തൊഴിൽ അല്ലെങ്കിൽ ജയിൽ ഇങ്ങ് കേരളത്തിൽ: തമിഴ്നാട്ടിൽ തൊഴിലില്ലെങ്കിൽ ജെല്ലിക്കെട്ട്: ജെല്ലിക്കെട്ട് വിജയികൾക്ക് സർക്കാർ ജോലി: കിടിലൻ പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ : തടവുകാരുടെ വേതനം വർധിപ്പിച്ചതോടെ തൊഴിലില്ലാത്തവർ ജയിലിൽ പോയി കിടക്കുന്നതാണ് നല്ലതെന്ന് കേരളത്തിലുള്ളവർ പറഞ്ഞും ട്രോളിയുമിരിക്കുമ്പോൾ തൊഴിലില്ലെങ്കിൽ ജെല്ലിക്കെട്ട് എന്നാണ് അയൽ സംസ്ഥാനമായ തമിഴ്നാട് പറയുന്നത്.
തമിഴ്നാട്ടിലെ യുദ്ധവീരന്മാരായ ജെല്ലിക്കെട്ട് പോരാളികൾക്ക് ജെല്ലിക്കെട്ടിൽ പങ്കെടുത്ത് വിജയിച്ചാൽ ജോലി കൊടുക്കുമെന്ന സുപ്രധാന പ്രഖ്യാപനമാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നടത്തിയിരിക്കുന്നത്.
മൃഗസംരക്ഷണ വകുപ്പിലാകും ജോലി നൽകുകയെന്നും എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചിട്ടുണ്ട്. അളങ്കാനല്ലൂരിൽ ജല്ലിക്കെട്ട് കാളകൾക്കായി പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിയ്ക്കും. ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചു. അളങ്കാനല്ലൂരിൽ ജെല്ലിക്കെട്ടിൽ ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
തമിഴ്നാടിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.നാടൻ കാളകൾക്ക് ഗുണനിലവാരമുള്ള ചികിത്സയും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കുന്നതിനായി അലങ്കനല്ലൂരിൽ 2 കോടി രൂപ ചെലവിൽ ഒരു അത്യാധുനിക മെഡിക്കൽ, പരിശീലന സൗകര്യം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
പ്രശസ്തമായ അലങ്കനല്ലൂർ മത്സരം കാണുന്നത് ഓരോ തമിഴനെയും അഭിമാനഭരിതനാക്കുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. ദ്രാവിഡ മോഡൽ ഗവൺമെന്റിന്റെ കീഴിൽ സൃഷ്ടിക്കപ്പെട്ട കലൈഞ്ജർ സെന്റിനറി ലൈബ്രറിയും കലൈഞ്ജർ സെന്റിനറി ജെല്ലിക്കെട്ട് അരീനയും അറിവിനോടും പാരമ്പര്യത്തോടുമുള്ള പ്രതിബദ്ധതയുടെ പ്രതീകങ്ങളായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പൊങ്കൽ, പുതുവത്സരാശംസകൾ നേർന്നുകൊണ്ട്, ആവേശഭരിതരായ ജനക്കൂട്ടത്തിന് മുന്നിൽ അർത്ഥവത്തായ പ്രഖ്യാപനങ്ങൾ നടത്തുന്നതിൽ സന്തോഷമുണ്ടെന്ന് എം കെ സ്റ്റാലിൻ കൂട്ടിച്ചേർത്തു.
എന്തായാലും സ്റ്റാലിന്റെ പ്രഖ്യാപനം തമിഴ്നാട്ടിൽ ആകെ ഒരു ഓളം ഉണ്ടാക്കിയിട്ടുണ്ട്.ജെല്ലിക്കെട്ടിലേക്ക് കൂടുതൽ യുവാക്കൾ ആകൃഷ്ടരായി എത്താൻ സാധ്യത കൂടി. പിഎസ്സി പരീക്ഷ എഴുതി സർക്കാർ ജോലി എന്ന സ്വപ്നവുമായി കേരളത്തിൽ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ തൊട്ടപ്പുറത്തെ സംസ്ഥാനത്ത് കാളപ്പോരിൽ ജയിച്ചാൽ ജോലി കിട്ടും എന്ന പ്രഖ്യാപനം കേട്ട് അന്തം വിടുകയാണ്.





