ഇറാന്‍ പ്രക്ഷോഭം ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിനും പരീക്ഷണകാലം; ഖമേനി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് നിഷേധിച്ചപ്പോള്‍ മസ്‌ക് സൗജന്യമാക്കി; സാറ്റലൈറ്റ് ജാമറും സ്പൂഫിംഗും കൊണ്ട് തിരിച്ചടി; സൂക്ഷ്മമായി നിരീക്ഷിച്ച് അമേരിക്കയും ചൈനയും; ആകാശ ഇന്റര്‍നെറ്റ് ഏകാധിപതികളുടെ ഉറക്കം കെടുത്തുന്നു

ന്യൂയോര്‍ക്ക്: ഇറാനില്‍ വിമതര്‍ക്കുനേരെ നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കൊപ്പം പരസ്പരം ആശയവിനിയമം അസാധ്യമാക്കാന്‍ ഇന്റര്‍നെറ്റ് ബ്ലാക്കൗട്ടുകളും രൂക്ഷമാണ്. പ്രധാനപ്പെട്ട ഇടങ്ങളിലൊന്നും ഇന്റര്‍നെറ്റ് ലഭ്യമല്ല. ഫോണ്‍ നെറ്റ്‌വര്‍ക്കിനൊപ്പം ഇന്റര്‍നെറ്റുകൂടി നിരോധിച്ചതോടെ ലോകമെമ്പാടും ഉപഗ്രഹങ്ങളിലൂടെ ഇന്റര്‍നെറ്റ് എത്തിക്കുന്ന ഇലോണ്‍ മസ്‌കിന്റെ പദ്ധതിയുടെ ഏറ്റവും വലിയ പരീക്ഷണശാലയായും ഇറാന്‍ മാറി.
ഇറാനില്‍ മസ്‌കിന്റെ ‘സ്റ്റാര്‍ലിങ്കി’ന് നിരോധനമുണ്ടെങ്കിലും വിവിധ മേഖലകളില്‍ കടന്നു കയറിയിട്ടുണ്ട്. സാറ്റലൈറ്റ് ജാമറുകളും ഇന്റര്‍നെറ്റ് സ്പൂഫിംഗും അടക്കം ഉപയോഗിച്ച് ഇറാന്‍ ചെറുക്കാനുള്ള ശ്രമങ്ങളും നടത്തുന്നു. ടവറുകളില്‍നിന്നുള്ള സിഗ്നലുകള്‍ക്കു പകരം മണിക്കൂറില്‍ നൂറുകണക്കിനു കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളില്‍നിന്ന് ആയതിനാല്‍ സ്റ്റാര്‍ലിങ്കിനെ ഫലപ്രദമായി പ്രതിരോധിക്കാനും ഇറാനു കഴിഞ്ഞിട്ടില്ല.
മുമ്പ് യുക്രൈന്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തിലാണ് സ്റ്റാര്‍ലിങ്ക് വ്യാപകമായി ചര്‍ച്ചയായത്. നിലവില്‍ ഭരണകൂടങ്ങളുടെ ‘ഇന്റര്‍നെറ്റ്’ വിലക്കിനെതിരായ പ്രധാന അതിജീവനമാര്‍ഗമായി സ്റ്റാര്‍ലിങ്ക് മാറി. സ്റ്റാര്‍ലിങ്കിന്റെ ഉടമസ്ഥരായ സ്‌പേസ് എക്‌സ്, ഈ ആഴ്ച ആദ്യം ഇറാനികള്‍ക്കായി ഉപഗ്രഹ സേവനം സൗജന്യമാക്കിയിരുന്നു. ഇതോടെ മസ്‌കിന്റെ കമ്പനി മറ്റൊരു ആഗോള സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദുവായി മാറി. അമേരിക്ക ആസ്ഥാനമായുള്ള എഞ്ചിനീയര്‍മാരും സാറ്റലൈറ്റ് ജാമറുകളും സിഗ്‌നലുകള്‍ തടസ്സപ്പെടുത്തുന്ന തന്ത്രങ്ങളുമുള്ള ഒരു പ്രാദേശിക ശക്തിയും തമ്മിലുള്ള പോരാട്ടമാണ് ഇറാനില്‍ നടക്കുന്നതെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു.
സ്റ്റാര്‍ലിങ്കിനെതിരെയുള്ള ഇറാന്റെ ആക്രമണങ്ങളെ സ്‌പേസ് എക്‌സ് എങ്ങനെ പ്രതിരോധിക്കുന്നു എന്നത് യുഎസ് സൈന്യവും രഹസ്യാന്വേഷണ ഏജന്‍സികളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സൈന്യത്തിനായി മാത്രം ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടുള്ള കൂടുതല്‍ ശക്തിയേറിയ ‘സ്റ്റാര്‍ഷീല്‍ഡ്’ എന്ന പദ്ധതിയും മസ്‌കിനുണ്ട്. ഇത് നിലവില്‍ സൈന്യത്തിനു മാത്രമാണ് ലഭ്യം. ഭാവിയില്‍ സ്റ്റാര്‍ലിങ്കിന് വെല്ലുവിളിയുയര്‍ത്തുന്ന പദ്ധതിയുമായി മുന്നോട്ടു പോകുന്ന ചൈനയും ഇത് നിരീക്ഷിക്കുന്നുണ്ട്.
സ്‌പേസ് എക്‌സ് ഈ വര്‍ഷം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നതിനാല്‍, ഇറാനിലെ സാഹചര്യം നിക്ഷേപകര്‍ക്ക് മുന്നിലുള്ള ഒരു വലിയ പരീക്ഷണം കൂടിയാണ്. ‘ബഹിരാകാശത്തിലൂടെയുള്ള വാര്‍ത്താവിനിമയ ചരിത്രത്തിന്റെ ആദ്യഘട്ടത്തിലാണ് നമ്മള്‍ ഇപ്പോള്‍. സ്‌പേസ് എക്‌സ് മാത്രമാണ് ഇത്ര വലിയ തോതില്‍ സേവനം നല്‍കുന്ന ഏക കമ്പനി’- മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥനായ ജോണ്‍ പ്ലംബ് പറഞ്ഞു. ‘ആശയവിനിമയം തടയാമെന്ന് ഇത്തരം അടിച്ചമര്‍ത്തല്‍ ഭരണകൂടങ്ങള്‍ ഇപ്പോഴും കരുതുന്നു. എന്നാല്‍ അത് സാധ്യമല്ലാത്ത ഒരു കാലം വരികയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്റ്റാര്‍ലിങ്ക്
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇറാനിലെ പ്രതിഷേധങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അടിച്ചമര്‍ത്തലിന്റെ പൂര്‍ണരൂപം അറിയാന്‍ പ്രയാസമാണ്. കേബിള്‍, സെല്‍ഫോണ്‍ ടവര്‍ ശൃംഖലകളെ അപേക്ഷിച്ച് സ്റ്റാര്‍ലിങ്കിനെ തടസപ്പെടുത്തുന്നത് ഇറാന്‍ ഭരണകൂടത്തിന് ബുദ്ധിമുട്ടാണ്. അതിനാല്‍ തത്സമയ വിവരങ്ങള്‍ ഡോക്യുമെന്റ് ചെയ്യുന്നതില്‍ സ്റ്റാര്‍ലിങ്ക് നിര്‍ണായകമായി.
ഇറാനില്‍ കൊല്ലപ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ നിരവധി വീഡിയോകള്‍ തങ്ങള്‍ പരിശോധിച്ചുവെന്നും അവയില്‍ ഭൂരിഭാഗവും സ്റ്റാര്‍ലിങ്ക് വഴി അയച്ചതാണെന്ന് കരുതുന്നതായും ആംനസ്റ്റി ഇന്റര്‍നാഷണലിലെ റഹ ബഹ്റൈനി പറഞ്ഞു. ഇറാനില്‍ സ്റ്റാര്‍ലിങ്ക് നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പതിനായിരക്കണക്കിന് ടെര്‍മിനലുകള്‍ രാജ്യത്തേക്ക് കടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാര്‍ലിങ്ക് സംവിധാനത്തെ അട്ടിമറിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ നിരീക്ഷിക്കാന്‍ സ്‌പേസ് എക്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി ‘ഹോളിസ്റ്റിക് റെസിലിയന്‍സ്’ എന്ന സംഘടന അറിയിച്ചു.
ഒരു ലാപ്‌ടോപ്പിന്റെയോ പിസ ബോക്‌സിന്റെയോ വലിപ്പത്തിലുള്ള ചെറിയ ഡിഷ് ആന്റിനകളാണ് സ്റ്റാര്‍ലിങ്കിന്റേത്. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഐക്യരാഷ്ട്രസഭയിലെ ഇറാനിയന്‍ പ്രതിനിധികള്‍ തയ്യാറായില്ല. ‘വിദേശത്തുനിന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്’ എന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി അല്‍ ജസീറയോട് പറഞ്ഞത്.
ജാമറുകളും വ്യാജ ജിപിഎസ് സിഗ്‌നലുകളും
യുദ്ധസമയങ്ങളിലും വിദൂര പ്രദേശങ്ങളിലും ആശയവിനിമയത്തിനുള്ള നിര്‍ണായക ഉപാധിയായി ബഹിരാകാശത്ത് നിന്നുള്ള ആദ്യത്തെ വലിയ ഇന്റര്‍നെറ്റ് ശൃംഖലയായ സ്റ്റാര്‍ലിങ്ക് മാറിയിരിക്കുന്നു. 2024-ല്‍ സ്‌പേസ് എക്‌സിന് 15 ബില്യണ്‍ ഡോളര്‍ വരുമാനം നേടിക്കൊടുത്ത ഈ ശൃംഖല, മസ്‌കിന്റെ ആഗോള സ്വാധീനം വര്‍ദ്ധിപ്പിച്ചു. 2022-ല്‍ റഷ്യന്‍ സേനയ്‌ക്കെതിരെ പോരാടുന്ന യുക്രെയ്ന്‍ സൈന്യം ഇത് എങ്ങനെ, എവിടെ ഉപയോഗിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്ന് മസ്‌ക് പറഞ്ഞിരുന്നു.
ഭൂമിക്ക് മുകളില്‍ മണിക്കൂറില്‍ ഏകദേശം 17,000 മൈല്‍ (27,360 കി.മീ) വേഗതയില്‍ സഞ്ചരിക്കുന്ന 10,000-ത്തോളം ലോ-ഓര്‍ബിറ്റ് ഉപഗ്രഹങ്ങള്‍ ഉള്ളതിനാല്‍, സ്റ്റാര്‍ലിങ്ക് സിഗ്‌നലുകളെ കണ്ടെത്താനോ തടസപ്പെടുത്താനോ പ്രയാസമാണ്. ഒരു നിശ്ചിത പ്രദേശത്തിന് മുകളില്‍ സ്ഥിരമായി നില്‍ക്കുന്ന പരമ്പരാഗത സാറ്റലൈറ്റ് സംവിധാനങ്ങളേക്കാള്‍ സുരക്ഷിതമാണിത്.
സ്റ്റാര്‍ലിങ്ക് സിഗ്‌നലുകളെ തടയാന്‍ ഇറാന്‍ സാറ്റലൈറ്റ് ജാമറുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ, സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകളെ ആശയക്കുഴപ്പത്തിലാക്കാനും പ്രവര്‍ത്തനരഹിതമാക്കാനും ഇറാന്‍ ‘സ്പൂഫിംഗ്’ ( വ്യാജ ജിപിഎസ് സിഗ്‌നലുകള്‍ അയക്കുന്ന രീതി) പരീക്ഷിക്കുന്നതായും ബ്രിട്ടന്‍ ആസ്ഥാനമായുള്ള സൈബര്‍ അന്വേഷകന്‍ നരിമാന്‍ ഗരീബ് ചൂണ്ടിക്കാട്ടി. ഇത് ഇന്റര്‍നെറ്റ് വേഗത കുറയ്ക്കുമെന്നും ടെക്സ്റ്റ് മെസേജുകള്‍ അയക്കാന്‍ കഴിഞ്ഞേക്കാമെങ്കിലും വീഡിയോ കോളുകള്‍ അസാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകള്‍ കണ്ടെത്താന്‍ ശ്രമം
ഇറാനില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെങ്കിലും, തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ സ്റ്റാര്‍ലിങ്കിന്റെ സാന്നിധ്യം മസ്‌ക് പലതവണ സ്ഥിരീകരിച്ചിട്ടുണ്ട്. 2022 ഡിസംബറില്‍ മഹ്‌സ അമിനിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കിടയില്‍, ഏകദേശം 100 സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകള്‍ ഇറാനില്‍ സജീവമാണെന്ന് മസ്‌ക് പോസ്റ്റ് ചെയ്തിരുന്നു.
ജൂണില്‍ ഇറാനും ഇസ്രായേലും തമ്മില്‍ നടന്ന 12 ദിവസത്തെ യുദ്ധത്തിന് പിന്നാലെ, സ്റ്റാര്‍ലിങ്ക് നിരോധിച്ചുകൊണ്ട് ഇറാന്‍ പാര്‍ലമെന്റ് നിയമം പാസാക്കി. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും കടുത്ത ശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
കൂടാതെ, സ്റ്റാര്‍ലിങ്ക് അന്താരാഷ്ട്രതലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അമേരിക്കയോടും നോര്‍വേയോടും ഈ സേവനം തടയാന്‍ ആവശ്യപ്പെടണമെന്ന് ഇറാന്‍ ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബറില്‍ നടന്ന യോഗത്തില്‍, തങ്ങള്‍ക്കുതന്നെ ഈ ടെര്‍മിനലുകള്‍ കണ്ടെത്താനും പ്രവര്‍ത്തനരഹിതമാക്കാനും ബുദ്ധിമുട്ടാണെന്ന് ഇറാന്‍ സമ്മതിച്ചിരുന്നു.







