എന്തു തീരുമാനിച്ചാലും നാണക്കേട് മാത്രം ബാക്കി!! ബംഗ്ലാദേശിന്റെ പേരു പറഞ്ഞ് ഭീഷണി തന്ത്രമൊരുക്കുന്ന പാക്കിസ്ഥാന് മറുപണിയുമായി ഐസിസി, പിസിബി ലോകകപ്പ് ബഹിഷ്കരിച്ചാൽ പകരം ബംഗ്ലാദേശിനെ കളത്തിലിറക്കും…

ദുബായ്: ബംഗ്ലദേശിനെ പിന്തുണച്ച് ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണിമുഴക്കുന്ന പാക്കിസ്ഥാനു പകരം ബംഗ്ലദേശിനെ തന്നെ കൊണ്ടുവരാൻ നീക്കവുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ടൂർണമെന്റിൽനിന്നു പാക്കിസ്ഥാൻ പിന്മാറുന്ന സാഹചര്യമുണ്ടായാൽ പകരം ബംഗ്ലദേശിനെ കളിപ്പിക്കാനാണ് ഐസിസി ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. ലോകകപ്പ് ടൂർണമെന്റിൽ പാക്കിസ്ഥാന്റെ പങ്കാളിത്തം സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഈ വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ പ്രഖ്യാപിക്കുമെന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്‌വി അറിയിച്ചത്. ഇതോടെയാണ് മറുപണിയുമായി ഐസിസിയും രംഗത്തെത്തിയത്.
ഫെബ്രുവരി 7നാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി ലോകകപ്പ് ആരംഭിക്കുന്നത്. ഇതിനിടെ തീരുമാനം പ്രഖ്യാപിക്കുന്നത് ഫെബ്രുവരി 2 വരെ നീട്ടി പരമാവധി സമ്മർദം ചെലുത്തുകയാണ് പിസിബിയുടെ ലക്ഷ്യം. ലോകകപ്പിൽനിന്നു പൂർണമായും പിന്മാറുന്നതിനു പകരം സഹ-ആതിഥേയരായ ഇന്ത്യയുമായുള്ള മത്സരം മാത്രം ബഹിഷ്കരിക്കുന്നതിനെക്കുറിച്ചും പിസിബി ആലോചിക്കുന്നതായാണ് സൂചന. മുൻധാരണപ്രകാരം ലോകകപ്പിൽ പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലാണ്.
എന്നാൽ തങ്ങളുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയിൽ നടത്തണമെന്നായിരുന്നു ബംഗ്ലദേശിന്റെയും ആവശ്യം. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ബംഗ്ലദേശിന്റെ ആവശ്യം. ഇതു നിരസിച്ചാണ് ബംഗ്ലദേശിനെ ഐസിസി ലോകകപ്പിൽനിന്നു പുറത്താക്കിയത്. പകരം ഗ്രൂപ്പ് സിയിൽ സ്കോട്‌ലൻഡിനെ ഉൾപ്പെടുത്തുകയും ചെയ്തു.
അതേസമയം ബംഗ്ലദേശിനു പിന്തുണ നൽകിയാണ് ലോകകപ്പ് ബഹിഷ്കരിക്കാൻ പാക്കിസ്ഥാൻ ആലോചിക്കുന്നത്. അങ്ങനെ പിന്മാറിയാൽ പാക്കിസ്ഥാൻ പകരം ഗ്രൂപ്പ് എയിൽ ബംഗ്ലദേശിനെ കൊണ്ടുവന്നു പ്രശ്നപരിഹരിക്കാനാണ് ഐസിസിയുടെ പദ്ധതി. ശ്രീലങ്കയിൽ മത്സരങ്ങൾ നടത്തണമെന്ന ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിൻറെ ആവശ്യം ഇതോടെ സാങ്കേതിക തടസങ്ങളില്ലാതെ നടപ്പിലാക്കാനും ഐസിസിക്ക് സാധിക്കും.
ഇതോടെ ബംഗ്ലദേശിനെ പുറത്താക്കിയതിനു പിന്നാലെ മുഴക്കിയ ബഹിഷ്കരണ ഭീഷണിയിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) യഥാർഥത്തിൽ കരയ്ക്കുമല്ല വെള്ളത്തിലുമല്ല എന്ന അവസ്ഥയിലാണ്. ഐസിസി കർശന മുന്നറിയിപ്പ് നൽകിയതോടെയാണ് ടീമിനെ പ്രഖ്യാപിച്ചത്. പിന്മാറിയാലുള്ള നഷ്ടം താങ്ങാനും വയ്യ, പിന്മാറിയില്ലെങ്കിലുള്ള നാണക്കേട് സഹിക്കുകയും വേണം എന്ന നിലയിലാണ് പാക്കിസ്ഥാൻ.






