ലൈംഗികാതിക്രമ ആരോപണം നേരിട്ട യുവാവ് ആത്മഹത്യ ചെയ്ത സംഭവം; യുവതിയുടെ മൊഴിയെടുക്കും; സോഷ്യല്‍ മീഡിയയില്‍ യുവതിക്കു രൂക്ഷ വിമര്‍ശനം; വീഡിയോയും ഡിലീറ്റ് ചെയ്തു; പോലീസില്‍ പരാതി നല്‍കാത്ത സാഹചര്യം പരിശോധിക്കും

സ്വകാര്യ ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണം ഉന്നയിച്ച യുവതിയുടെ മൊഴിയെടുക്കാന്‍ പൊലീസ്. ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്ന ബസ് ജീവനക്കാരുടെയും മൊഴിയെടുക്കും. പൊലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കും. യുവതിക്കും ആത്മഹത്യ ചെയ്ത യുവാവിനും വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിലെ പൊലീസിന്റെ വിലയിരുത്തല്‍. യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശിയും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
ഗോവിന്ദപുരത്തെ സെയില്‍സ് മാനേജറായ യുവാവ് ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ യാത്രക്കിടെയാണ് ആരോപണം വന്നത്. തിരക്കുള്ള ബസില്‍വച്ച് ലൈംഗികാതിക്രമം കാണിച്ചെന്നാരോപിച്ച് യുവതി വീഡിയോ പകര്‍ത്തിയിരുന്നു. ഈ വിഡിയോക്കെതിരെ ആദ്യംമുതല്‍ തന്നെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നിരുന്നത്. സംഭവത്തില്‍ ഇയാള്‍ വലിയ മാനസികപ്രയാസത്തിലായിരുന്നുവെന്ന് കുടുംബവും സുഹൃത്തുക്കളും പറയുന്നു.
അതേസമയം യുവതി ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ശരീരത്തില്‍ തെറ്റായ ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചതിനാലാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് യുവതി ആവര്‍ത്തിച്ചത്. പയ്യന്നൂര്‍ വച്ചായിരുന്നു സംഭവമെന്നും വടകര പൊലീസില്‍ വിവരമറിയിച്ചിരുന്നുവെന്നും യുവതി പറയുന്നു. വീഡിയോ പകര്‍ത്തുന്നത് യുവാവ് കണ്ടതോടെയാണ് ഇയാള്‍ ബസില്‍ നിന്നിറങ്ങി വേഗത്തില്‍ നടന്നുപോയതെന്നും യുവതി പറയുന്നു. യുവാവിന്റെ മരണത്തിനു പിന്നാലെയും കടുത്ത വിമര്‍ശനമാണ് യുവതിക്കെതിരെ ഉയര്‍ന്നത്. തുടര്‍ന്ന് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമില്‍ നിന്നും ഈ വിഡിയോ അടക്കം യുവതി ഡിലീറ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.
വീഡിയോ തെളിവായി ഉപയോഗിക്കുകയും പോലീസിനു കൈമാറുകയുമായിരുന്നു വേണ്ടതെന്നും മറിച്ച് സോഷ്യല്‍ മീഡിയ അറ്റന്‍ഷനുവേണ്ടി ഇത്തരം കാര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സ്വാഭാവിക നീതിയാണ് ഒരാള്‍ക്കു നിഷേധിക്കുന്നതെന്നും സോഷ്യല്‍മീഡിയയിലെ വിമര്‍ശനങ്ങളില്‍ പറയുന്നു.
ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്കു നേരെ ഉണ്ടാകുന്ന ശാരീരികാക്രമണങ്ങളെ പറ്റി കാലങ്ങളായി നമ്മള്‍ ചര്‍ച്ച ചെയുന്നുണ്ടെന്നും പ്രതികരണശേഷിയുടെ വികലമായ അനുകരണമാണ് ഇപ്പോള്‍ നടന്നതെന്നു ഡോക്ടര്‍ മനോജ് വെള്ളനാട് പറഞ്ഞു. അതിക്രമങ്ങള്‍ക്കെതിരേ പ്രതികരിച്ചതിന്റെയും പ്രതികരിക്കാന്‍ പറ്റാതെ പോയതിന്റെയും അതുണ്ടാക്കിയ ട്രോമയുടെയും കഥകള്‍ ധാരാളം കേട്ടിട്ടുണ്ട്. ഇന്നിപ്പോള്‍ അത്തരം അനുഭവങ്ങള്‍ കുറവാണ്. കുറയാന്‍ കാരണം ഭയം തന്നെയാണ്. പ്രതികരണ ശേഷിയുള്ള സ്ത്രീകളെയും ചെയ്യുന്ന പ്രവൃത്തിയുടെ ഫോട്ടോയും വീഡിയോയും പ്രചരിച്ചാലുള്ള അപമാനത്തെയും ഭയക്കുന്നത് കൊണ്ട്. ഇതൊന്നും ബാധകമല്ലാത്ത സവാദിനെ പോലുള്ളവരെ പൂട്ടിയിടുക മാത്രമേ വഴിയുള്ളൂ.
എന്നാല്‍ ആ പ്രതികരണ ശേഷിയുടെ വളരെ വികലമായ അനുകരണമാണ് തിരക്കുള്ള ബസില്‍ പരസ്പരം തൊട്ടുകൊണ്ട് അടുത്തിരിക്കുന്ന / നില്‍ക്കുന്ന മനുഷ്യന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്ത് അപമാനിക്കുന്നത്. തീര്‍ച്ചയായും അത്തരം കണ്ടന്റുകള്‍ക്ക് ആളുകൂടും. ഒരുതരം ‘റേജ് ബെയ്റ്റ്’. പക്ഷെ ലൈക്കുകള്‍ക്കും ഷെയറുകള്‍ക്കും വേണ്ടിയുള്ള ‘കണ്ടന്റ് ക്രിയേഷന്‍’ ഒരു മനുഷ്യന്റെ അന്തസ്സിനെക്കാളും ജീവിതത്തെക്കാളും വലുതാകുന്ന കാഴ്ച ഭയാനകമാണ്.
ഒന്നുരണ്ടാഴ്ച മുമ്പും സമാനമായ ഒരു വീഡിയോ കണ്ടിരുന്നു. ഒരു സീറ്റില്‍ അടുത്തടുത്ത് ഇരിക്കുന്ന പെണ്‍കുട്ടിയും പുരുഷനും. അതിലും കുറ്റം ആരോപിക്കപ്പെടുന്നയാള്‍ പോലും ശ്രദ്ധിക്കാത്ത സ്വാഭാവികമായ സ്പര്‍ശം പോലെയാണ് കുറ്റപത്രമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോയില്‍ തോന്നിയത്. കണ്ടവരെല്ലാം വീഡിയോ എടുത്തയാളെ വിമര്‍ശിച്ചപ്പോള്‍ അത് ഡിലീറ്റ് ചെയ്‌തെന്ന് തോന്നുന്നു. ഇങ്ങനെ മറ്റൊരാളുടെ മുഖത്തേക്ക് ക്യാമറ തുറന്ന് വെച്ച് ആരെയും എപ്പോഴും കുറ്റവാളിയാക്കാം എന്ന ഹീനമായ പ്രവണത ശരിക്കും നിയന്ത്രിക്കപ്പെടേണ്ടതാണ്. കേസെടുക്കേണ്ടതാണ്.
പെര്‍വെര്‍ട്ടുകള്‍ ധാരാളമുണ്ട് ചുറ്റും. അവര്‍ ബസിലും ട്രെയിനിലും എല്ലായിടത്തും ഉണ്ട്. മോശം അനുഭവം ഉണ്ടായാല്‍ തീര്‍ച്ചയായും പ്രതികരിക്കുകയും വേണം. പക്ഷെ അത് നിരപരാധികളുടെ അന്തസ് ഹനിച്ചു കൊണ്ടാവരുത്. ഇനി സംശയമുണ്ടെങ്കില്‍ തന്നെ വീഡിയോ എടുത്ത് ഇന്‍സ്റ്റയില്‍ ഇടുന്നതല്ല ശരിയായ പ്രതികരണം. അതിനും മുമ്പ് ചെയ്യാന്‍ പലതും ഉണ്ടല്ലോ.
അമിതമായ കണ്ടന്റ് ക്രിയേഷന്‍ ഭ്രമവും റീച്ച് ദാഹവും മറ്റൊരുതരം പെര്‍വെര്‍ഷനാണ്. ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കുന്നത്, ഒടുക്കം പുലി വരുന്നേ പുലി കഥയിലെ പോലെ ആയിത്തീരാനാണ് സാധ്യത. യഥാര്‍ത്ഥത്തില്‍ പുലി വരുമ്പോള്‍ കൂടെ നില്‍ക്കാന്‍ ആരും കാണില്ലെന്നും അദ്ദേഹം പറഞ്ഞു.






