Breaking NewsCrimeIndiaLead NewsNEWS

ഗർഭാശയത്തിന് ഉൾപ്പെടെ ​ഗുരുതര പരുക്ക്, അണുബാധ… നീതിക്കായി പോരാടിയ രണ്ടര വർഷം, ഒടുവിൽ ദുരിതം നിറഞ്ഞ ജീവിതത്തിൽ നിന്ന് അവൾ വിടചൊല്ലി… മണിപ്പൂരിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു, തനിക്കു നിഷേധിച്ച നീതി ഇനിയും നേടിയെടുക്കാനാകാതെ…

ഇംഫാൽ: മണിപ്പൂർ കലാപത്തിനിടെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട യുവതി മരിച്ചു. ഗുരുതരമായ പരുക്കുകളെ തുടർന്ന് ദീർഘകാലം ചികിത്സയിൽ കഴിഞ്ഞിരുന്ന 20കാരിയാണ് രണ്ടര വർഷത്തെ ദുരിത ജീവിതത്തിനു ശേഷം മരണത്തിനു കീഴടങ്ങിയത്. മണിപ്പൂർ കലാപത്തിനിടെയാണ് മെയ്തേ വിഭാഗക്കാരായ ഒരു സംഘം കുക്കി വിഭാഗത്തിൽ നിന്നുള്ള 18കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. 2023 മെയ് മാസത്തിലായിരുന്നു സംഭവം.

കൂട്ട ബലാത്സം​ഗത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി ഗുവാഹത്തിയിലെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പീഡിപ്പിക്കപ്പെടുമ്പോൾ പെൺകുട്ടിക്ക് 18 വയസ് മാത്രമാണുണ്ടായിരുന്നത്. 2023 ഡിസംബർ 15ന് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ പോവുകയായിരുന്ന യുവതിയെ ആക്രമണകാരികൾ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് യുവതിയെ ആയുധധാരികളായ മറ്റൊരു സംഘത്തിന് കൈമാറുകയും അവിടെവച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു.

Signature-ad

ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി രണ്ടര വർഷക്കാലമായി ചികിത്സയിൽ കഴിയുകയായിരുന്നു. ആദ്യഘട്ടത്തിൽ മണിപ്പൂരിൽ തന്നെ ചികിത്സ നൽകിയെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് ഗുവാഹത്തിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആന്തരിക അവയവങ്ങൾക്കേറ്റ പരുക്കും തുടർച്ചയായ അണുബാധയുമാണ് യുവതിയുടെ മരണത്തിന് കാരണമായത്. ഗർഭാശയത്തിന് ഉൾപ്പെടെ പരുക്കേറ്റ നിലയിലാണ് പെൺകുട്ടിയുണ്ടായിരുന്നത്. മരിക്കുമ്പോൾ പെൺകുട്ടിക്ക് 20 വയസായിരുന്നു

അതേസമയം മെയ്തേയ് വിഭാഗത്തിൽപ്പെട്ട ചില പുരുഷന്മാരിൽ നിന്ന് താൻ നേരിട്ട ക്രൂരതകളെക്കുറിച്ച് യുവതി 2023ൽ തുറന്നുപറഞ്ഞിരുന്നു. കഠിനമായ പരുക്കുകളോടെ രക്ഷപ്പെട്ട യുവതിക്ക് സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിനാൽ പീഡനം നടന്ന് രണ്ട് മാസത്തിനു ശേഷമായിരുന്നു പോലീസിൽ പരാതി നൽകാനായത്.

കറുത്ത ഷർട്ട് ധരിച്ച നാല് സായുധർ തന്നെ കുന്നിൻ പ്രദേശത്തേക്ക് കൊണ്ടുപോയെന്നും അവരിൽ മൂന്ന് പേർ ചേർന്ന് പീഡിപ്പിച്ചെന്നും പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. കലാപസമയത്ത് ആയുധമെടുത്ത അരമ്പായ് തെംഗോൾ എന്ന മെയ്തേയ് ഗ്രൂപ്പിലെ അംഗങ്ങളാണ് കറുത്ത ഷർട്ട് ധരിക്കുന്നത്. മീര പൈബി അംഗങ്ങളാണ് പെൺകുട്ടിയെ മെയ്തേയ് പുരുഷന്മാർക്ക് കൈമാറിയതെന്ന് കുക്കി സംഘടനകൾ ആരോപിച്ചിരുന്നു.

‘‘ഒരു വെള്ള കാറിൽ നാലുപേർ ചേർന്നാണ് എന്നെ കൊണ്ടുപോയത്. ഡ്രൈവർ ഒഴികെയുള്ള മൂന്നുപേർ എന്നെ ലൈംഗികമായി ഉപദ്രവിച്ചു. രാത്രി മുഴുവൻ എനിക്ക് ഭക്ഷണമോ വെള്ളമോ നൽകിയില്ല. രാവിലെ ശുചിമുറിയിൽ പോകാനെന്ന വ്യാജേന ഞാൻ കണ്ണിലെ കെട്ട് മാറ്റി ചുറ്റും നോക്കി. തുടർന്ന് കുന്നിറങ്ങി ഓടി രക്ഷപ്പെട്ടു. ഒളിച്ചിരുന്ന എന്നെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് സുരക്ഷിത സ്ഥാനത്തെത്തിച്ചത്. അവിടെനിന്ന് അയൽസംസ്ഥാനമായ നാഗാലാൻഡിന്റെ തലസ്ഥാനമായ കോഹിമയിലെ ആശുപത്രിയിലേക്ക് മാറ്റി’’ – യുവതി പറഞ്ഞിരുന്നു. യുവതിയുടെ ഓർമയ്ക്കായി മെഴുകുതിരി തെളിയിക്കൽ ചടങ്ങ് സംഘടിപ്പിക്കുമെന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: