Breaking NewsLead NewsSports

ചേട്ടന്മാർ അടിച്ചൊതുക്കി, അനിയന്മാർ എറിഞ്ഞിട്ടു, രണ്ടായാലും ന്യൂസിലൻഡിന് 7 വിക്കറ്റ് തോൽവിതന്നെ ഫലം!! സീനിയർ ടീം ഇന്ത്യയോടു തോറ്റ ചൂടാറും മുൻപേ ജൂനിയർ ടീമിനും പരാജയം… ഇന്ത്യൻ ജയം വെറും 81 പന്തിൽ, ജയത്തോടെ സൂപ്പർ സിക്‌സിലേക്കുള്ള പ്രവേശനം ഗംഭീരമാക്കി കൗമാരപ്പട

ബുലവായോ: വെള്ളിയാഴ്ച ടി20 പരമ്പരയിൽ രണ്ടാം മത്സരത്തിൽ ന്യൂസീലൻഡ് സീനിയർ ടീമിനെ ഇന്ത്യ തകർത്തെറിഞ്ഞ് 24 മണിക്കൂർ പോലും തികയും മുൻപ് അണ്ടർ 19 ലോകകപ്പിൽ ന്യൂസിലൻഡിന് വീണ്ടും തോൽവി. അതും 7 വിക്കറ്റിനുതന്നെ. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 37 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 36.2 ഓവറിൽ 135 റൺസിന് ഓൾഔട്ടായി മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ വിജയലക്ഷ്യം 37 ഓവറിൽ 130 റൺസായി പുനർനിശ്ചയിച്ചു. തകർത്തടിച്ച ഇന്ത്യൻ സംഘം വെറും 13.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇതോടെ ഗ്രൂപ്പ് ബിയിൽ മൂന്നു മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സൂപ്പർ സിക്‌സിലെത്തി.

ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും വൈഭവ് സൂര്യവംശിയുടെയും മിന്നലാക്രമണമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. 27 പന്തിൽ നിന്ന് ആറു സിക്‌സും രണ്ട് ഫോറുമടക്കം 53 റൺസെടുത്ത മാത്രെയാണ് ടോപ് സ്‌കോറർ. 23 പന്തുകൾ നേരിട്ട വൈഭവ് 40 റൺസെടുത്തു. മൂന്ന് സിക്‌സും രണ്ട് ഫോറുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്‌സ്. രണ്ടാം വിക്കറ്റിൽ 39 പന്തിൽ നിന്ന് ഇരുവരും ചേർന്നെടുത്ത 76 റൺസ് കൂട്ടുകെട്ടാണ് വിജയത്തിൽ നിർണായകമായത്. ഓപ്പണർ ആരോൺ ജോർജിനെ (7) ഇന്ത്യയ്ക്ക് വേഗം നഷ്ടമായിരുന്നു. വിഹാൻ മൽഹോത്ര (17*), വേദാന്ത് ത്രിവേദി (13*) എന്നിവർ പുറത്താകാതെ നിന്നു.

Signature-ad

നേരത്തേ 29 റൺസിന് നാലു വിക്കറ്റ് വീഴ്ത്തിയ ആംബ്രിഷും 23 റൺസിന് മൂന്നു വിക്കറ്റെടുത്ത ഹെനിൽ പട്ടേലും ചേർന്നാണ് കിവീസ് ഇന്നിങ്‌സ് 135 റൺസിൽ അവസാനിപ്പിച്ചത്. മുൻനിര തകർന്നപ്പോൾ എട്ടാം വിക്കറ്റിലെ സെൽവിൻ സഞ്ജയ് – കല്ലം സാംസൺ കൂട്ടുകെട്ടാണ് കിവീസിനെ 100 കടക്കാൻ സഹായിച്ചത്. 57 പന്തിൽ നിന്ന് ഈ സഖ്യം 53 റൺസ് ചേർത്തു. 48 പന്തിൽ നിന്ന് 37 റൺസെടുത്ത സാംസണാണ് ടീമിന്റെ ടോപ് സ്‌കോറർ. സെൽവിൻ 30 പന്തിൽ നിന്ന് 28 റൺസെടുത്തു. 47 പന്തിൽ നിന്ന് 23 റൺസെടുത്ത ജേക്കബ് കോട്ടറാണ് മറ്റൊരു പ്രധാന സ്‌കോറർ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: