Breaking NewsIndiaLead NewsNEWS
വെനിസ്വേലൻ പ്രസിഡൻ്റ് മഡൂറോയെ അമേരിക്ക അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം, പെട്രോളൊഴിച്ച് ട്രംപിന്റെ കോലംകത്തിക്കുന്നതിനിടെ തീ ആളിപ്പടർന്ന് പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു ദാരുണാന്ത്യം

നാഗപട്ടണം: വെനിസ്വേലൻ പ്രസിഡൻ്റായിരുന്ന നിക്കോളാസ് മഡൂറോയെ അമേരിക്ക അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം നേതാവ് മരിച്ചു. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിൽ വേളാങ്കണ്ണിക്ക് സമീപം അകരഒരത്തൂരിലാണ് സംഭവം. സിഐടിയു പ്രവർത്തകനും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ കല്യാണ സുന്ദരം (45) ആണ് മരിച്ചത്.
ട്രംപിൻ്റെ കോലത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നതിനിടെ ഇദ്ദേഹത്തിൻ്റെ ശരീരത്തിലേക്ക് തീ ആളിപ്പടർന്നിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കല്യാണ സുന്ദരത്തെ ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തഞ്ചാവൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഈ മാസം പത്തിനായിരുന്നു നാഗപട്ടണം അകരഒരത്തൂരിലെ മാർക്കറ്റിന് സമീപം സമരം സംഘടിപ്പിച്ചത്.






