ഹിസ് ഹൈനസ് അബ്ദുള്ളയിലെ രാധ ഇനി സ്ഥാനാർത്ഥി : നടി ഗൗതമി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു : അണ്ണാ ഡിഎംകെയുടെ രാജപാളയം സ്ഥാനാർത്ഥിയാകാൻ സാധ്യത

ചെന്നൈ: ഹിസ് ഹൈനസ് അബ്ദുള്ള ഉൾപ്പെടെയുള്ള സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടി ഗൗതമി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു.
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ രാജപാളം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ഗൗതമിയുടെ പേര് ഏറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട് . ഏറെ നാളായി മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും ഇക്കാര്യം അണ്ണാ ഡിഎംകെ അറിച്ചിട്ടുണ്ടെന്നും ഗൗതമി മാധ്യമങ്ങളോട് പറഞ്ഞു.
രാജപാളയത്ത് മത്സരിക്കാൻ താത്പര്യമുള്ള കാര്യം പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. കുറേവർഷമായി അവിടെ മത്സരിക്കാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി അത് നിറവേറ്റിത്തരുമെന്ന് ഗൗതമി പറഞ്ഞു.
നിലവിൽ അണ്ണാ ഡിഎംകെയുടെ പ്രചാരണവിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയാണ് ഗൗതമി. ബിജെപിയിലായിരുന്ന ഗൗതമി കഴിഞ്ഞവർഷമാണ് അണ്ണാ ഡിഎംകെയിൽ ചേർന്നത്.
ഹിസ് ഹൈനസ് അബ്ദുള്ളയ്ക്ക് പുറമേ ധ്രുവം, സുകൃതം, വിദ്യാരംഭം, അയലത്തെ അദ്ദേഹം, ചുക്കാൻ, ജാക്ക്പോട്ട്, ഡാഡി തുടങ്ങിയ സിനിമകളിലൂടെ ഗൗതമി മലയാളികൾക്കും പ്രിയപ്പെട്ട നടിയാണ്.
സിനിമാതാരങ്ങൾ രാഷ്ട്രീയം വാഴുന്ന തമിഴകത്ത് ഇനി ഗൗതമിയും രാഷ്ട്രീയ നായികയായി ഉയരാൻ ഒരുങ്ങുകയാണ്.






