Breaking NewsKeralaLead NewsNEWS

ബസിൽ അങ്ങനെയൊരു സംഭവം നടന്നത് അറിയില്ല, ആരും പരാതിപ്പെട്ടിട്ടുമില്ല…എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അപ്പോൾ തന്നെ പോലീസിനെ അറിയിക്കുമായിരുന്നു- വടകര പോലീസിനു പിന്നാലെ യുവതിയുടെ ആരോപണങ്ങൾ തള്ളി അൽ അമീൻ ബസ് ജീവനക്കാർ, ബസിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസ്, ദൃശ്യങ്ങൾ കൈമാറരുതെന്ന് നിർദേശം

കണ്ണൂർ: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ ബസിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസ്. രാമന്തളി– പയ്യന്നൂർ റൂട്ടിൽ ഓടുന്ന അൽ അമീൻ ബസിൽ വച്ചാണ് യുവതി വീഡിയോ ചിത്രീകരിച്ചത്. ഈ ബസിലെ സിസിടിവി ദൃശ്യങ്ങൾ എടുത്തുവയ്ക്കണമെന്നും മറ്റാർക്കും കൈമാറരുതെന്നും പോലീസ് നിർദേശം നൽകിയിട്ടുണ്ടെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ഇന്ന് തന്നെ പോലീസ് എത്തി ദൃശ്യം ശേഖരിക്കുമെന്നാണ് വിവരം.

ഇതിനിടെ യുവതിയുടെ ആരോപണം ബസ്ബ ജീവനക്കാർ തള്ളി. ബസിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായതായി അറിവില്ലെന്ന് ബസ് കണ്ടക്ടർ രാമകൃഷ്ണൻ പറഞ്ഞു. ‘‘വീഡിയോ പ്രചരിച്ചതിനു പിന്നാലെ എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് ബസിന്റെ മുതലാളി ചോദിച്ചിരുന്നു. ഇല്ലെന്നാണ് പറഞ്ഞത്. പിന്നീട് മുതലാളി വീഡിയോ അയച്ചു തന്നു. വീഡിയോയിൽ ബസിന്റെ സീറ്റും സീലിങ്ങും കണ്ടപ്പോഴാണ് നമ്മുടെ ബസാണെന്ന് മനസിലായത്. അതുവരെ ബസിൽ അത്തരമൊരു സംഭവം നടന്നതിനെക്കുറിച്ച് അറിയില്ലായിരുന്നു.

Signature-ad

അതേസമയം നല്ല തിരക്കുള്ള സമയമായതിനാൽ സിസിടിവി ദൃശ്യങ്ങളിൽ ഇങ്ങനെ ഒരു സംഭവം വ്യക്തമല്ലെന്നാണ് മനസിലാകുന്നത്. ബസിൽ ആരും പരാതിപ്പെട്ടിട്ടില്ല. പോലീസ് എയ്ഡ് പോസ്റ്റിനടുത്ത് ആളെ ഇറക്കിയിരുന്നു. ഹോം ഗാർഡും ഉണ്ടായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അപ്പോൾ തന്നെ പോലീസിനെ അറിയിക്കുമായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരുമിച്ച് നിരവധിപ്പേർ കയറുന്നതിനാൽ വ്യക്തികളുടെ മുഖം ഓർത്തിരിക്കാൻ സാധിക്കില്ല’’– കണ്ടക്ടർ രാമകൃഷ്ണൻ പറഞ്ഞു.

പയ്യന്നൂരിലെ ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ചതിനെതുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കാണ് ശനിയാഴ്ച ആത്മഹത്യ ചെയ്തത്. സംഭവത്തിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സമൂഹ മാധ്യമത്തിലെ റീച്ചിന് വേണ്ടിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നാണ് ആരോപണം. പോലീസ് കേസെടുത്തതിനു പിന്നാലെ കോഴിക്കോട് സ്വദേശിനിയായ ഷിംജിത മിസ്സിങ്ങാണ്. ഇവർക്കായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: