയിലുള്ള ആക്രമണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മേഖലയിലുള്ള യുദ്ധക്കപ്പലുകളെ ഇറാന്റെ അടുത്തേക്ക് നീങ്ങുന്ന ഒരു കപ്പല്‍വ്യൂഹം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഇറാന്‍ ഒരു സൈനിക ഏറ്റുമുട്ടലിന് തയാറെടുക്കുകയാണെന്നും അതേസമയം നയതന്ത്ര ചാനലുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. എന്നാല്‍ വാഷിംഗ്ടണ്‍ നയതന്ത്രത്തിന് തയ്യാറല്ലെന്ന് അദ്ദേഹം ആരോപിച്ചു.
തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ളതാണെന്ന് ഇറാന്‍ ആവര്‍ത്തിക്കുന്നു. പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ആക്രമിക്കപ്പെട്ടാല്‍ മുന്‍പെങ്ങുമില്ലാത്ത വിധം പ്രതിരോധിക്കുമെന്നും ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ ദൗത്യം വ്യക്തമാക്കി.
വ്യോമാക്രമണത്തിന്റെ പരിമിതികള്‍
വ്യോമാക്രമണം കൊണ്ട് മാത്രം ഇറാന്‍ ഭരണകൂടത്തെ തകര്‍ക്കാന്‍ കഴിയില്ലെന്ന് ഒരു മുതിര്‍ന്ന ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘ഭരണകൂടത്തെ താഴെയിറക്കണമെങ്കില്‍ കരസേന ഇറങ്ങണം. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടാല്‍ പോലും അദ്ദേഹത്തിന് പകരം പുതിയൊരു നേതാവ് വരു’മെന്നും അദ്ദേഹം പറഞ്ഞു.
ഖമേനി ഇപ്പോള്‍ ഭരണകാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും സുരക്ഷിത കേന്ദ്രങ്ങളിലാണെന്നും പറയപ്പെടുന്നു. നിലവില്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി (IRGC-iran ) ബന്ധപ്പെട്ടവരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഖമേനിയുടെ അഭാവത്തില്‍ ഐആര്‍ജിസി നേരിട്ട് ഭരണം പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും ഇത് മേഖലയില്‍ കൂടുതല്‍ സംഘര്‍ഷത്തിന് വഴിവെക്കുമെന്നും നയതന്ത്രജ്ഞര്‍ ഭയപ്പെടുന്നു.
90 ദശലക്ഷം ജനങ്ങളുള്ള ഇറാന്‍ തകരുന്നത് മേഖലയിലുടനീളം അസ്ഥിരതയുണ്ടാക്കുമെന്ന് സൗദി അറേബ്യ, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഭയപ്പെടുന്നു. ഇറാന്റെ തകര്‍ച്ച ഒരു ആഭ്യന്തര യുദ്ധത്തിലേക്കും, അഭയാര്‍ത്ഥി പ്രവാഹത്തിലേക്കും, ആഗോള എണ്ണ വിപണിയെ ബാധിക്കുന്ന ഹോര്‍മുസ് കടലിടുക്കിന്റെ അടച്ചുപൂട്ടലിലേക്കും നയിച്ചേക്കാം.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇറാന്‍ പ്രസിഡന്റിനോട് പറഞ്ഞത് തങ്ങളുടെ മണ്ണോ ആകാശമോ ഇറാനെതിരായ ആക്രമണത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ല എന്നാണ്. ‘അമേരിക്ക ട്രിഗര്‍ വലിച്ചേക്കാം, പക്ഷേ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് ഞങ്ങളായിരിക്കും,’ എന്ന് ഒരു അറബ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.






